നായകന്മാർ മാറി നിൽക്കുന്ന ‘കലിപ്പ് ലുക്ക്’ നയൻസിനു കിട്ടിയത് ഇങ്ങനെ

നായകനൊപ്പം ആടിപ്പാടാൻ ഗൗൺ അണിയുമ്പോൾ മാത്രമല്ല, വില്ലനെതിരെ ഗൺ എടുത്ത് പക്കാ പൊലീസ് വേഷത്തിലായാലും നയൻതാര ഫാഷനബിൾ തന്നെ. ഇമൈക്ക നൊടികൾ എന്ന പുതിയ തമിഴ് ചിത്രത്തിൽ സിബിഐ ഓഫിസറായെത്തിയ നയൻസിനെ കണ്ടവർ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറെ തിരഞ്ഞു. ഇതിലെ നയൻസിന്റെ വസ്ത്രങ്ങളും ജാക്കറ്റ് ഉൾപ്പെടെയുള്ള സ്റ്റൈൽ സ്റ്റേറ്റ്മെന്റും ശ്രദ്ധനേടിയിരുന്നു.  

ചെന്നൈ ഡിസൈനറും തെന്നിന്ത്യൻ താരങ്ങളുടെ സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ചൈതന്യ റാവു ആണ് ചിത്രത്തില്‍ നയൻതാരയുടെ വസ്ത്രങ്ങൾ ഒരുക്കിയത്. ഫാഷൻ രംഗത്തു വർഷങ്ങളുടെ തഴക്കവും പഴക്കവുമുണ്ടെങ്കിലും നയൻസിനു വേണ്ടി വസ്ത്രങ്ങളൊരുക്കുകയെന്ന തു ശ്രമകരമായ ജോലിയാണെന്നു  പറയുന്നു ചൈതന്യ റാവു. ‘‘ മികച്ച പ്രഫഷനലാണ് നയൻതാര. മുൻസിനിമകളിലെ  ലുക്ക് റീപ്പിറ്റ് ചെയ്യരുതെന്ന ് അവർക്കു നിർബന്ധമുണ്ട്. മാത്രമല്ല മികച്ച ലുക്കിനു വേണ്ടി എക്സ്ട്രാ എഫർട് എടുക്കുന്ന നടിയാണ്. നമുക്കു വേണ്ട റഫറൻസുകളുമായാകും  അവർ വരിക ’’

കഥാപാത്രത്തെക്കുറിച്ചു വിശദമായി ചർച്ച ചെയ്താണ് വസ്ത്രങ്ങൾ തീരൂമാനിക്കുന്നത്. ഇമൈക്ക നൊടികളിലെ നായിക ബാംഗ്ലൂരിൽ താമസിക്കുന്നയാളാണ് . ഓഫിസറാണ്. അതുകൊണ്ട് ആദ്യം തന്നെ ഷർട്ടുകളും സ്വെറ്ററുകളും തിരഞ്ഞെടുത്തു, ഒപ്പം സ്റ്റൈലിഷ് ജാക്കറ്റുകളും. നിറങ്ങളിലും പ്രത്യേകം ശ്രദ്ധകൊടുത്തു. മിലിറ്ററി ഗ്രീൻ, ഗ്രേ, റസ്റ്റ് തുടങ്ങി എർത്തി കളേഴ്സിനു മുൻതൂക്കം നൽകി.

രാജ റാണി, തനി ഒരുവൻ എന്നീ തമിഴ്ചിത്രങ്ങളിലും  ഒട്ടേറെ തെലുങ്കു ചിത്രങ്ങളിലും നയൻ‌താരയ്ക്കു വേണ്ടി വസ്ത്രമൊരുക്കിയ  ചൈതന്യ താരത്തിനു നൽകുന്ന കോംപ്ലിമെന്റ് ഇങ്ങനെ – ‘‘ വളരെ ഫെമിനിൻ ഗ്രേസ്ഫുൾ ലുക്ക് ഉള്ളയാളാണ് നയൻസ്. അതുകൊണ്ട് എത്‌നിക് ലുക്കും വേസ്റ്റേൺ ലുക്കും ഒരുപോലെ  അനുയോജ്യം. ’’