പ്രതീക്ഷിത നീക്കങ്ങളാൽ എതിരാളികളെ വട്ടം കറക്കി കളം നിറയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതവും അങ്ങനെ തന്നെയാണ്. 2010 ജൂണിൽ ക്രിസ്‌റ്റ്യാനോ ആരാധകരെ ഞെട്ടിച്ചു. തനിക്കൊരു മകൻ ജനിച്ച കാര്യം പരസ്യമാക്കിയതിനൊപ്പം കുട്ടിയുടെ അമ്മ ആരെന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അവന്റെ മേലുള്ള പൂർണ അവകാശം തനിക്കാണെന്നും പറഞ്ഞുകളഞ്ഞു. മകന് ക്രിസ്‌റ്റ്യാനോ റൊണാൾഡോ ജൂനിയർ എന്ന് പേരുമിട്ടു.
അഞ്ചുവർഷത്തോളം റഷ്യൻ മോഡലായ ഐറിന ഷെയ്ഖുമായി പ്രണയത്തിലായിരുന്നു റൊണാൾഡോ. ഇരുവരും തങ്ങളുടെ പ്രണയത്തിനും സ്വകാര്യതയ്ക്കും വലിയ വില നൽകിയിരുന്നു. ക്രിസ്‌റ്റ്യാനോയുടെ മകനുമായി ഐറിന വലിയ അടുപ്പം സൂക്ഷിച്ചിരുന്നു.
എന്നാൽ നാലു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോട് ഐറിന പ്രതികരിച്ചതിങ്ങനെ. ‘ആ ബന്ധത്തിനോട് റൊണാൾഡോ നീതി പുലർത്തിയില്ല.’ റൊണാൾഡോയുടെ അമ്മയുമായി ഐറിന യോജിക്കാത്തതാണ് കാരണമെന്ന് ചിലർ പറഞ്ഞപ്പോൾ റൊണാൾഡോയുടെ ഗ്ലാമറിനും പ്രശസ്തിക്കും പിന്നിൽ താൻ ഒന്നുമല്ലാതാകുന്നുവെന്ന ചിന്തയാണ് കാരണമെന്നും ചിലർ. ക്രിസ്‌റ്റ്യാനോയുടെ പരസ്ത്രീബന്ധമാണ് കാരണമെന്നും ചിലർ എഴുതി.
2017 ജൂണിൽ വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷവാർത്ത റൊണാൾഡോ ആരാധകരെ അറിയിച്ചു. അഞ്ചു മാസങ്ങൾക്കു ശേഷം മകൾ പിറന്നു. കാമുകിയായ ജോർജിന റോഡ്രിഗസാണ് കുഞ്ഞിന്റെ അമ്മ. നാലു മക്കള്‍ക്കും ജോർജിനയ്ക്കുമൊപ്പം സന്തോഷമായി ജീവിക്കുന്നു റോണോ.