ആറടിപ്പൊക്കം, നീണ്ടു കൊലുന്നനെയുള്ള കാലുകൾ, മെലിവിന്റെ അഴകുള്ള കൈകൾ, അഴകളവുകളൊത്ത ശരീരം...റാംപുകളിൽ ചുവടുവയ്ക്കുന്ന മോഡലുകളെ വിശേഷിപ്പിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയാതെ വയ്യ. അതാണ് പരമ്പരാഗതമായി മോഡലുകളെപ്പറ്റിയുള്ള ഫാഷൻ ലോകത്തിന്റെ കാഴ്ചപ്പാട്. പക്ഷേ ജിമ്മിൽ പോയും ഡയറ്റ് നോക്കിയും പട്ടിണി കിടന്നുമൊക്കെ മെലിഞ്ഞ് താരമായി ഫാഷൻ രംഗത്ത് ഉയരങ്ങൾ കീഴടക്കിയവരോട് താഴേക്ക് കൂടിയൊന്നു നോക്കാൻ ആവശ്യപ്പെടുകയാണിവർ. പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ പ്രവചനം പോലെയാകുന്നത് ഇവരുടെയീ ആത്മവിശ്വാസത്തിന്റെ തലപ്പൊക്കം കാണുമ്പോഴാണ്.

ബെർലിൻ ഫാഷൻ വീക്കിലാണ് പൊക്കം കുറഞ്ഞവരുടെ സംഘം റാംപിനെയും കാഴ്ചക്കാരുടെ കണ്ണുകളെയും തങ്ങളുടെ പ്രകടനം കൊണ്ട് കീഴടക്കിക്കളഞ്ഞത്. ജർമൻ ഡിസൈനർ സെമ ഗെഡിക്ക് ആണ് ഡ്വാർഫിസം ബാധിച്ചവർക്കു വേണ്ടി വസ്ത്രങ്ങൾ തയാറാക്കി അവരെത്തന്നെ മോഡലുകളാക്കി റാംപിലെത്തിച്ചത്. ഇംപൾസ്_03 എന്നായിരുന്നു ഷോയുടെ പേര്. കണ്ണുതുറന്നു കാണേണ്ടതു തന്നെയായ ഈ കാഴ്ചയിൽ പരിചയപ്പെടുത്തിയ വസത്രങ്ങളുടെ കലക്‌ഷന് നൽകിയ പേരും അർഥവത്താണ്– At Eye level. ഫാഷൻ ഷോ കാണാനെത്തിയവരെല്ലാം റാംപിന്റെ ഇരുവശത്തുമായി ഇരിക്കുമ്പോൾ കൃത്യം അവരുടെ കണ്ണുകളുടെ അതേ ലെവലിലായിരുന്നു മോഡലുകളുടെ ശിരസ്. പലർക്കും സാധാരണ മനുഷ്യരുടെ അരയ്ക്കൊപ്പം പൊക്കമേ ഉണ്ടായിരുന്നുള്ളൂവെന്നു ചുരുക്കം.

ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി റാംപിലൂടെ നടന്നു കഴിഞ്ഞപ്പോൾ മോഡലുകൾക്കും ഡിസൈനർക്കും അഭിനന്ദനവുമായി ഒട്ടേറെ പേരാണെത്തിയത്. നാലു വീതം സ്ത്രീ–പുരുഷ മോഡലുകളായിരുന്നു റാംപിനെ ത്രസിപ്പിച്ചു കൊണ്ട് ക്യാറ്റ്‌വോക്ക് നടത്തിയത്. വെറുതെ ഒരു രസത്തിനു വേണ്ടി തയാറാക്കിയതൊന്നുമായിരുന്നില്ല ഈ വസ്ത്രങ്ങൾ. ജർമൻ ഫാഷന്റെ സ്പ്രിങ് സമ്മർ 2016 കലക്‌ഷനിൽ ഉൾപ്പെട്ട ഡിസൈനുകളായിരുന്നു എല്ലാം.

Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.