Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്കപ്പില്ലാതെ രൂപമാറ്റം: ജയസൂര്യ മേരിക്കുട്ടിയായത് ഇങ്ങനെ; ആ മേക്കപ്പ്മാന്‍ പറയുന്നു

Jayasurya and Ronex

സിനിമയിൽ ആണ് പെൺവേഷം കെട്ടുന്നതും പെണ്ണ് ആൺവേഷം കെട്ടുന്നതും പലതവണ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും തോന്നാത്ത സ്വാഭാവികതയാണ് ജയസൂര്യ സ്ത്രീവേഷത്തിൽ എത്തിയപ്പോൾ പ്രേക്ഷകര്‍ പങ്കിട്ടത്. അധികം ചമയങ്ങളോ നീണ്ടതലമുടിയോ ചായങ്ങളോ ഇല്ലാതെ തന്നെ ജയസൂര്യ സുന്ദരിപ്പെണ്ണായി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ ജയസൂര്യയുടെ ഗെറ്റ്അപ്പിന്റെ എല്ലാ ക്രെഡിറ്റും മേക്കപ്പ്മാൻ റോണക്സ് സേവ്യറിന് അർഹതപ്പെട്ടതാണ്. വനിതയുടെ കവർപേജിലും മേരിക്കുട്ടി തന്നെയായിരുന്നു ഇത്തവണത്തെ താരം. ജയസൂര്യയെ മേരിക്കുട്ടിയാക്കിയതിനെക്കുറിച്ച് റോണക്സ് മനോരമന്യൂസ്ഡോട്ട്കോമിനോട് സംസാരിക്കുന്നു.

എങ്ങനെയാണ് റോണക്സ് മേരിക്കുട്ടിയിലേക്ക് എത്തുന്നത്?

തീർത്തും അവിചാരിതമായി കിട്ടിയ ഓഫറാണിത്. അവർ കണ്ടുവച്ചിരുന്ന മേക്കപ്പ്മാൻ എന്തോ അസൗകര്യം മൂലം മാറി. ആ ഒഴിവിലേക്കാണ് ഞാൻ എത്തുന്നത്. അതും ഫസ്റ്റ്ലുക്ക് പുറത്തുവിടാൻ തീരുമാനിക്കുന്നതിന്റെ രണ്ടുദിവസം മുന്‍പ്. രണ്ടുദിവസം കൊണ്ടാണ് മേരിക്കുട്ടിയുടെ ലുക്ക് തീരുമാനിക്കുന്നത്.

മേരിക്കുട്ടി എത്രമാത്രം വെല്ലുവിളിയായിരുന്നു?

എനിക്ക് ആലോചിക്കാനുള്ള സമയം പോലും കിട്ടിയിരുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. ഞാൻ ചെന്നപ്പോൾ സാരി ഉടുത്ത് ജയേട്ടൻ മുന്നിൽ വന്നു നിന്നു. ആ രൂപത്തെ അധികം മേക്കപ്പ് ഇല്ലാതെ സ്ത്രീരൂപത്തിൽ ആക്കണമെന്നായിരുന്നു രഞ്ജിത്തേട്ടൻ തന്ന നിർദേശം. മേക്കപ്പില്ലാതെ ജയേട്ടനെ പെണ്ണാക്കുക എന്നുള്ളതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മേരിക്കുട്ടിയെക്കുറിച്ച് കൃത്യമായി രഞ്ജിത്തേട്ടൻ പറഞ്ഞുതന്നതോടെ രൂപം മനസിലേക്ക് വരികയായിരുന്നു. ഇതിനുമുന്‍പ് നിരവധി വർക്കുകൾ ചെയ്തിട്ടുണ്ടെങ്കിലും മേക്കപ്പ്മാൻ എന്ന നിലയിൽ എനിക്ക് പേരുവാങ്ങി തന്ന കഥാപാത്രം കൂടിയാണ് മേരിക്കുട്ടി. 

ആണ് പെണ്ണാകുമ്പോഴുള്ള ക്ലീഷേകളെ ഒഴിവാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നോ?

അങ്ങനെ തീരുമാനിച്ചിരുന്നൊന്നുമില്ല. എങ്കിലും എന്റെ മനസിലുണ്ടായിരുന്നു സ്ഥിരം മേക്കപ്പ് വേണ്ട എന്ന്. ആണ് പെണ്ണായി വേഷംമാറുമ്പോൾ സ്ഥിരം ഉപയോഗിക്കുന്ന ഒന്നാണ് നീണ്ട തലമുടിയും ഓവർ മേക്കപ്പുമൊക്കെ. സിനിമകളിൽ ഇത് ആവർത്തിച്ചിട്ടുള്ളതുകൊണ്ട് ആദ്യമേ തന്നെ നീണ്ടതലമുടി വേണ്ട എന്ന് ഞങ്ങളെല്ലാവരും ഒരേപോലെ തീരുമാനമെടുത്തിരുന്നു. രഞ്ജിത്തേട്ടന്റെ മനസിലെ മേരിക്കുട്ടി എന്ന കഥാപാത്രത്തിന്റെ സൗന്ദര്യം അവരുടെ വ്യക്തിത്വമാണ്. ആ സൗന്ദര്യം പ്രതിഫലിപ്പിക്കാൻ ഒരുപാട് മേക്കപ്പിന്റെ ആവശ്യമില്ല. മിനിമൽ മേക്കപ്പ് ഉപയോഗിച്ചാണ് ജയേട്ടനെ മേരിക്കുട്ടിയാക്കിയത്. 

മേരിക്കുട്ടിയാകാൻ ജയസൂര്യയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

ആണുങ്ങളുടെ സ്കിൻടോണും പെണ്ണുങ്ങളുടെ സ്കിൻടോണും വ്യത്യാസമാണല്ലോ. സ്ത്രീകളുടെ സ്കീൻടോണാക്കാൻ ആദ്യം ചെയ്തത് ശരീരം വാക്സ് ചെയ്യുകയായിരുന്നു. മുഖത്ത് അൽപം പോലും രോമംകാണാതെയിരിക്കാൻ മൂന്നുനേരവും മീശ ത്രഡ് ചെയ്യുമായിരുന്നു. പിന്നെയുള്ളത് പുരികം ത്രഡിങ്ങായിരുന്നു. ജീവൻ പോകുന്ന വേദനയായിരുന്നുവെന്നാണ് ത്രഡിങ്ങിനെക്കുറിച്ചും വാക്സിങ്ങിനെക്കുറിച്ചും  ജയേട്ടൻ പറഞ്ഞത്. ജീവിതത്തിൽ ആദ്യമായിട്ടാണ് അദ്ദേഹം ത്രഡ് ചെയ്യുന്നത്. അതിന്റെ വേദനയുണ്ടായിരുന്നു.

മേരിക്കുട്ടിയാകാൻ ജയേട്ടൻ കാതുകുത്തിയതിന്റെ വിഡിയോ എല്ലാവരും കണ്ടതാണല്ലോ. പിന്നെ ചെയ്തത് അദ്ദേഹത്തിന് ചേർന്ന ഹെയർസ്റ്റൈലും വിഗും തയാറാക്കുകയായിരുന്നു. മേരിക്കുട്ടി എങ്ങനെയാകണം എന്ന ധാരണ മനസിൽ കൃത്യമായി കിട്ടിയതുകൊണ്ട് രണ്ടാമത് ഉപയോഗിച്ച വിഗ് തന്നെ ശരിയായി. അതോടൊപ്പം രണ്ടുകൈയിലും നഖം പിടിപ്പിച്ചു.

വസ്ത്രാലങ്കാരം ജയേട്ടന്റെ ഭാര്യ സരിതയാണ് ചെയ്യുന്നത്. മേരിക്കുട്ടിക്ക് ചേരുന്ന സാരിയെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ സരിതയ്ക്കും ഉണ്ട്. അവരുടെ അഭിപ്രായങ്ങളും മേക്കപ്പിന്റെ കാര്യത്തിൽ ഏറെ സഹായകമായിട്ടുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam