രംഗ് ദേ മൺസൂണ്‍ വെഡ്ഡിങ് കലക്ഷനുമായി പൂർണിമ ഇന്ദ്രജിത്ത്

കർക്കടകത്തിൽ കറുത്ത മാനം ചിങ്ങത്തിൽ മുഖം മിനുക്കുന്നത് നിറങ്ങളുടെ പ്രകൃതിയിലേക്കാണ്. മഴയൂടെ നൂലിഴകൾ തോരുമ്പോൾ  ചിങ്ങപ്പൂക്കളുടെയും  വിവാഹമേളങ്ങളുടെയും  വർണപ്പെയ്ത്ത്.

നിറങ്ങൾ എന്നും ആഘോഷമാണ്. പക്ഷേ മലയാളികളാകട്ടെ നിറങ്ങളുടെ കാര്യത്തിൽ അൽപം ഉൾവലിയുന്ന സ്വഭാവക്കാരും. ആഘോഷവേളയാണെങ്കിൽ പോലും നിറങ്ങൾ അധികമാകുന്നതിനെക്കുറിച്ചു സംശയാലുക്കളാകും അവർ. ആ നിറം എനിക്കു ചേരുമോ എന്നതാകും ആദ്യചോദ്യം. പലപ്പോഴും പുതുമകൾക്കു മുന്നിൽ മനസു തുറന്നിടാൻ അല്‍പം മടിക്കും. 

പക്ഷേ ഇനിയും മടിച്ചുനിൽക്കേണ്ട, ആരെയും കൊതിപ്പിക്കുന്ന നിറക്കൂട്ടുകളാണ് ഇക്കുറി ഫാഷൻ ലോകം കീഴടക്കുക. 2018–2019 രാജ്യാന്തര ഫാഷൻ പ്രവചനങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും നിറങ്ങളുടെ മേളം തന്നെ. 

രംഗ് ദേ

വിവാഹവസ്ത്രങ്ങളിൽ ഇക്കുറി കൂടുതൽ നിറങ്ങൾ പ്രതീക്ഷിക്കാമെന്നു പറയുന്നു സെലിബ്രിറ്റി ഡിസൈനർ പൂർണിമ ഇന്ദ്രജിത്ത്. മഴപ്പെയ്ത്തു കഴിഞ്ഞാൽ വര്‍ണപ്പെയ്ത്ത് എന്ന സങ്കൽപ്പവുമായി രംഗ് ദേ മൺസൂണ്‍ വെഡ്ഡിങ്  കലക്ഷൻ അവതരിപ്പിക്കുകയാണ് പൂർണിമ . 

നിറക്കൂട്ടും പാരമ്പര്യ കൈവേലകളും ഇഴചേരുന്ന ജീവിതമാണ് രാജസ്ഥാനിലേത്. ഇവിടുത്തെ കരകൗശല കൈവേലകൾ ഇന്ത്യയുടെ സാസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായി രാജ്യാന്തര ഡിസൈനർമാരെപ്പോലും പ്രചോദിപ്പിക്കുന്നു. ഈ കാഴ്ചകളുടെ ഒരേടാണ് രംഗ്ദേയിലൂടെ  കേരളത്തിലുമെത്തുന്നത്. 

‘‘രാജസ്ഥാനിലെ ഫാബ്രിക്, അല്ലെങ്കിൽ ഹാൻഡ് ക്രാഫ്റ്റ് എന്നിവ അങ്ങനെ തന്നെ പകർത്തിയെടുക്കുകയല്ല, മലയാളികളുടെ സെൻസിബിലിറ്റിക്കു യോജിക്കും വിധം പുതുമയുള്ള വസ്ത്രശ്രേണിയൊരുക്കാനാണ്  ശ്രമിച്ചിട്ടുള്ളത്. ഇന്നത്തെ വധുവിനു വേണ്ടിയുള്ളതാണിത്. ഇതിലേക്കു നമ്മുടേതായ എലമെന്റ്സ് കൊണ്ടുവന്നിട്ടുണ്ട്. ഒരു couture കലക്​ഷൻ ഇവിടെ ആവശ്യമില്ല. കാരണം നമുക്ക് പേജ് 3 കൾച്ചർ ഇല്ല. വസ്ത്രങ്ങൾ ഒരിക്കൽ മാത്രം ഉടുത്തു മാറ്റിവയ്ക്കുകയല്ല, വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് നമ്മുടെ രീതി. അത്തരത്തിൽ  ട്വിസ്റ്റ് ചെയ്ത്, ഭാവനയുടെ മേമ്പോടി ചേർത്തു സ്വന്തമായി സ്റ്റൈൽ ചെയ്യാവുന്ന സാധ്യതയും ഈ കലക്ഷൻ നൽകുന്നു.

നിറങ്ങൾ

ആഘോഷവേളയിൽ ചൊരിയുന്ന വർണക്കടലാസുകൾ പോലെ നിറങ്ങളുടെ നീളൻ വരകളാണ് രംഗ്‌ദേ കലക്ഷനെ അടയാളപ്പെടുത്തുന്നത്. ലെഹരിയ എന്ന  രാജസ്ഥാന്റെ സ്വന്തം ടൈ ആൻഡ് ഡൈ മാതൃകയിലാണിത്. ഈ സ്ട്രൈപ്സ് ഡിസൈനിൽ വ്യത്യസ്തമായ വർണങ്ങൾ  ചേർത്തെടുക്കുക എന്നതായിരുന്നു വെല്ലുവിളി.

കൂടുതൽ ബ്രൈറ്റ് ആകാൻ പാടില്ല, കണ്ണിനു കുളിർമ നൽകുന്നതാകണം, അതേസമയം പരസ്പര പൂരകകങ്ങളായ നിറങ്ങൾ വേണം അടുത്തടുത്തു വരേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. 50 ദിവസങ്ങളിലെ  കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ നിറങ്ങളുടെ പാലറ്റും ക്രമവും തയാറായി. ഇതു പിന്നീട് തുണികളിലേക്ക്  ഡിജിറ്റൽ പ്രിന്റ് ചെയ്തെടുക്കുകയായിരുന്നു.   

ഫാബ്രിക്

ഓർഗൻസ, റോ സിൽക്ക്, സിൽക്ക്, ജോർജറ്റ് തുണിത്തരങ്ങള്‍ക്കു പുറമേ രാജസ്ഥാൻ പൈതൃകത്തിന്റെ ഭാഗമായ മഷ്റൂ, ഹബുത്തായി എന്നീ ഫാബ്രിക്കുകളും  രംഗ്‌ദേ കലക്ഷനിലുണ്ട്. 

 മോട്ടിഫ് / ഡിസൈനുകൾ

ഇന്ത്യൻ ടെക്സ്റ്റൈൽ രംഗത്തിന്റെ തന്നെ ഐഡന്റിറ്റിയാണ്  ജയ്പൂർ/ മുഗൾ മോട്ടിഫുകൾ. പക്ഷേ രംഗ്‌ദേ കലക്ഷൻ ഒരുക്കുമ്പോൾ  സ്വന്തമായ എലമെന്റ് വേണമെന്നുള്ളതു കൊണ്ട് പുതിയൊരു മോട്ടിഫ് വരച്ചെടുക്കുകയായിരുന്നെന്ന്  പൂർണിമ പറയുന്നു. 

രാജസ്ഥാന്റെ തനതു കൈവേലകളായ ഗോട്ടപ്പട്ടി, ജാലി എന്നിവയാണ് രംഗ്‌ദേയിൽ ഇഴചേർത്തിരിക്കുന്നത്. മിറർ വർക്കുകളാണ് രാജ്സ്ഥാൻ ശൈലിയിലെ പ്രധാന ആകർഷണമെങ്കിലും  വസ്ത്രങ്ങളിലെ നിറക്കൂട്ടുകൾക്കൊപ്പം ചേരുമ്പോൾ അത് എടുത്തു നിൽക്കുമെന്നതിനാൽ മിനിമൽ ശൈലിയിലുള്ള  വർക്കുകൾ മാത്രമാണ് ഉൾപ്പെടുത്തിയത്.

 ഹാൻഡ്‌ലൂം

കഴിയുന്നിടത്തെല്ലാം കഴിയുന്നതു പോലൊക്കെ ഹാൻഡ്‌ലൂം  പ്രമോട്ട് ചെയ്യുകയെന്നതു ലക്ഷ്യമാണ്. രംഗ്ദേ കലക്ഷനിലും  ഹാൻഡ് ലൂം ഉൾപ്പെടുത്തിയിട്ടുണ്ട്.

 കേരള കൈത്തറിയുടെ പ്രൗഡിയും രാജസ്ഥാൻ തനിമയും പരസ്പര പൂരകങ്ങളാണിവിടെ. കൈത്തറിയിൽ ഒരുക്കിയ സ്കർട്ടുകളിൽ ഹാൻഡ് വർക്ക് ചെയ്തൊരുക്കിയ  കേരളത്തിലെ താമരക്കുളവും അരയന്നവുമുണ്ട്, രാജസ്ഥാനിലെ വിവാഹാഘോഷത്തിന്റെ  ഭാഗമായ ബാരാത്തുണ്ട്. നിറങ്ങളും കൈവേലകളും മാത്രമല്ല, നാടും സംസ്കാരങ്ങളും കൂടി ഒരുമിക്കുകയാണ്  ഈ തുണിത്തരങ്ങളിൽ.

 കംപ്ലീറ്റ് കലക്ഷൻ

രംഗ്‌ദേ കലക്ഷൻ പൂർണമാകുന്നത്  വസ്ത്രങ്ങൾക്കു യോജിച്ച ആക്സസറീസ് കൂടി ചേരുമ്പോഴാണ്.  ഇതിലെ നിറങ്ങളും ഡിസൈനർ മോട്ടിഫുകളും ചേരുന്ന ജൂത്തിയും ക്ലച്ചസും ഒരുക്കിയിട്ടുണ്ട്. ബൈഡ്രൽ വെയറും കോക്ടെയിൽ വെയറും രംഗ്ദേയിലുള്ളതിനാൽ  ആക്സസറീസ് കൂടിച്ചേരുമ്പോൾ  സ്റ്റൈലിങ്ങ് പൂർണം.

ബ്രൈഡൽവെയറിനൊപ്പം  വിവാഹആഭരണ കല്ഷൻ കൂടി ചേരുന്നുവെന്നതും പ്രത്യേകതയാണ്. എജിപി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കുന്ന പോൽകി ആഭരണങ്ങൾ വസ്ത്രശ്രേണിക്കു മിഴിവേകുന്നു.

(വില:

ബ്രൈഡൽ വെയർ – 10,000 – 50,000 രൂപ

ജൂത്തിസ്, ബാഗ്സ് – 1500– 2000 രൂപ )