മരത്തില്‍ കയറ്റും വള്ളത്തിലിട്ടു കറക്കും വേണേല്‍ കഞ്ഞീം കറീം വരെ വെപ്പിക്കും...അങ്ങനെ വെറൈറ്റി ഫോട്ടോ കിട്ടാന്‍ പല അടവുകളും പയറ്റുന്ന വെഡ്ഡിങ് ഫൊട്ടോഗ്രഫര്‍മാരുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ഇതാദ്യാ...സത്യമാണത്...പറഞ്ഞു വരുന്നത് നമ്മുടെ വവ്വാല്‍ ഫൊട്ടോഗ്രഫറെ കുറിച്ചാണ്.
വാടാനപ്പള്ളിക്കാരനായ വി്ഷ്ണു സമൂഹമാധ്യമത്തിലെ വവ്വാല്‍ ഫൊട്ടോഗ്രഫറാണ്...പെരിങ്ങോട്ടുകരക്കാരന്‍ ഷെയ്‌സ് റോബര്‍ട്ടിന്‌റെയും നവ്യയുടെയും വിവാഹത്തിന്‌റെ ഫൊട്ടോഗ്രഫറായിരുന്നു വിഷ്ണുവും സംഘവും. വധുവിനെയും വരനെയും പലയിടത്തു നിര്‍ത്തി പല ഭാവത്തിലുള്ള ഫോട്ടോകളെടുക്കുകയായിരുന്നു, ഫൊട്ടോഗ്രഫിയിലെ ആ സന്തോഷം അറിഞ്ഞു നടക്കുമ്പോഴായിരുന്നു ചെക്കന്റെ വീട്ടിലെ വിഡിയോഗ്രാഫറുടെ കയ്യില്‍ നിന്നൊരു വൈഡ് ലെന്‍സ് കിട്ടിയത്. അത്തരത്തിലൊരെണ്ണം ഒപ്പമില്ലാത്തതു കൊണ്ട് കണ്ടപ്പോള്‍ കൗതുകമേറി, അതുവച്ചൊരു ഫോട്ടോയെടുക്കണം. ലെന്‍സിന്‌റെ ഗമയ്‌ക്കൊത്ത ഫോട്ടോയെടുക്കാനുള്ള സാഹസമാണ് വിഷ്ണുവിനെ വൈറലാക്കിയത്.
വിഷ്ണു ഫോട്ടോയെടുക്കുന്നത് കൂട്ടുകാരന്‍ റിജോയ് ആണു പകർത്തിയത്. ചങ്ങാതിയുടെ വികൃതികള്‍ നാട്ടാരെ അറിയിക്കാതെ ഇരിക്കപ്പൊറുതി വരാത്ത റിജോയ്, വിഷ്ണുവിനോട് പറഞ്ഞിട്ട് ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കിലിട്ടു. വിഷ്ണുവിനെ ടാഗിക്കൊണ്ടു തന്നെ. നമ്മടെ ഫോട്ടോഗ്രാഫര്‍ ആ ഫോട്ടോയെടുത്ത് വാട്‌സ് ആപ്പില്‍ ഡിപിയുമാക്കി. പക്ഷേ സംഗതി ഉഷാറായത് ഫെയ്‌സ്ബുക്കിലെ, ഞാനെടുത്ത ഫോട്ടോകള്‍ എന്ന ഗ്രൂപ്പില്‍ റിജോയ് പോസ്റ്റ് ചെയ്തപ്പോഴായിരുന്നു. മിനിട്ടുകള്‍ കൊണ്ട് ആയിരക്കണക്കിനു ലൈക്കും ഷെയറും പിന്നെ ട്രോളുമൊക്കെയായി ഫോട്ടോ റിജോയ്യുടെയും വിഷ്ണുവിന്‌റെയും കൈവിട്ടു പോയി.
അയ്യോ..ചെക്കനിപ്പോ വീഴുമല്ലോ എന്നു കണ്ടവരൊക്കെ പറഞ്ഞെങ്കിലും, ഇതൊക്കെ പണ്ടേ കൂടെയുള്ളതാണെന്ന് വിഷ്ണു പറയുന്നു. നല്ല പ്രാക്ടീസാണ്...അതാണ് അപ്പോഴങ്ങനെ ചെയ്തത്. വിഷ്ണു പറഞ്ഞു. ''ട്രോളൊക്കെ കണ്ടിട്ട് എനിക്കാകെ രസമായി. ഫോട്ടോയ്ക്ക് പോസ് ചെയ്ത ചേട്ടനും ചേച്ചിക്കും നല്ല സന്തോഷായി. അവരും എനിക്കൊപ്പം വൈറലായല്ലോ'' വിഷ്ണു പറഞ്ഞു.
''വവ്വാലെന്നു പേരുവീണതില്‍ തെല്ലും സങ്കടമില്ല. അതൊക്കെ ഒരു രസമല്ലേ...ചെലര് ഇതെന്തൂട്ടാന്ന് ചോദിച്ചു...അമ്മ എല്ലാത്തിനും കട്ട സപ്പോര്‍ട്ടാണ്. പക്ഷേ ഇങ്ങനെ കെടന്നൊന്നും വേണ്ടാട്ടാന്ന് പറഞ്ഞു''...തൃശൂര്‍ ശൈലിയില്‍ വിഷ്ണു പറയുന്നു. വിഷ്ണുവിന് ജോലിയോടുള്ള ആത്മാര്‍ഥതയ്ക്കും ആവേശത്തിനും സോഷ്യല്‍മീഡിയയില്‍ വലിയ കയ്യടിയാണ്.
ഇലക്ട്രോണിക്‌സ് ഡിപ്ലോമയെടുത്തെങ്കിലും കമ്പം ഫൊട്ടോഗ്രഫിയോടായിരുന്നു. വീട്ടില്‍ ആദ്യം വാങ്ങിയ ഫോണിലാണ് ഫോട്ടോയെടുത്ത് തുടങ്ങിയത്. കൊള്ളാം ട്ടാ...എന്ന് കൂട്ടുകാരും വീട്ടുകാരgമൊക്കെ പറഞ്ഞതോടെ കാര്യം സീരിയസായി. അങ്ങനെയാണ് കറങ്ങിത്തിരിഞ്ഞ് ബന്ധുവായ ചേട്ടന്‍ വഴി വൈറ്റ് റാമ്പ് സ്റ്റുഡിയോ നടത്തുന്ന ബിനുവിന് അരികിലെത്തിയത്. വെഡ്ഡിങ് ഫൊട്ടോഗ്രാഫിയില്‍ കലക്കും എന്നു ഫോട്ടോ കണ്ടവരൊക്കെ പറഞ്ഞതോടെ ഇപ്പോള്‍ ആ വഴിക്കാണ്.
കേരളത്തില്‍ അറിയപ്പെടുന്നൊരു ഫൊട്ടോഗ്രഫറാകണം...പിന്നെ സ്വന്തം ഫോട്ടോകളില്‍ ഒന്നിന് ഞാനെടുത്ത ഫോട്ടോകള്‍ എന്ന ഗ്രൂപ്പില്‍ നാല്‍പതിനായിരം ലൈക്ക് കിട്ടിയിട്ടുണ്ട്. ഇനിയിടുന്ന ഏതെങ്കിലുമൊരു ഫോട്ടോയ്ക്ക് ഒരു ലക്ഷം ലൈക്ക് കിട്ടണം...അത്രേയുള്ള ആഗ്രഹം വിഷ്ണു പറയുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam