2019 ലോകസഭ തിരഞ്ഞെടുപ്പിൽ റായ്ബറെയ്‌ലിയിലെ ഗോദയിൽ പ്രിയങ്ക ഗാന്ധി വധ്‌ര രംഗത്തിറങ്ങുമോ? മേയിൽ കർണാടക അസംബ്ലി തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പടയൊരുക്കാൻ പ്രചാരണവേദിയിലെങ്കിലും അവരെത്തുമോ? രാഷ്ട്രീയത്തിനെന്താ ഫാഷൻ പേജിൽ കാര്യമെന്നു ചോദിക്കരുത് , അതു പ്രിയങ്കയെക്കുറിച്ചാകുമ്പോൾ.
രാഹുൽ അല്ല എന്റെ നേതാവ്, പ്രിയങ്ക സജീവമാകാൻ കാത്തിരിക്കുകയാണു ഞാൻ എന്നു പറഞ്ഞ ഹർദിക് പട്ടേലിനെപ്പോലെയാണു ഫാഷൻ ലോകം. 2012ൽ പ്രിയങ്ക പ്രചരണത്തിനിറങ്ങിയപ്പോൾ വാർത്തകളിലും ചാനൽ ചർച്ചകളിലും നിറഞ്ഞത് അവർ പറഞ്ഞ രാഷ്ട്രീയമല്ല , ധരിച്ച വസ്ത്രങ്ങളാണ്. പ്രിയങ്കയെ അന്നു ഫാഷൻലോകം ഒറ്റക്കെട്ടായി വിളിച്ചത് – പവർ ഡ്രസർ.
തിരഞ്ഞെടുപ്പു യോഗങ്ങളിൽ കോട്ടൺ സാരിയിലും കയ്യിലേക്കു വിടർത്തിട്ട പല്ലുവിലും പ്രത്യക്ഷപ്പെട്ട പ്രിയങ്ക പോളിങ് ബൂത്തിലെത്തിയത് അൾട്രാ മോഡേൺ വേഷത്തിൽ. പ്രചരണ വേളയിലെ ചൂടും പൊടിയും നേരിടാൻ മാത്രമല്ല അവർ കോട്ടൺ സാരി ധരിച്ചത്. മുത്തശി ഇന്ദിരാഗാന്ധിയുടെ സാരികളിൽ ജനമനസുകളിലേക്കു നേരിട്ടുള്ള എൻട്രിയാണ് ലക്ഷ്യം വച്ചത്. എന്നാൽ പോളിങ് ദിനത്തിലെ ടൈറ്റ് ജീൻസും ടീഷർട്ടും പുതുതല വോട്ടർമാര്‍ക്കൊപ്പമെന്ന സന്ദേശവും.
പവർ ഡ്രസിങ് രാഷ്ട്രീയത്തിലേക്കെത്തിച്ചതും ജനകീയമാക്കിയതും പ്രിയങ്ക വധ്‌രയാണെന്നു ഫാഷനിസ്റ്റകള്‍.
ഡ്രസിങ് പവർ
കോർപറേറ്റ് മേഖലയുമായി ബന്ധപ്പെട്ടാണ് പവർ ഡ്രസിങ്ങിന്റെ രംഗപ്രവേശം. ഫോർമൽ വെയര്‍ രംഗത്തു പാശ്ചാത്യ മാതൃകയിൽ സ്യൂട്ട്, ഷർട്സ്, പാന്റ്സ് എന്നിങ്ങനെ വിരലിലെണ്ണാവുന്ന തിരഞ്ഞെടുപ്പുകൾ മാത്രമാണ് ആദ്യകാലത്ത് ലഭ്യമായിരുന്നത്. അതു തന്നെ സ്ത്രീകൾക്കു പ്രത്യേകമായി വേഷങ്ങളില്ലാതെ പുരുഷന്മാരും ഉപയോഗിച്ചിരുന്ന അതേ പാറ്റേണും രീതികളും മാത്രം. എന്നാൽ പിന്നീട് കൂടുതൽ ഫെമിനിൻ സ്റ്റൈലുകൾ പിന്നീടെത്തി. പെൻസിൽ സ്കർടും ഫ്രോക്കും മുതൽ സാരി വരെ ഇന്ന് പവർ ഡ്രസിങ് വിഭാഗത്തിലുണ്ട്.
ഫെമിനിൻ സ്റ്റൈൽ
ഫോർമൽ ഡ്രസുകൾക്കു മാത്രമായുള്ള രാജ്യാന്തര ബ്രാൻഡുകൾ പോലും കോർപറേറ്റ് വർക്ക് വെയർ കലക്ഷനുകളിൽ ഫെമിനിൻ എലമെന്റ് കൂടുതലായി ഉൾപ്പെടുത്തുകയായിപ്പോൾ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ പറയുന്നു. ഡിസൈനർ വസ്ത്രങ്ങളുടെ ഭാഗമായ ‘കേപ്’ സ്റ്റൈലിലുള്ള ബ്ലേസർ അടുത്തിടെ ഒരു രാജ്യാന്തര ബ്രാൻഡ് ലോഞ്ചു ചെയ്തിരുന്നു. ഇതു വലിയൊരു മാറ്റമാണ്. പാന്റ്സ്, പെൻസിൽ സ്കർട്, നീ ലെങ്ത് ഫ്രോക്ക്, ബ്ലേസർ, സാഡിൽ ഷോൾഡർ കാശ്മീരി നിറ്റ്, പോളോ ഫുൾസ്‌ലീവ് ടീഷർട് വരെയുള്ള ഇന്നു വർക്ക്‌വെയറിന്റെ ഭാഗമാണ്. ഏതു വേഷവുമാകട്ടെ അതു പവർ ഡ്രസിങ്ങിലേക്ക് അഡാപ്റ്റ് ചെയ്യാനാകും ഇന്ന്. മാത്രമല്ല, ഇതു പിന്നീട് ഡെക്കറേറ്റീവ് ആയും ഉപയോഗിക്കാം
സാരിക്കുണ്ട് പവർ
പാശ്ചാത്യ വസ്ത്രങ്ങളാണ് പൊതുവേ പവർ ഡ്രസിങ് വിഭാഗത്തിൽ വരുന്നതെങ്കിലും നമ്മുടെ സ്വന്തം സാരിയെയും ഇതിൽ പെടുത്താം. ഇന്ദിരാഗാന്ധിയുടെ വസ്ത്രരീതികൾ പരിശോധിച്ചാലറിയാം അവരുടെ വ്യക്തിതത്വത്തിനു മാറ്റുകൂട്ടിയത് സാരികൾ കൂടിയാണ്. അവർ സാരി ധരിക്കുമ്പോൾ അതു പവർ ഡ്രസിങ്ങല്ലാതെ മറ്റെന്താണ്. ഇന്നു കോർപറേറ്റ് മേഖലയിലെ ഒട്ടേറെപ്പേർ സാരിയെ അതിന്റെ പ്രൗഡിയോടും ഗാംഭീര്യത്തോടും കൂടി വർക്ക്്‌വെയറില്‍ ഉൾപ്പെടുത്തുന്നുണ്ട്. അറം എന്ന തമിഴ് സിനിമയിൽ നയൻതാര അവതരിപ്പിക്കുന്ന കലക്ടർ ധരിക്കുന്നത് നിറം കുറഞ്ഞ കോട്ടൺ സാരികളാണ്. പക്ഷേ ആ കഥാപാത്രത്തിന്റെ പവർ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട് ആ േവഷം.
പവർഫുൾ നയൻസ്
നയൻതാര വളരെ നന്നായി വസ്ത്രം ധരിക്കുന്നയാളാണ്. സിനിമയ്ക്കു പുറത്ത് അവർ കാഷ്വലായി ധരിക്കുന്ന വസ്ത്രങ്ങളില്‍ പോലും പവർഡ്രസിങ് എലമെന്റ് കാണാൻ കഴിയും.
ജനകീയം, സ്വീകാര്യം
ഏതു മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കുന്നവർ സ്വന്തമായ വ്യക്തിത്വത്തോടെയുള്ള വസ്ത്രധാരണം ശീലമാക്കുമ്പോൾ പവർ ഡ്രസിങ്ങിന് പുതിയ മാനം കൈവരുന്നു. ധരിക്കുന്നയാൾക്കും കാണുന്നയാൾക്കും ആത്മവിശ്വാസം നൽകുന്നുവെന്നതാണ് അതിന്റെ പ്രത്യേകതയും. ഏതു വേഷമാകട്ടെ അത് എങ്ങനെ ധരിക്കുന്നുവെന്നതിലാണ് പവർ എലമെന്റ് ചേരുന്നതും.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam