'മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി...' മനസ്സിലെങ്കിലും ഇൗ വരികൾ മൂളാത്തവരായി ആരുമുണ്ടാകില്ല.. മഞ്ഞളിന് നമ്മുടെ മുഖകാന്തി വർദ്ധിപ്പിക്കുവാനുള്ള കഴിവ് അപാരമാണ്. എന്താ നിന്റെ മുഖം വല്ലാതെയിരിക്കുന്നേ? നിന്റെ കണ്ണിനു ചുറ്റും പാടുകളുണ്ടല്ലോ? എന്തോരം മുഖക്കുരുവാ ഇവളുടെ മുഖത്ത്? ഇങ്ങനെയുള്ള ചോദ്യങ്ങൾ എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോ? ആ ചോദ്യങ്ങളിൽ നിന്നും രക്ഷപെടണമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ മഞ്ഞൾ പ്രയോഗത്തിലൂടെ മുഖകാന്തി വർദ്ധിപ്പിക്കാവുന്ന ചില പൊടികൈകൾ നോക്കാം.
1. കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി മഞ്ഞൾപൊടിയും, ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപായി ചെറുപയർ പൊടിയും ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക.
2. പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂർ വച്ചശേഷം കഴുകികളയുക.
3. കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും.
4. മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക
5. മഞ്ഞളും, ചെറുപയർ പൊടിച്ചതും, തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.
ഇപ്പറഞ്ഞ അഞ്ച് ലളിതമായ മാർഗ്ഗങ്ങളും മുഖകാന്തി വർദ്ധിപ്പിക്കുവാനുള്ളതാണ്. ഇനി മുഖത്തെ പാടുകളും, മുഖക്കുരുവും എങ്ങനെ മഞ്ഞൾ പ്രയോഗത്തിലൂടെ മാറുമെന്ന് നോക്കാം.
1. മഞ്ഞളും, തുളസിനീരും ചേർത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം മുഖത്തു പുരട്ടുക. പഴക്കംചെന്ന കറുത്ത പാടുകൾ മാറികിട്ടും.
2. മഞ്ഞൾപ്പൊടി, കടലമാവ്, വേപ്പില അരച്ചത് എന്നിവ പാലിൽ ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു തേച്ച ശേഷം 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. മുഖത്തെ പാടുകൾക്കും, മുഖക്കുരുവിനും ഇത് നല്ലതാണ്.
3. പനിനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖക്കുരു മാത്രമുള്ള ഭാഗത്തു പുരട്ടി അര മണിക്കൂർ ശേഷം കഴുകി കളഞ്ഞാൽ മുഖക്കുരുവിന് ശമനം കിട്ടും.
4. ചെറുചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം മഞ്ഞളും, വേപ്പിലയും ചേർത്ത് അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകൾ മാറികിട്ടും.
5. തേച്ചുകുളി എന്നു കേട്ടിട്ടില്ലേ ? പച്ചമഞ്ഞളും, ആര്യവേപ്പിലയും കൂടി കുഴമ്പു രൂപത്തിലാക്കി ദിവസവും തേച്ചുകുളിച്ചാൽ ശരീരത്തിലെ എല്ലാ കറുത്ത പാടുകളും മാറുമെന്ന് മാത്രമല്ല, ചർമ്മകാന്തി വർദ്ധിക്കുകയും, ചർമ്മ രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.
മേൽപറഞ്ഞ ഒൗഷധകൂട്ടുകൾ ഉപയോഗിക്കുമ്പോൾ അവയിലെ ഘടകങ്ങൾ ശുദ്ധമാണ് എന്ന കാര്യം പ്രത്യേകം ഉറപ്പുവരുത്തുക.