Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മഹത്യക്കായി ട്രാന്‍സ്ഫോമറിന്‍റെ മുകളില്‍ കയറി;  മുതുകാട്

Gopinath Muthukad

ഏത് നിമിഷവും ആർക്ക്് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒന്നാണ് ആത്മഹത്യാപ്രവണത. ഒരുനിമിഷത്തെ മിന്നൽപോലെയുള്ള ചിന്തയിൽ കെട്ടുപോകുന്നത് വിലപ്പെട്ട ഒരു ജീവനാണ്. ജീവിതത്തിൽ പരാജയം നേരിട്ട സമയത്ത് ആത്മഹത്യാശ്രമം നടത്തിയതിനെക്കുറിച്ച് പറയുകയാണ് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്. മനോരമന്യൂസിന്റെ മനസ് എന്ന പരിപാടിയിലാണ് അദ്ദേഹം ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടം ഓര്‍ത്തെടുക്കുന്നത്. 

ബിരുദപഠനം കഴിഞ്ഞ് നിയമപഠനത്തിനായി ബെംഗളൂരുവിലെ കോളജിൽ ചേർന്ന കാലം. മനസുമുഴുവൻ മാജിക്കിന്റെ ലോകമായിരുന്നു. നിയമപഠനത്തോട് താൽപര്യം തോന്നാതെ അവസാനത്തെ ഒരുവർഷം മാത്രംശേഷിക്കെ തിരികെ നാട്ടിലേക്ക് വന്നു. ഇത് അച്ഛന് അൽപം സാമ്പത്തിക ബാധ്യതയുണ്ടാക്കി. പിന്നാലെ അച്ഛനുമായി വഴക്കായി, വീട്ടിൽ നിന്നും അകന്ന് റബർ ഷീറ്റടിക്കുന്ന മുറിയിലായിരുന്നു താമസം. മാജിക്കിൽ പൂർണ്ണമായും മനസർപ്പിച്ചു. പരിപാടികൾ വിജയിക്കാൻ തുടങ്ങി, കൈയിൽ കാശ് വന്നതോടെ വരവേൽപ്പിലെ മോഹൻലാലിനെപ്പോലെ സ്വന്തമായൊരു ബസ് വാങ്ങി. ബസ് വാങ്ങുന്നത് എളുപ്പമായിരുന്നെങ്കിലും തുടർന്ന് കാര്യങ്ങൾ സുഗമമായിരുന്നില്ല. ബസ് വാങ്ങിയ വകയിലുള്ള തുടർ അടവുകൾ മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധി ജീവിതത്തിൽ വന്നുചേർന്നു. ബസ് ബാങ്കുകാർ ജപ്തി ചെയ്യുമെന്ന അവസ്ഥവന്നു. 

അമ്മ പറഞ്ഞതനുസരിച്ച് അച്ഛനോട് പണം ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എല്ലാ വാതിലുകളും അടഞ്ഞതോടെ മരണവാതിൽ മാത്രമായി രക്ഷ. ഗ്രാമത്തിൽ വൈദ്യുതി വന്ന കാലമാണ്. താമസിക്കുന്ന മുറിയുടെ അടുത്തായി ഒരു ട്രാൻസ്ഫോമറുണ്ടായിരുന്നു. ട്രാൻസ്ഫോമറിൽ കയറിപ്പിടിച്ച് മരണം സ്വയം വരിക്കാൻ തീരുമാനിച്ച് മുകളിൽ കയറി. അപ്പോഴാണ് രാജു എന്നുപേരായ ഒരു സുഹൃത്ത് ആ വഴിവന്നത്. അയാൾ വന്ന് എന്റെ കൈയിൽ പിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോള്‍ ജീവിച്ചിരിക്കില്ലായിരുന്നു. ഈ സംഭവം നാട്ടിൽ എല്ലാം സംസാര വിഷയമായതോടെ അച്ഛന്റെ ചെവിയിലും എത്തി. അങ്ങനെ അച്ഛൻ വന്നിട്ട് ബസിന്റെ ബാധ്യത തീർക്കാനുള്ള പണം തന്നു. 

ആത്മഹത്യ ചെയ്യാനായി ഇറങ്ങിപ്പുറപ്പെട്ട പ്രായത്തിൽ എങ്ങനെ ഒരു പ്രശ്നത്തെ സമീപിക്കണമെന്നോ അതിജീവിക്കണണെന്നോ അറിയില്ലായിരുന്നു. ഇന്നായിരുന്നു അത്തരമൊരു അവസ്ഥ വന്നിരുന്നതെങ്കിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ലായിരുന്നുവെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. 

മനസ്സ് ശനിയാഴ്ചകളില്‍ രാത്രി 9 മണിക്ക് മനോരമ ന്യൂസില്‍ കാണാം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories