ദേവതയെപ്പോലെ പ്രിയങ്ക, ഫാഷനിൽ പിഴച്ച് ദീപിക

ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികൾ ഉറ്റുനോക്കുന്ന ആ നാളുകൾ വന്നെത്തി. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ധനശേഖരണാർഥം ന‌ടത്തുന്ന ഫാഷൻ മാമാങ്കമായ മെറ്റ് ഗാലയിൽ തിളങ്ങാന്‍ പോകുന്ന സുന്ദരികൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ബോളിവുഡിലെ മിന്നും താരങ്ങളായ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും മെറ്റ് ഗാലയുടെ മാറ്റുകൂട്ടാൻ എത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുത്ത വസ്ത്രത്തിന്റെ പേരിൽ പ്രിയങ്കയെ പ്രശംസകൾ കൊണ്ടു മൂടുമ്പോൾ ദീപികയ്ക്ക് വിമര്‍ശനപ്പെരുമഴയാണ്. 

മെറ്റ് ഗാലയിൽ ചുവടുവെക്കുന്ന പ്രിയങ്കയും ദീപികയും

ഹെവന്‍ലി ബോഡീസ്: ഫാഷന്‍ ആന്‍ഡ് കാത്തലിക് ഇമാജിനേഷന്‍ എന്ന തീമിന് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ഇക്കുറി താരങ്ങൾ ധരിക്കേണ്ടത്. തീമിനു യോജിക്കും വിധത്തിൽ ദേവതയെപ്പോലെ പ്രിയങ്ക എത്തിയപ്പോൾ ദീപിക നിരാശപ്പെ‌ടുത്തിയെന്നാണ് പൊതുവെയുള്ള സംസാരം. റെഡ് കാർപറ്റ് ഷോകളില്‍ കാണുന്ന മട്ടിലുള്ള സ്ഥിരം ലുക്കിലാണ് ദീപിക എത്തിയതെന്നാണ് പലരും പറയുന്നത്. എന്നാൽ പ്രിയങ്കയാകട്ടെ കുറച്ചധികം വ്യത്യസ്തതകളും പരീക്ഷിച്ചിരുന്നു. 

റാൽഫ് ലോറെൻ കലക്ഷൻസിന്റെ വൈൻ റെഡ് നിറത്തിലുള്ള വെൽവെറ്റ് ഈവനിങ് ഗൗണും ഗോൾഡും എംബ്രോയ്ഡറിയും കലർന്ന ശിരോവസ്ത്രവുമാണ് പ്രിയങ്ക ധരിച്ചത്. സ്വരോവ്സ്കി ക്രിസ്റ്റലുകളും ബീഡ്‌വർക്കുമൊക്കെ കൈകളാൽ തുന്നിച്ചേർത്ത് പത്തുദിവസത്തോളം എംബ്രോയ്ഡറിയും ചെയ്താണ് വസ്ത്രം നിർമിച്ചത്. വൈൻ റെഡ് നിറത്തിലുള്ള ലിപ്സ്റ്റിക്കും അമിതമാകാത്ത മേക്കപ്പും ഇരുവശത്തേക്കും വകഞ്ഞ മുടിയുമൊക്കെ താരത്തിന്റെ വസ്ത്രത്തോടു ചേരുന്നതായിരുന്നു. മെറ്റ് ഗാലയിൽ തീമിനനുസരിച്ചു വേഷം ധരിച്ചെത്തിയ പ്രിയങ്ക അക്ഷരാർഥത്തിൽ ദേവതയെപ്പോലെയുണ്ടെന്നാണ് ഫാഷന്‍ പ്രേമികളുടെ വാദം.

അറ്റെലിയർ പ്രബാൽ ഗുരുങ്ങിന്റെ കർദിനാൾ സിൽക് സ്ട്രാപ്‌ലെസ് ഗൗൺ ആണ് ദീപിക ധരിച്ചത്. തുടയുടെ വശത്തു നിന്നായി തുടങ്ങുന്ന സ്ലിറ്റാണ് ഗൗണിന്റെ പ്രത്യേകത.  പുറകിലേക്കു വലിച്ചു ചീകിയ മുടിയിഴകളും ഡയമണ്ട് കമ്മലുകളഉം ചുവപ്പു നിറത്തിലുള്ള ഗൗണിനോടു ചേരുന്ന ലിപ്സ്റ്റിക്കുമൊക്കെ ദീപികയെയും സുന്ദരിയാക്കിയെങ്കിലും പോരെന്ന വാദമാണ് പലർക്കും. തീമിനോട് ഒട്ടും യോജിക്കാത്ത വേഷമാണ് ദീപിക ധരിച്ചതെന്നും കമന്റുകൾ ഉയരുന്നു.

എല്ലാ തവണത്തെയും പോലെ ഇക്കുറിയും ഹോളിവുഡ് ഇൻഡസ്ട്രിയിലെ താരങ്ങളിലേറെയും മെറ്റ് ഗാലയിൽ ചുവടുവെക്കാനുണ്ടാകും. റിഹാന, കാറ്റി പെറി, ജോർജ് ക്ലൂണി, കേറ്റ് മോസ് തുടങ്ങിയ ഹോളിവു‍ഡ് താരങ്ങൾ മെറ്റ് ഗാലയിൽ പങ്കെടുക്കാനുണ്ടാകുമെന്നാണ് വിവരം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam