അമ്മയ്​ക്കൊപ്പം പ്ലാന്‍ ചെയ്ത ആ ഫോട്ടോഷൂട്ട്; ഗ്ലാമര്‍ ഭാവത്തില്‍ ജാന്‍വി, വിഡിയോ

ബോളിവുഡിന്റെ എല്ലാക്കാലത്തും ശ്രദ്ധാ കേന്ദ്രമായിരുന്ന ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ചലച്ചിത്ര അരങ്ങേറ്റത്തിനായി കാത്തിരിക്കുകായാണ് ആരാധകര്‍. ദഡക് എന്ന ചിത്രത്തിലൂടെയാകും ജാൻവി ബി ടൗണിൽ വരവറിയിക്കുക. എന്നാൽ ഇപ്പോഴിതാ ശ്രീദേവിയുടെയും ജാൻവിയുടയും ആരാധകരുടെ കാത്തിരിപ്പിന് വേഗം കൂട്ടി ജാന്‍വിയുടെ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു. വോഗ് മാസികയ്ക്ക് വേണ്ടിയുള്ള ജാൻവി കപൂറിന്റെ ഫോട്ടോഷൂട്ട് വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. അതീവ ഗ്ലാമറിലാണ് ജാൻവി വിഡിയോയില്‍ എത്തിയിരിക്കുന്നത്. 

ജൂണിൽ പുറത്തിറങ്ങുന്ന മാസികയുടെ കവര്‍ ചിത്രം കൂടിയാണ് താരം. ദഡക് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായാണ് വോഗ് മാഗസിനു വേണ്ടി ജാൻവി ഫോട്ടോഷൂട്ടിനായി തയാറെടുത്തത്. മുംബൈയിലെ ഡോം ഇന്റർകോണ്ടിനെന്റൽ മറൈൻഡ്രൈവിൽ ആയിരുന്നു ഫോട്ടോഷൂട്ട്. നേരത്തെ അമ്മ ശ്രീദേവിക്കൊപ്പം നിന്ന് കവർ ഫോട്ടോഷൂട്ട് ചെയ്യാനായിരുന്നു ജാൻവിയുടെ പദ്ധതി. എന്നാൽ അതിനിടെയാണ് താരത്തിന്റെ വിയോഗമുണ്ടായത്. ജാന്‍വിയുടെ ആദ്യത്തെ മാഗസിൻ കവർ ഫോട്ടോഷൂട്ടും അമ്മയ്ക്കൊപ്പമായിരുന്നു.