വന്ന വഴി മറക്കാതെ 'അക്കി'യുടെ കാരുണ്യസ്പര്‍ശം

അക്ഷയ് കുമാര്‍

ബോളിവുഡിലെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത ഏറെ പ്രശസ്തമാണ്. അക്കിയെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരം താൻ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മീഡിയ ശ്രദ്ധയില്‍ പെടാതെ സൂക്ഷിക്കാറുമുണ്ട്. മാധ്യമങ്ങള്‍ അതു ചികഞ്ഞെടുക്കുമെന്നത് വേറെക്കാര്യം. ബോളിവുഡിലെ ഖാന്‍മാരെ പോലും വെല്ലുവിളിച്ചു താരമൂല്യത്തില്‍ ഏറെ മുന്നിലായ അക്ഷയ് കുമാര്‍ താന്‍ ചെയ്ത കാരുണ്യ പ്രവൃത്തിയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

വന്ന വഴി മറക്കില്ലെന്ന് പറയുന്നതാകും കൂടുതല്‍ ശരി. തന്റെ ആദ്യസിനിമയുടെ നിര്‍മാതാവിന്റെ കിഡ്‌നി മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. രവി ശ്രീവാസ്തവയെന്നാണ് ഇന്നു ബോളിവുഡില്‍ ആരും ഓര്‍ക്കാത്ത ആ നിര്‍മാതാവിന്റെ പേര്. അക്ഷയ് കുമാറിന്റെ ആദ്യ സിനിമയായിരുന്നു രവിയുടെ 'ദ്വാര്‍പാൽ'‍. എന്നാല്‍ ആ സിനിമ പുറത്തിറങ്ങിയില്ല. അതിനുശേഷം അക്കിയുടെ പുറത്തിറങ്ങിയ ആദ്യ ചിത്രമായ സൗഗന്ധില്‍ (1991) താരത്തെ എത്തിച്ചതും രവി ശ്രീവാസ്തവ തന്നെ ആയിരുന്നു. 

ഒരു കാലത്തു ബോളിവുഡില്‍ അറിയപ്പെട്ടിരുന്ന പേരായിരുന്നു രവി ശ്രീവാസ്തവ. എന്നാല്‍ ഇന്ന് അയാള്‍ ജീവിക്കുന്നത് കൊടിയ ദാരിദ്ര്യത്തിലാണ്. വീട്ടില്‍ അയാളെ നോക്കാന്‍ പോലും ആരുമില്ല. കിഡ്‌നിക്ക് തകരാറും സംഭവിച്ചു. കിഡ്‌നി മാറ്റിവെക്കല്‍ മാത്രമാണു പരിഹാരമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൈകിയാണ് അക്ഷയ് കുമാര്‍ കാര്യങ്ങള്‍ അറിഞ്ഞതെങ്കിലും സഹായ ഹസ്തം നീട്ടാന്‍ ഒരു മടിയും കാണിച്ചില്ല. ഇതിനെക്കുറിച്ച് ഒരാള്‍ ട്വിറ്ററില്‍ അക്കിയോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ ആയിരുന്നു, യെസ് സര്‍, എന്റെ ടീം രവിയുടെ വീട്ടിലെത്തിയിട്ടുണ്ട്. അദ്ദേഹത്തെ അവര്‍ പരിചരിക്കുന്നു. എല്ലാ കാര്യങ്ങളും അവര്‍ നോക്കും.

15-17 ലക്ഷം രൂപയാണ് കിഡ്‌നി മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന ചെലവ്. 250തിലധികം സിനിമകളുടെ നിര്‍മാതാവായിട്ടുണ്ട് രവി ശ്രീവാസ്തവ. സല്‍മാന്‍ ഖാന്റെ ബീവി ഹൊ തൊ ഐസി, തേരി മെഹെര്‍ബനിയാന്‍, ഹുക്കുമത് തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്ററുകളും രവി ഡിസൈന്‍ ചെയ്തിട്ടുണ്ട്.