അര്‍ധനാരീശ്വര സങ്കൽപ്പത്തോടൊരു പ്രണയം കാത്തു സൂക്ഷിക്കുന്നവരാണ് നമ്മൾ. അങ്ങനെയുള്ളൊരു സമൂഹത്തിലേക്കാണ് മേരിക്കുട്ടി കടന്നു വരുന്നത്. ചിലപ്പോഴൊക്കെ വേദനയുടെയും, മറ്റു ചിലപ്പോൾ ആനന്ദത്തിന്റേയും പര്യായമാകുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി. മേരിക്കുട്ടിയായി ജയസൂര്യ സ്കീനിലെത്തിയപ്പോൾ അക്ഷരാർഥത്തിൽ ആരാധകര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്. സാരിയുടുത്ത്, നെയിൽ പോളീഷിട്ട്, അൽപമൊരു നാണത്തോടെ ജയ്സൂര്യ വന്നപ്പോൾ അവൻ അവളായി.. മേരിക്കുട്ടിയായി. അതുതന്നെയാണ് ഒരു കഥാപാത്രത്തിന്റെ ആദ്യ വിജയവും.
എന്നാൽ, ഈ സ്ത്രൈണ ഭാവം മറ്റുള്ളവർക്ക് പരിഹാസമോ അരോചകമോ ആകാത്ത വിധം അവതരിപ്പിക്കാൻ ജയസൂര്യ ചെയ്ത ഗൃഹപാഠങ്ങൾ ചെറുതല്ല. സാരിയുടുക്കാനും സ്ത്രീകളെ പോലെ നടക്കാനുമൊക്കെ പഠിപ്പിച്ചത് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ കൂടിയായ ഭാര്യ സരിതയാണ്. സ്ത്രീത്വം കരസ്ഥമാക്കാൻ ജയ്സൂര്യ നടത്തിയ പ്രയത്നത്തെ പറ്റിയും മേരിക്കുട്ടിയുടെ കോസ്റ്റ്യൂമിനെ കുറിച്ചും മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറയുകയാണ് സരിത ജയസൂര്യ
'മേരിക്കുട്ടി'ക്കുള്ള ഗൃഹപാഠം
'ഒന്നോ രണ്ടോ ദിവസത്തെ തയ്യാറെടുപ്പായിരുന്നില്ല. മേരിക്കുട്ടിക്കു വേണ്ടി ജയൻ ചെയ്തത്. മേരിക്കുട്ടിയാകാൻ തീരുമാനിച്ചപ്പോൾ അതൊരു വെല്ലുവിളി തന്നെയായിരുന്നു. പ്രത്യേകിച്ച് ഒരു സ്ത്രീ രൂപത്തിലേക്ക് മാറുകയാണല്ലോ. പെട്ടന്ന് ഒരു ദിവസം ലൊക്കേഷനിൽ പോയി ചെയ്യാന്‍ കഴിയുന്നതല്ലല്ലോ അത്. ദിവസങ്ങള്‍ക്ക് മുൻപ് വീട്ടിൽ നിന്നുതന്നെ ജയൻ മേരിക്കുട്ടിയായി പ്രാക്ടീസ് ചെയ്യുമായിരുന്നു. നമ്മൾ സ്ത്രീകൾ തന്നെ സാരിയുടുത്തു നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഊഹിക്കാമല്ലോ. അപ്പോൾ ഒരു പുരുഷന് അത് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകും സാരിയുടുത്ത് നടക്കാൻ. സാരിയുമായി ഒന്നു പൊരുത്തപ്പെടാൻ വേണ്ടി ജയൻ വീട്ടിൽ സാരിയുടുത്ത് ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുമായിരുന്നു. വീട്ടിൽ ഒരുപാട് നേരം സാരിയിൽ ചിലവഴിക്കുമായിരുന്നു. അങ്ങനെ വന്നപ്പോൾ പിന്നീട് സാരിയുടുത്ത് നടക്കാനൊക്കെ എളുപ്പമായി'.
മേരിക്കുട്ടിയുടെ കോസ്റ്റ്യൂം
ഒരു സിനിമയ്ക്ക് വേണ്ടി കോസ്റ്റ്യൂം ചെയ്യുമ്പോൾ ആദ്യം നമ്മൾ ആ സ്ക്രിപ്റ്റ് നന്നായി വായിച്ചു മനസ്സിലാക്കണം. ആ കഥാപാത്രത്തിന് ആവശ്യപ്പെട്ടതെന്തോ അതു കൊടുക്കുക എന്നതാണ് നമ്മൾ ചെയ്യുന്നത്. ഒരു മൾട്ടിനാഷ്ണൽ കമ്പനിയിൽ ജോലിചെയ്യുന്ന ആളുടെ ലുക്ക് ആയതിനാൽ ചന്ദേരിയിലും കോട്ടലിനനിലുമൊക്കെയുള്ള സാരികളാണ് ഉപയോഗിച്ചത്. അറുപത് സാരിയോളം മേരിക്കുട്ടിക്കായി ഉപയോഗിച്ചിരുന്നു. മേരിക്കുട്ടിയുടെ രൂപത്തെ പറ്റി പറഞ്ഞപ്പോൾ തന്നെ മുഴുവനായും സാരിയിലാണ് ഞാൻ ആ രൂപം കണ്ടത്. വേറൊരു കോസ്റ്റ്യൂമിൽ മേരി വരികയെന്നത് ചിന്തിക്കാൻ കഴിയുന്നതല്ലായിരുന്നു. പിന്നെ പൂർണമായും സ്ത്രീയാക്കുന്നതിൽ സാരിക്കൊരു റോളുണ്ട്. സാരിയാണ് പൂർണമായും സ്ത്രീത്വത്തിലേക്ക് മാറ്റുന്നത്. അതുകൊണ്ടുതന്നെയാണ് സാരി തന്നെ മുഴുനീള കോസ്റ്റ്യൂമായി മേരിക്കുട്ടിക്ക് ഉപയോഗിച്ചത്.
സാരിയിൽ ജയ്സൂര്യയെ കണ്ടത്...
നിരവധി യാത്രകൾ ചെയ്താണ് മേരിക്കുട്ടിക്കായുള്ള കോസ്റ്റ്യൂം ഞാൻ തിരഞ്ഞെടുത്തത്. ആ യാത്രകളിലെല്ലാം തന്നെ ജയനും കൂടെ വന്നിരുന്നു. ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും ഞാൻ അഭിപ്രായം ചോദിക്കും. അപ്പോൾ, ജയൻ പറയും നീ എന്താണെങ്കിലും തിരഞ്ഞെടുക്കൂ. എനിക്കത് സങ്കൽപ്പിക്കാൻ കഴിയുന്നില്ല.
നന്നായി ഗൃഹപാഠം ചെയ്തതിനാൻ സ്ത്രീകളേക്കാൾ നന്നായി സാരി കൈകാര്യം ചെയ്യാൻ ജയൻ പഠിച്ചു. പെട്ടന്ന് പിറകിൽ നിന്നൊക്കെ നോക്കുമ്പോൾ ഒരു സ്ത്രീ പോകുന്നതായി എനിക്ക് തന്നെ തോന്നാൻ തുടങ്ങി.'- ഒരുചിരിയോടെ സരിത പറയുന്നു.
'മേരിക്കുട്ടി' മോഡലായപ്പോൾ...
നമ്മുടെ വിദൂര ചിന്തയിൽ പോലും ഇല്ലല്ലോ നാളെ നമ്മുടെ ഭർത്താവിനെ സാരിയുടുപ്പിക്കുമെന്നത്.. സത്യത്തിൽ എനിക്കതൊരു സ്വപ്നം പോലെയാണ് തോന്നിയത്. എന്റെ ഭർത്താവ് സാരിയിൽ വരുന്നത്. ഈ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിന് വേണ്ടി ഒരുങ്ങിയപ്പോൾ ശരിക്കും ഒരു മോഡലിനേ പോലെതന്നെയാണ് എനിക്ക് ജയനെ തോന്നിയത്. അങ്ങനെയൊരു നിമിഷം എല്ലാവർക്കും കിട്ടണമെന്നില്ല. .എന്തുകൊണ്ട് നമ്മുടെ ഡിസൈനർ സ്റ്റുഡിയോക്ക് ആ ഫോട്ടോ ഉപയോഗിച്ചുകൂടാ എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെയാണ് ആ ഫോട്ടോ ഡിസൈനർ സ്റ്റുഡിയോക്ക് മോഡലാക്കുന്നത്. ഞാൻ ആ നിമിഷത്തെ വളരെയധികം ആസ്വദിച്ചു. കുറച്ച് നാളത്തേക്കെങ്കിലും ഡിസൈനർ സ്റ്റുഡിയോയുടെ മുഖമായിട്ട് എന്റെ ഭർത്താവ് സാരിയുടുത്തിരിക്കുന്നതാകട്ടെ എന്ന് തീരുമാനിച്ചു.. സരിത അഭിമാനത്തോടെ പറയുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam