ഈ ഫാഷൻ ഡിസൈനറുടെ അടുത്തെത്തിയാൽ കിടുക്കാച്ചി ലുക്ക്, ഉറപ്പ്!

സുമി ഗിരിരാജ് ബോർഗെ

ലുക്കൊക്കെ മാറ്റി ഒന്ന് മിനുങ്ങാൻ ബ്യൂട്ടി പാർലറുകൾ തോറും കയറി ഇറങ്ങി നടപ്പാണോ? ഹെയർ സ്റ്റൈലുകൾ മാറി മാറി പരീക്ഷിച്ചിട്ടും രക്ഷയില്ലെങ്കിൽ ഒന്നും നോക്കാനില്ല, നിങ്ങൾക്ക് ചേരാത്ത സ്റ്റൈലുകളാണ് ഈ പരീക്ഷിക്കുന്നതെല്ലാം. മറ്റൊരാളെ അനുകരിച്ചല്ല ലുക്ക് മാറ്റേണ്ടത്, എന്തൊക്കെ ചെയ്താൽ നിങ്ങൾക്ക് ഇണങ്ങുന്ന ലുക്ക് കിട്ടുമെന്നതിലാണ് കാര്യം. ഡ്രസിങ് സ്റ്റൈൽ പോലും അതിലൊരു ഘടകമാണെന്ന് തിരിച്ചറിയുക. സുമി ഗിരിരാജ് ബോർഗെ എന്ന ഫാഷൻ ഡിസൈനറെക്കുറിച്ച് ആരും കേട്ടിട്ടുപോലുമില്ല, പക്ഷേ, ഒരിക്കൽ ഇവരുടെ അടുത്ത് ചെല്ലുന്നവർ ഒരിക്കലും മറക്കില്ല ആ പേര്, കാരണം ഒരാളെ മൊത്തത്തിൽ മാറ്റിയെടുക്കാനുള്ള കഴിവ് ഇവർക്കുണ്ട്.

സുമി ഒരു ഫാഷൻ ഡിസൈനറോ? സ്റ്റൈലിസ്റ്റോ?

ഒരു ഫാഷൻ ഡിസൈനർ തന്നെയാണ്. ഒരു ഫാഷൻ കൗൺസിലർ കൂടിയെന്ന് പറയുമ്പോൾ പൂർണ്ണമാവും.

സുമി ഗിരിരാജ് ബോർഗെയുടെ ഡിസൈനിങ്ങില്‍ നിന്ന്

ഫാഷൻ കൗൺസിലർ?

പ്രോഫഷണലി ഞാൻ ഒരു ഫാഷൻ‌ ഡിസൈനറാണ്. പക്ഷേ, ചുമ്മാ കുറേ ഡ്രസുകൾ ഡിസൈൻ ചെയ്യുക മാത്രമല്ല ഞാൻ ചെയ്യുന്നത്. എന്റെയടുത്ത് വരുന്ന ഒരാളെ മേക്ക് ഓവർ ചെയ്യാനും എനിക്ക് കഴിയും. അത് പറയുമ്പോൾ മൊത്തത്തിൽ അവരുടെ ലുക്ക് മാറ്റി സ്റ്റൈലാക്കുമെന്നല്ല. അവർക്ക് ഇണങ്ങുന്ന വേഷങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കാൻ എനിക്കാവും. പക്ഷേ, ഹെയർ കട്ട്, ഫേസ് ട്രീറ്റ്മെന്റ് തുടങ്ങിയവയൊന്നും ചെയ്യാൻ എനിക്ക് കഴിയില്ല. കാരണം, ഞാൻ ഒരു സ്റ്റൈലിസ്റ്റല്ല. പക്ഷേ, അവർക്ക് ഇണങ്ങുന്ന ഹെയർ സ്റ്റൈലും മേക്കപ്പും എല്ലാം എനിക്ക് സജസ്റ്റ് ചെയ്യാൻ പറ്റും. അതുപോലെ അവർ ചെയ്താൽ ഉറപ്പായും അവർക്ക് സൂപ്പർ ലുക്കായിരിക്കും. അവർക്ക് ഇഷ്ടമുള്ള തരത്തിലുള്ള ഒരു ഡ്രസ് ചെയ്ത് കൊടുക്കാനും എനിക്കാവും.

ഇങ്ങനെയൊരു ഫാഷൻ ഡിസൈനർ ഉണ്ടെന്ന് ആർക്കും അറിയില്ലല്ലോ?

അതെ. കഴിഞ്ഞ 14 വർഷമായി ഞാൻ ഈ മേഖലയിൽ സജീവമാണ്. നോട്ടിംഗം യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസൈനിൽ ബിരുദവും ബിരുദാനന്തരബിരുദവും എടുത്തിട്ടാണ് ഞാൻ ഈ മേഖലയിലേക്ക് ഇറങ്ങിത്തിരിച്ചത്. നിഫ്റ്റ്, പേൾ തുടങ്ങിയ പ്രശസ്ത ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലെല്ലാം ഞാൻ ഗസ്റ്റ് ലക്ചററായി പോകാറുണ്ട്. മാത്രമല്ല, പ്രശസ്തമായ ധാരാളം കമ്പനികളുടെ ഫാഷൻ ഡിസൈനർ ഞാനാണ്. ധാരാളം മാഗസിനുകൾക്കു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴാണ് എനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി വേണമെന്ന് തോന്നിയത്. ഗ്രേ സ്കെയിൽ എന്ന ഒരു സ്ഥാപനം തുടങ്ങുന്നതും ആ ചിന്തയിൽ നിന്നാണ്.

സുമി ഗിരിരാജ് ബോർഗെയുടെ ഡിസൈനിങ്ങില്‍ നിന്ന്

എന്താണ് ഗ്രേ സ്കേലിന്റെ പ്രത്യേകത?

ഞാൻ മുൻപ് പറ‍ഞ്ഞത് പോലെ ഒരാളെ അടിമുടി മാറ്റാനുള്ള ഡ്രസ് ഫാക്ടർ നൽകാനാവുമെന്നതാണ് ഗ്രേ സ്കേലിന്റെ പ്രത്യേകത. നിങ്ങൾ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വെറൈറ്റി കളറുകളിലും ഡിസൈനിലുമുള്ള ഡ്രസ് നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. ഉദാഹരണത്തിന്, ബ്രൗണിന്റെ കൂടെ പീച്ച് കളർ പോലുള്ള ലൈറ്റ് കോമ്പിനേഷൻസ് മിക്സ് ചെയ്ത് ധരിക്കുന്നത് ആരും ഇത് വരെ പരീക്ഷിച്ചിട്ടുണ്ടാവില്ല. വെറുതെ ഒന്ന് പരീക്ഷിച്ചു നോക്കൂ, നിങ്ങളുടെ മാറ്റം നിങ്ങൾക്ക് തന്നെ അനുഭവിച്ചറിയാം. ഭംഗിയില്ലെന്ന് നമ്മൾ കരുതുന്ന എത്രയോ നിറങ്ങൾ നമ്മളെ കൂടുതൽ സുന്ദരമാക്കുമെന്നോ?

ഇത്തരം കൊമ്പിനേഷൻസ് ആണോ ഇപ്പോൾ ട്രെൻഡ്?

അതെ. പക്ഷേ, കേരളത്തിലെ ജനങ്ങൾ അത്തരം കളർ കോമ്പിനേഷൻസ് കണ്ടാൽ പോലും പരീക്ഷിക്കാൻ തയാറല്ല. ആർക്കും ചേരുന്ന കളറുകളായി അവരുടെ മനസിൽ പതിഞ്ഞ് കിടക്കുന്ന രണ്ട് മൂന്ന് കളറുകളുണ്ട്. അത് വിട്ട് ഒന്ന് മാറ്റി പിടിക്കാൻ പെട്ടെന്നൊന്നും അവർ തയാറാവില്ല.

ഡ്രസുകൾ മാത്രമേ ഉള്ളോ ഗ്രേ സ്കേലിൽ?

അല്ലല്ല, ധാരാളം ആക്സസറീസുകളും വീടിന്റെ ഇന്റീരിയർ ഡിസൈനിങ്ങിനുള്ള സംഗതികളുമൊക്കെയുണ്ട്.

സുമി ഗിരിരാജ് ബോർഗെ

ഗ്രേ സ്കെയിൽ കേരളത്തിൽ?

തുടങ്ങണമെന്നുണ്ട്. പക്ഷേ, ഞാൻ മുൻപ് പറഞ്ഞപോലെ , കേരളത്തിലെ ആളുകൾ ഫാഷന്റെ കാര്യത്തിൽ എപ്പോഴും പിന്നിലാണ്. സത്യത്തിൽ ലോകത്തിലെ ഏറ്റവും നല്ല മോഡലാവാൻ പറ്റിയ സ്കിൻ ടോൺ കേരളത്തിലെ ആളുകൾക്കാണ്. ഏത് കളറും ഇണങ്ങുമെന്നതാണ് മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകത. അപ്പോൾ അവർക്കു കൂടുതൽ ഇണങ്ങുന്ന തരത്തിലുള്ള കൊമ്പിനേഷൻസ് ഉപയോഗിച്ചാൽ അവർക്ക് സൗന്ദര്യം കൂടും.

സിനിമയിൽ എന്തുകൊണ്ട് ശ്രമിച്ചില്ല?

ഇത് വരെ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ല. എനിക്ക് ഒരു ഫാഷൻ കൗൺസിലറായി ഇങ്ങനെ നടക്കാനാണ് ആഗ്രഹം.

സുമി ഗിരിരാജ് ബോർഗെയുടെ ഡിസൈനിങ്ങില്‍ നിന്ന്

കുടുംബം

ഭർത്താവ് ഗിരിരാജ് ബോർഗെ. നാല് വയസ്സുള്ള ഒരു മകളുമുണ്ട്.