Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ’; നിസഹായത പങ്കുവെച്ച് നന്ദു

nandu

കാൻസർ രോഗം തന്റെ ഇടതുകാൽ കൊണ്ടുപോയിട്ടും ജീവിതത്തോടും വിധിയോടും പോരാടിയ തിരുവനന്തപുരം സ്വദേശി നന്ദു പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. ചിരിച്ചുകൊണ്ട്, ശുഭാപ്തി വിശ്വാസത്തോടെയുള്ള നന്ദുവിന്റെ പോരാട്ടത്തെ തേടി നിരവധി അഭിനന്ദനങ്ങളെത്തിയിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നന്ദു പോസ്റ്റ് ചെയ്യുന്ന കുറിപ്പുകൾക്ക് വൻസ്വീകാര്യതയാണ് ലഭിക്കാറുമുള്ളത്. തന്റെ നിസഹായത തുറന്നു പറയുന്നതും എന്നാൽ പ്രളയക്കെടുതിയെ അതിജീവിക്കാൻ പോരാടുന്ന കേരളത്തിന് ശക്തി പകരുന്നതാണ് നന്ദുവിന്റെ പുതിയ കുറിപ്പ്. 

‘‘സാധാരണ കീമോ കഴിഞ്ഞാൽ 4 ദിവസം കൊണ്ട് എന്റെ കൗണ്ട് നോർമൽ ആകുന്നതാണ്. പക്ഷെ ഇപ്രാവശ്യം ഒരാഴ്ച കഴിഞ്ഞിട്ടും കൗണ്ട് നോർമൽ ആയില്ല.രക്ഷാപ്രവർത്തനം നടത്തി ഓടി നടക്കുന്ന ചങ്കുകളെ ഒക്കെ അസൂയയോടെ കണ്ട് വീട്ടിലിരിക്കുന്ന ആ നിസ്സഹായത ഒരു വല്ലാത്ത അവസ്ഥയാണ്. പക്ഷേ കുറച്ച് പേർക്ക് എങ്കിലും ഭക്ഷണം എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു. ഇനിയും ശ്രമിക്കും. പറ്റുന്നപോലെ ചെയ്യും.’’ നന്ദു സമൂഹ മാധ്യമത്തിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം,

എന്റെ പ്രിയപ്പെട്ട ഇടത് കാൽ നഷ്ടപ്പെട്ടിട്ടും ഇതുവരെ ഒരു നിമിഷം പോലും എനിക്ക് അതോർത്ത് സങ്കടമോ വിഷമമോ തോന്നിയിട്ടില്ല...

സ്വന്തമായി പരസഹായമില്ലാതെ എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥ ഓർത്ത് ഞാൻ നിരാശപ്പെട്ടിട്ടില്ല..

ഇനി ഇങ്ങനെയാണ് എന്നും പരിമിതികളിൽ തളരരുത് എന്നും എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് ഞാൻ ചെയ്തത്...

പക്ഷേ കഴിഞ്ഞ കുറേ ദിവസങ്ങൾ ഞാൻ നിസ്സഹായത എന്തെന്ന് മനസ്സിലാക്കി..

ഓരോ നേരവും മഴ ആർത്ത് പെയ്യുമ്പോൾ എന്റെ മനസ്സിൽ നിസ്സഹായത ആർത്ത് പെയ്തു...

എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ !!

സാധാരണ കീമോ കഴിഞ്ഞാൽ 4 ദിവസം കൊണ്ട് എന്റെ കൗണ്ട് നോർമൽ ആകുന്നതാണ്..

പക്ഷെ ഇപ്രാവശ്യം ഒരാഴ്ച കഴിഞ്ഞിട്ടും കൗണ്ട് നോർമൽ ആയില്ല...

രക്ഷാപ്രവർത്തനം നടത്തി ഓടി നടക്കുന്ന ചങ്കുകളെ ഒക്കെ അസൂയയോടെ കണ്ട് വീട്ടിലിരിക്കുന്ന ആ നിസ്സഹായത ഒരു വല്ലാത്ത അവസ്ഥയാണ്..

പക്ഷേ കുറച്ച് പേർക്ക് എങ്കിലും ഭക്ഷണം എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു...

ഇനിയും ശ്രമിക്കും..പറ്റുന്നപോലെ ചെയ്യും..

ഇന്ന് ചെങ്ങന്നൂർ ക്യാമ്പിൽ ഫ്രണ്ട്സ് എല്ലാവരും കൂടി 800 പേർക്ക് ഭക്ഷണം കൊടുത്തപ്പോൾ ഞങ്ങളുടെ ചെറിയൊരു സഹായമായി 400 പേർക്കുള്ള ഒരു നേരത്തെ അന്നം നൽകാൻ ഞങ്ങളുടെ കുഞ്ഞു സ്ഥാപനമായ കേരള ഫുഡ്‌സിന് കഴിഞ്ഞു..

ഒരു വലിയ മനസ്സുണ്ട്..പക്ഷെ അവസ്ഥ പരിമിതമായിപ്പോയി..

എന്നാലും ഇപ്പൊ സന്തോഷമുണ്ട്...

അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ !!

NB : പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്..

തിരുവനന്തപുരത്തുകാരെ മുഴുവൻ അവജ്ഞയോടെ കാണുന്ന ചിലരെങ്കിലും വടക്കോട്ട് ഉണ്ട്..

അവരോട് ഒന്നേ പറയാനുള്ളൂ..

ഞങ്ങളുടെ മനസ്സ് അറിയണമെങ്കിൽ നിങ്ങൾ തിരുവനന്തപുരത്തെ ഒഴിഞ്ഞ കടകളിലേക്ക് നോക്കിയാൽ മതി..

ഇപ്പോഴും മഴ പൊടിയുമ്പോൾ പിടയ്ക്കുന്ന ഹൃദയത്തോടെ വടക്കോട്ട് കുതിക്കുന്ന ഞങ്ങളുടെ നന്മമനസ്സ് നിങ്ങൾ കാണാതെ പോകരുത്..

സ്നേഹത്തോടെ

നിങ്ങളുടെ സ്വന്തം നന്ദൂസ്