പതിനെട്ടു വർഷങ്ങൾക്കു മുൻപ് പഠിപ്പിച്ച ടീച്ചറെ തേടിയിറങ്ങിയ യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. ഇടുക്കി സ്വദേശിയായ ആൽവിൻ ജോസ് എന്ന യുവാവാണ് മൂന്ന്, നാല് ക്ലാസുകളിൽ പഠിപ്പിച്ച ഓമന ടീച്ചറെ കാണാൻ യാത്ര പുറപ്പെട്ടത്. ചില ഓർമകളും അമ്മ നല്‍കിയ വിവരങ്ങളും കൈമുതലാക്കി തുടങ്ങിയ യാത്ര ഓമന ടീച്ചറിലെത്തി നിൽക്കുമ്പോഴുണ്ടായ ഹൃദയസ്പർശിയായ അനുഭവം ആൽവിൽ സമൂഹമാധ്യമത്തിൽ പങ്കുവെയ്ക്കുന്നു.
‘‘ഇവിടെ വരെ എത്താൻ ഉള്ള ഒരു കാരണം ടീച്ചർ ആണെന്ന് പറഞ്ഞപ്പോ ലോകത്തിൽ എങ്ങും കാണാത്ത ഒരു സന്തോഷം ടീച്ചറുടെ മുഖത്തു ഞാൻ കണ്ടു . ടീച്ചറുടെ അപ്പനും അമ്മയും ഭർത്താവും എല്ലാം വന്നു .. ഒരുപാട് വർഷങ്ങൾക്കു ശേഷം തന്നെ കാണാൻ വന്ന തന്റെ കുഞ്ഞു വിദ്യാർഥിയെ അവർക്കു കാണിച്ചു കൊടുക്കാൻ വലിയൊരു ആകാംഷ ആയിരുന്നു ! ഞാൻ ടീച്ചർക്ക് ആയിട്ടു കൊണ്ട് വന്ന സാരി തുറന്ന് ടീച്ചറുടെ ൈകയിൽ കൊടുത്തു’’
ഗുരു–ശിഷ്യ ബന്ധത്തിന്റെ ആഴം വ്യക്തമാക്കി അധ്യാപകദിനത്തിൽ ആൽവിൻ ജോസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം;
ഗുരു–ശിഷ്യ ബന്ധത്തിന്റെ ആഴം വ്യക്തമാക്കി അധ്യാപകദിനത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം;
‘‘#18_വർഷങ്ങൾക്_ശേഷം_എന്റെ_ടീച്ചറെ_കണ്ടെത്താൻ_ഒരു_യാത്ര.....
( ഇത് ഒരു സ്ഥലം തേടി ഉള്ള യാത്ര അല്ല, മറിച്ചു കണ്ട് പിടിക്കാൻ പറ്റുമോ എന്ന് അറിവില്ലാത്ത, ഒരാളെ തേടി ഉള്ള യാത്ര ആണ് )
ഞാൻ ടീച്ചറുടെ അഡ്രസ് ഉള്ള പേപ്പറും, സമ്മാനം കൊടുക്കാനും ഉള്ള സാരിയും ബാഗിൽ ആക്കി.. കണ്ട് പിടിക്കാൻ പറ്റുമോ എന്ന് അറിയില്ല .. എന്നാലും ഒരു ശ്രമം മാത്രം..
" ഹലോ വിവേക് "
" യെസ് പറയ് ടാ "
" ടാ ഇന്ന് തൊടുപുഴ ഉടുമ്പന്നൂർ എന്ന സ്ഥലത്തേക്ക് ഒരു ട്രിപ്പ് പിടിച്ചാലോ ? ഞാൻ പറഞ്ഞട്ടില്ലേ എന്നെ 4ആം ക്ലാസ്സിൽ പഠിപ്പിച്ച ഒരു ഓമന ടീച്ചർ ! ടീച്ചർ അവിടെ എവിടെയോ ആണ് . ടീച്ചറെ കാണണം "
" നിനക്കു അതിനു വീട് അറിയുമോ ? "
" ഇല്ലടാ , അവിടെ ചെന്ന് ചോദിച്ചു, കണ്ട് പിടിക്കണം "
" ഓക്കേ ഗണേഷും കാണും ചിലപ്പോൾ, ഒക്കെ "
വിവേക് ഒരു അസിസ്റ്റന്റ് ഡയറക്ടർ ഒക്കെ ആണ് . ഗണേഷ് ഞങ്ങടെ ബെസ്ററ് ബഡിയും .
"ഓക്കേ ടാ അപ്പൊ നിങ്ങൾ വേഗം ഇറങ്ങിക്കോ "
ഞാൻ റെഡി ആയ് ബുള്ളറ്റ് എടുത്ത് ഇറങ്ങി . കളമശ്ശേരി സോഷ്യൽ പള്ളിക്ക് മുമ്പിലെ യൗസേഫ് പിതാവിന്റെ മുമ്പിൽ കാര്യം പറഞ്ഞു , മനസ്സിൽ മാതാവിന്റെ മുഖത്ത് ഒരു ഉമ്മയും കൊടുത്തു ഒന്ന് പ്രാത്ഥിച്ചു ..വണ്ടി എടുക്കുന്നെന്നു മുമ്പുള്ള പ്രാർത്ഥന .. ഗണേഷും വിവേകും എത്തി . ഏകദേശം 2.30 മണിക്കൂർ ഉണ്ട് തൊടുപുഴ എത്താൻ. യാത്ര തുടങ്ങുന്നു..
ഞാൻ 18 വർഷങ്ങൾക് മുമ്പ് പഠിപ്പിച്ച ടീച്ചറെ കാണാൻ പോകുവാണ് .. !! 1999 and 2000 ഇൽ 3 ലും 4 ലും എന്നെ പഠിപ്പിച്ച ടീച്ചർ ആണ് ഓമന ടീച്ചർ . ക്ലാസിനു ശേഷം ടീച്ചർ എവിടാണെന്നോ എങ്ങോട്ട് പോയെന്നോ അറിഞ്ഞു കൂടാ . ?
രണ്ടര മണിക്കൂർ ട്രാവൽ ഇല്ലേ ? ടീച്ചറുടെ അഡ്രസ് കിട്ടിയ വിധം ഓർക്കാനും പറയനും ഉള്ള ടൈം ഉണ്ട് ..പറയാം..
ഓമന ടീച്ചർ , സ്ഥലം ശാസ്താംകോട്ട , 8 വയസുകാരൻ ഓർമയിൽ അത്രയേ അറിയൂ .. അന്ന് വരെ ഒന്നുമല്ലാതെ ആയിരുന്ന എന്നെ ആരൊക്കെയോ ആക്കിയത് ടീച്ചർ ആണ് . 2000 ഇൽ കാനേഷുമാരി സെൻസസ് നടക്കുന്ന സമയം , അവധികാലം ആണ് . മുരിക്കാശ്ശേരി എന്ന എന്റെ ഗ്രാമത്തിലെ സെൻസസ് ഡ്യൂട്ടി മുഴുവൻ എന്റെ ടീച്ചർക്ക് ആയിരുന്നു .. കുന്നും മലയൊക്കെ കേറാൻ ടീച്ചർ അന്ന് എന്നെ ആണ് കൂട്ടു വിളിച്ചത് .. അമ്മയെ പോലെ കണ്ടത് കൊണ്ടാവാം ഞാനും മുന്നും പിന്നും നോക്കാതെ ഒപ്പം ഇറങ്ങി.. ഒരു മകനെ പോലെ ഞാനും ടീച്ചർടെ ഒപ്പം നടന്നു. പല വീടുകൾ ചെല്ലുമ്പോളും ദാഹിച്ചു വലഞ്ഞു ആവും ചെല്ലുക , വീട്ടുകാർ എന്തെങ്കിലും കുടിക്കാൻ കൊടുത്താൽ ടീച്ചർക്ക് മാത്രം , എന്നെ നോ മൈൻഡ് .. പിള്ളേരല്ലേ !! .. പക്ഷെ വീട്ടുകാരുടെ കണ്ണ് ഒന്ന് തെറ്റിയാൽ ടീച്ചർടെ ആ ഒരു ഗ്ലാസ് വെള്ളം എനിക്ക് തരും, എന്നിട് തലയിൽ ഒന്ന് തലോടും.. ഒപ്പം നടക്കുമ്പോ ഞാൻ ടീച്ചറെ ഇങ്ങനെ നോക്കാറുണ്ട് . ഒരു 'അമ്മ സ്നേഹം പോലെ .. അന്നത്തെ ഒരു മാസം കൊണ്ട് ടീച്ചർ മുഖം ഒരിക്കലും മറക്കാത്ത ഒന്നായി മാറിയിരുന്നു .. 2 ആം ക്ലാസ് വരെ മലയാളം പോലെ മര്യാദക്ക് വയ്ക്കാൻ പോലും അറിയാത്ത എന്നെ ടീച്ചർ ആണ് ആദ്യമായിട്ട് ഒരു പ്രസംഗ മത്സരത്തിന് കൊണ്ട് പോകുന്നത്, ഇടുക്കി വെള്ളയാംകുടിയിൽ സ്കൂൾ കലോത്സവത്തിന് .. അവിടെ വെച്ച് ആണ് ജീവിതത്തിൽ ആദ്യമായ് ജയിക്കുന്നത് . അന്ന് ജയിച്ച ആദ്യ ജയം ജീവിതത്തിലെ ഒരു വലിയ കാൽവെപ്പ് ആയിരുന്നു .. ഒരു സാധാ ഗ്രാമത്തിൽ നിന്ന്, ഇന്നുള്ള നിലയിലേക്കു ഒരു ചാർട്ടേർഡ് അക്കൗണ്ട് അയ് മാറിയപ്പോ, ജീവിതത്തിലെ ഓരോ ജയത്തിലും അന്ന് ടീച്ചർ തന്ന ഓർമ്മകൾ കരുത്തായിരുന്നു .. CA പാസ്സ് ആയ് കഴിഞ്ഞു ആദ്യം ഓർത്തതും ഓമന ടീച്ചറെ കാണാൻ ആയിരുന്നു .
എങ്ങനെ കാണാൻ എവിടെ ആണെന്ന് ഓർത്തു തപ്പാൻ ആണ് . 18 വർഷങ്ങൾക് മുമ്പ് ഉള്ള ആളെ പറ്റി ആരോട് ചോദിക്കാൻ . !! ടീച്ചർ മറ്റു എവിടെ നിന്നോ വന്ന ആളാണ് .. പഠിപ്പിക്കുമ്പോ വാടക വീട്ടിൽ ആയിരുന്നു ടീച്ചറും ചെറിയ ഒരു മകളും താമസച്ചിരുന്നത് ... 2001 ഇൽ ഞങ്ങടെ ക്ലാസ് നു ശേഷം ടീച്ചർ സ്ഥലം മാറി പോയി എന്ന് കേട്ടിരുന്നു .. വേറെ ഒന്നും അറിവില്ല .
അകെ ഉള്ള തുമ്പ് വീട്ടിലെ പഴയ ഫോൺ നമ്പർ എഴുതുന്ന ഡയറിലെ 4 ആം ക്ലാസ്സിലെ പൊട്ട കൈ അക്ഷരത്തിൽ എഴുതിയ 3 കാര്യങ്ങൾ ആണ് ..
ഓമന ടീച്ചർ
ശാസ്താംകോട്ട
0486 -2541819
4 ആം ക്ലാസ് തീരുന്നതിനു മുമ്പ് teacher ബോർഡ് ഇൽ എഴുതി ഇട്ടതാണ് അത് എന്ന് ഓർമ്മ ഉണ്ട് .. ഹൈ സ്ക്കൂളിലെ സാമൂഹ്യപാഠം പുസ്തകത്തിലെ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ? ശാസ്താംകോട്ട എന്ന് ആവർത്തിച്ച് പഠിക്കുമ്പോ , മനസ്സിൽ പറയുമായിരുന്ന്നു ആഹാ ഇത് ഓമന ടീച്ചറിന്റെ സ്ഥലം ആണല്ലോ ..
ഏതായാലും കിട്ടിയ തുമ്പ് വെച്ച ഒന്ന് വിളിച്ചാലോ എന്ന് അയ് .. ഒന്ന് നമ്പർ കുത്തി നോക്കി .. അങ്ങനെ ഒരു നമ്പരെ ഇല്ല .. എഴുതി വെച്ചിരിക്കുന്നതെ തെറ്റാണു ... ! പൊട്ട തെറ്റ് !!
ചെറുപ്രായത്തിലേ പോക്രിത്തരം !!
ഇനി മമ്മി ആണ് ഏക വഴി ..
"മമ്മി ഞാൻ ഓമന ടീച്ചറെ ഒന്ന് കാണാൻ പോയാലോ എന്ന് ഓർക്കുവാ "
" ഏത് ഓമന ടീച്ചർ ? "
"എന്റെ മമ്മി എന്നെ 3യിലും 4ലും എന്നെ പഠിപ്പിച്ച ടീച്ചർ ഇല്ലെ മമ്മി , ഓമന ടീച്ചർ."
"അതിനു ഓമന ടീച്ചർ എവിടെ ആണെന്ന് നിനക്കു അറിയാമോ ? "
" ഓ പിന്നെ ശാസ്താംകോട്ട എവിടെയോ ആണ് , ബാക്കി ഒക്കെ തപ്പി കണ്ട് പിടിക്കും "
ഇത് കേട്ടതും മമ്മി നിർത്താതെ ചിരി ആണ് .. അല്ല ഇപ്പോ എന്താ ഉണ്ടായേ ചിരിക്കാൻ
" ടാ കൊച്ചെ അത് ശാസ്താംകോട്ട അല്ല ശാസ്താംകുന്നേൽ ആണ് ,ടീച്ചറിന്റെ വീട്ടുപേര് ആണ് . വീട് തൊടുപുഴ ഏതോ ഒരു സ്ഥലത്തു ആണ് "
ഏഹ്ഹ് .. എന്നാലും കഴിഞ്ഞ 18 വർഷം ഞാൻ എന്റെ 4 ആം ക്ലാസ്സിലെ വിവരം ഓർത്തു മുന്നോട്ടു പോകുവായിരുന്നല്ലോ .. വലിയ തെറ്റ് .. ! ശാസ്താംകുന്നേൽ എങ്ങനെ ശാസ്താംകോട്ട എന്ന് ആലോചിക്കാൻ 8 വയസ്സിലെ മുഴുവൻ ഓർമ എനിക്ക് ഇല്ലതാനും.. "
എന്തായാലും ഇത് നല്ലൊരു തെളിവ് ആണ് !!!
വീട്ടുപേര് " ശാസ്താംകുന്നേൽ " !!
എന്നാലും 60 കഴിഞ്ഞ മമ്മിക് ഇത്ര ഓർമയോ ? സമ്മതിച്ചിരിക്കുന്നു . മമ്മിയുടെ ഓർമ്മ എനിക്കും പണ്ടേ ബോധ്യപ്പെട്ടിട്ടുള്ളതാണ് . സ്കൂളിൽ പഠിക്കുമ്പോ ഓരോ ഹിന്ദി വാക്ക് പറയുമ്പോൾ അതിന്റെ അർഥം മമ്മി പറയണത് കേൾക്കണം . ആള് 10 ആം ക്ലാസ്സിൽ പഠിച്ച ഓർമയിൽ നിന്നാണെന്ന് ഓർക്കണം . സ്കൂൾ 1970 ലെ രാജാക്കാട് ഒക്കെ ഉള്ളതാണ് . അതാണ് മമ്മീടെ ഓർമ്മ .. സമ്മതിച്ചിരിക്കുന്നു .. !
ഇനി ടീച്ചറിന്റെ കാര്യം എങ്ങനെ സെറ്റ് ആകും ?
3 ഡീറ്റൈൽസ് ആയ്
1 . പേര് : ഓമന
2 . വീട്ടുപേര് : ശാസ്താംകുന്നേൽ
3 . സ്ഥലം : തൊടുപുഴ എവിടെയോ
4. മറ്റുള്ളവ : 1999, 2001 മുരിക്കാശ്ശേരി സ്കൂളിൽ എന്നെ പഠിപ്പിച്ചട്ടുണ്ട് .
കൂടെ പഠിച്ച പലരോടും ചോദിച്ചു ആർക്കും അത് ഒന്നും അത്ര ഓർമ്മ ഇല്ല .. തൊടുപുഴ എവിടെ ആണെന്ന് ഓർത്തു തപ്പും ..
ഒരു ബുധനാഴ്ച , ഓഫീസ് കഴിഞ്ഞു സിസ്റ്റം ഒക്കെ ഓഫ് ചെയ്യാൻ പോകുന്നൂ . ആലോചന അടുത്ത ഞായറാഴ്ച എങ്ങോട് ട്രിപ്പ് പോകും . പല സ്ഥലങ്ങൾ വെറുതെ ഒന്ന് ഗൂഗിൾ സെർച്ച് ചെയ്തു .. ഇടക്ക് ഒരു ഭംഗിക് വെറുതെ ടൈപ്പ് ചെയ്തു " ഓമന ടീച്ചർ ശാസ്താംകുന്നേൽ "
കുറെ ശാസ്താംകുന്നേൽ റിസൾട്ട് വന്നു .. ആദ്യത്തെ ഒന്നുമല്ല .. കുറെ ഫയൽ തുറന്ന് നോക്കി, നോ രക്ഷ ,
വെറുതെ ഓരോന്ന് ഓപ്പൺ ചെയ്തു കൊണ്ടേ ഇരുന്നു . പക്ഷെ അതിൽ നാലാമത്തെ ഫയൽ
- ഒരു സ്കൂളിന്റെ ആയിരുന്നു അതിൽ എന്റെ ടീച്ചറിന്റെ ഫോട്ടോ !!
St. George HSS ഉടുമ്പന്നൂർ ടീച്ചേർസ് വിവരങ്ങൾ ആണ് . ഒരു നിമിഷം വിശ്വസിക്കാൻ പറ്റിയില്ല . ഫുൾ അഡ്രെസ്സ് അടക്കം ഉണ്ട് അതിൽ . കണക്ക് പ്രകാരം ടീച്ചറുടെ retirement ആയിട്ടുണ്ടാവണം .. സന്തോഷം കൊണ്ട് മറ്റൊരു ലോകത്തു ആയ പോലെ .. ഒന്ന് ഉറപ്പിച്ചു , പോകണം , ഉടുമ്പന്നൂരിലേക് , കണ്ട് പിടിക്കണം ടീച്ചറെ .. ഒരു സമ്മാനം കൊടുക്കണം , ഒരുപാട് വർഷങ്ങൾക് ശേഷം കാണാൻ പോകുവല്ലേ , Yes 18 വർഷങ്ങൾ .. വെബ് സൈറ്റിൽ കൊടുത്ത ടീച്ചറുടെ
മുഖത്തേക്ക് ഒന്ന് നോക്കി .. വലിയ മാറ്റം ഒന്നുമില്ലല്ലേ .. 8 വയസ്സിലെ ഓർമയിൽ ഇത് പോലെ ഒക്കെ തന്നെ ആണ് .. വൈകിട്ട് മമ്മിയെ വിളിച്ചു കാര്യം പറഞ്ഞു , ഒരു കേസ് തെളിയിച്ച CBI ഓഫീസറുടെ ഭാവം ആയിരുന്നു എനിക്ക് .. മമ്മി നല്ല ചിരിയും ..
അങ്ങനെ അടുത്ത ദിവസം തന്നെ ടീച്ചേർക്കുള്ള ഒരു സാരിയും വാങ്ങി . അതിൽ കൂടുതൽ എന്റെ ടീച്ചർക്ക് എന്ത് കൊടുക്കാൻ ആവും ... എല്ലാം തീരുമാനിച്ചു , അടുത്ത ഞായറഴ്ച ഇറങ്ങാൻ തീരുമാനിച്ചു എന്റെ ടീച്ചറെ തേടി ഉടുമ്പന്നൂരിലേക് ..
മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴ റൂട്ട് നല്ല കിടിലൻ വഴി ആണ് .. ഉറക്കെ പാട്ടൊക്കെ പാടി നല്ല അടിപൊളി റോഡ് ഒക്കെ ആസ്വദിച്ചു അങ്ങനെ .. ഗണേഷും വിവേകും മുമ്പിൽ ഉണ്ട് . കുറച്ചു ദൂരം ചെന്നപ്പോ ഉടുമ്പന്നൂരിലേക്ക് ഉള്ള ബോർഡ് കണ്ടു . ആ വഴി എടുത്തു . ഏകദേശം ഒരു 45 മിനിട്സ് .. ഉടുമ്പന്നൂർ !!! സ്ഥലം എത്തിയിരിക്കുന്നു .
വണ്ടിയിൽ നിന്ന് ഇറങ്ങി അടുത്ത് കണ്ട ഒരു ബേക്കറിയിൽ ചോദിച്ചു
" ചേട്ടാ ഈ ഓമന ടീച്ചർ , ഉടുമ്പന്നൂർ സ്കൂളിൽ ഒക്കെ പഠിപ്പിച്ചതാണ് , ശാസ്താംകുന്നേൽ എന്നാണ് വീട്ടുപേര് . വീട് എവിടാണെന്ന് അറിയുമോ "
ചേട്ടൻ കുറച്ചു നേരം ആലോചിച്ചു
" അങ്ങനെ ഒരാളെ അറിയില്ലലോ മോനെ , നിങ്ങൾ നേരെ കാണുന്ന ഇറച്ചിക്കടയിൽ ഒന്ന് ചോദിച്ചേക് അവര് പണ്ട് തൊട്ടേ ഇവിടെ ഉള്ളവരാണ് , അവർക്കു അറിയാൻ പറ്റണം "
" ശെരി ചേട്ടാ"
ഞങ്ങൾ നേരെ അടുത്ത് കണ്ട ഇറച്ചി കടയിലേക്കു ചെന്ന് . ഞായറാഴ്ച അല്ലെ നല്ല തിരക്കുണ്ട് .
" ചേട്ടാ അതേയ് ഈ ഓമന ടീച്ചറെടെ വീട് എവിടെയാണെന്ന് അറിയുവോ , ശാസ്താംകുന്നേൽ . ഇവിടുത്തെ സ്കൂളിൽ പഠിപ്പിച്ചതാണ് ."
" ഏത് നമ്മടെ ശാസ്താംകുന്നെലെ ടീച്ചറോ , എന്ത് പറ്റി മക്കളെ എന്താ കാര്യം "
" ഏയ് എന്നെ പണ്ട് ഇടുക്കിയിലെ ഒരു സ്കൂളിൽ പഠിപ്പിച്ചതാണ് ഒന്ന് കാണാൻ വന്നതാണ് "
" അഹ് ശെരിയാണ് ടീച്ചർ പണ്ട് ഇടുക്കിലെ ഒരു സ്കൂളിൽ ആയിരുന്നു . ടീച്ചറുടെ വീട് ഇവിടെ നിന്ന് നേരെ പോയി ഇടത്തോട്ട് 5 മിനിറ്റ് , അവിടെ ചോദിച്ചാൽ മതിടാ മക്കളേ "
ഞങ്ങൾ വണ്ടി എടുത്ത് ആളു പറഞ്ഞ വഴിയിൽ എത്തി . ആദ്യം കണ്ട വീട്ടിൽ ചോദിച്ചു ,
"തൊട്ട് അപ്പുറത്തുള്ള വീട് കാണിച്ചു "
" അതാണ് ടീച്ചറുടെ വീട് "
ഗണേഷും വിവേകും പുറത്തു നിന്നു .
ഞാൻ വണ്ടി വീടിന്റെ മുറ്റത്തു നിർത്തി ഇട്ടിരുന്ന ജാക്കറ്റ് ഊരി ബൈക്കിൽ വെച്ച് വീടിന്റെ മുമ്പിലേക് ചെന്ന്.
ഇനി ടീച്ചർക്ക് എന്നെ അറിയില്ലെങ്കിലോ ?? ആദ്യം കാണുമ്പോ എന്ത് പറയും ? എങ്ങനെ പരിചയപ്പെടുത്തും ? ആഹ് എന്തേലും ആവട്ടെ ഞാൻ വീടിന്റെ ബെല്ല് അടിച്ചു . ആദ്യം വന്നത് ഒരു ടീച്ചറുടെ മകൻ ആയിരുന്നു 18 വയസു തോന്നിക്കും .
" ഓമന ടീച്ചർ ? "
" എന്റെ 'അമ്മ ആണ്, അകത്തേക്കു വരൂ "
എന്നെ ഉള്ളിലേക്കു ക്ഷണിച്ചു .
ടീച്ചർ വന്നു .. പഴയ അതെ രൂപം തന്നെ .
" ആരാ മനസിലായില്ലലോ ? "
ടീച്ചറുടെ മുഖത്തും ഒരു ആകാംഷ ഉണ്ട് .
" പേര് ആൽവിൻ എന്നാണ് , എന്നെ ടീച്ചർ 4 ആം ക്ലാസ്സിൽ പഠിപ്പിച്ചട്ടുണ്ട് . അന്ന് സെൻസസ് നടക്കുന്ന സമയത്തു കുറെ ദിവസം ഞാൻ ആയിരുന്നു ടീച്ചർക്ക് കൂട്ട് വന്നത് "
" അഹ് ഓർകുന്നുണ്ട് ഓർക്കുന്നുണ്ട് "
" പക്ഷെ ടീച്ചർക്കും വിശ്വസിക്കാൻ സാധിക്കുന്നില്ല 18 വർഷം മുമ്പുള്ള 8 വയസ്സിലെ കാര്യങ്ങൾ ഒക്കെ ഇപ്പോഴും ഓർമ ഉണ്ടോ ? ഇപ്പൊ എന്താ ചെയ്യുന്നേ , വീട് എങ്ങനെയാ കണ്ട് പിടിച്ചേ ? എന്നെ എങ്ങനെ ഓർമ്മ വന്നു ? ആരാ പറഞ്ഞേ ഞാൻ ഇവിടെ ആണെന്ന് ? എന്നിങ്ങനെ 100 കൂട്ടം ചോദ്യങ്ങൾ ഉണ്ടായിരുന്നു ടീച്ചർക്ക് !!!!
എല്ലാം വിശദമായി പറഞ്ഞു കൊടുത്തു .. ഞാൻ ഇപ്പൊ ചാർട്ടേർഡ് അക്കൗണ്ടന്റ് അയ് ഇവിടെ വരെ എത്താൻ ഉള്ള ഒരു കാരണം ടീച്ചർ ആണെന്ന് പറഞ്ഞപ്പോ ലോകത്തിൽ എങ്ങും കാണാത്ത ഒരു സന്തോഷം ടീച്ചറുടെ മുഖത്തു ഞാൻ കണ്ടു .
ടീച്ചറുടെ അപ്പനും അമ്മയും ഭർത്താവും എല്ലാം വന്നു .. ഒരുപാട് വർഷങ്ങൾക്കു ശേഷം തന്നെ കാണാൻ വന്ന തന്റെ കുഞ്ഞു വിദ്യാർത്ഥിയെ അവർക്കു കാണിച്ചു കൊടുക്കാൻ വലിയൊരു ആകാംഷ ആയിരുന്നു !
ഞാൻ ടീച്ചർക്ക് ആയിട്ടു കൊണ്ട് വന്ന സാരി തുറന്ന് ടീച്ചറുടെ കൈൽ കൊടുത്തു
" ഇഷ്ടമാകുമോ എന്ന് അറിയില്ലാട്ടോ "
വീണ്ടും വീണ്ടും ടീച്ചറുടെ മുഖത്തു സന്തോഷത്തിന്റെ ഒരായിരം വാൾട്ട് കത്തി നിൽക്കുന്നത് കാണാമായിരുന്നു ..
" ദേ എന്റെ കൊച്ചു ഇത്ര വർഷത്തിന് ശേഷം എന്നെ കാണാൻ എനിക്ക് സമ്മാനം ആയിട്ട് വന്നേക്കുന്നു "
ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു .. ഒരുപാട് സംസാരിച്ചു .. സമയം പോയതേ അറിഞ്ഞില്ല .
ഇറങ്ങാൻ സമയം ആയിരിക്കുന്നു, തന്നെ നോക്കി 2 ഫ്രണ്ട്‌സ് പുറത്തു നില്കുന്നുണ്ടന്ന് അപ്പോഴാണ് ഓർത്തത് ..
ഫുഡ് കഴിച്ചു പോകാം എന്ന് ഒരുപാട് നിർബന്ധിച്ചു .. ഇനിയും ഒരിക്കൽ വരാം എന്ന് വാക്ക് കൊടുത്തു ..
ഇറങ്ങുന്നതിനു മുമ്പ് " ഞാൻ അധികം താമസിക്കാതെ ജോലി ആവശ്യം ആയിട്ട് ഗൾഫിലേക് പോകും എന്ന് പറഞ്ഞു , ടീച്ചറുടെ അനുഗ്രഹം വേണം "
2 കൈയും തലയിൽ വെച്ച് ടീച്ചർ പറഞ്ഞു
" ലോകത്തിൽ എവിടെ പോയാലും നന്നായി വരും കേട്ടോ എല്ലാ അനുഗ്രഹവും ഉണ്ട് മോന് "
നന്ദി . !!
ഒരു ലോകം കീഴടക്കിയ സന്തോഷം. യാത്ര പറഞ്ഞു
തിരികെ ബുള്ളറ്റ് എടുത്ത് തിരിച്ചു ഫ്രണ്ട്സന്റെ അടുത്തേക്ക് .. ഉടമ്പന്നൂരിൽ നിന്ന് അധികം ഇല്ല തൊമ്മൻകുത്തിലേക്ക് . നേരെ അങ്ങോട്ട് ..
യാത്രയിൽ മുഴവനും എന്തോ ഒരു സന്തോഷത്തിന്റെ വലയം ചുറ്റിലും ഉണ്ടായിരുന്നു . ഇപ്പോഴും ഉണ്ട് .. നന്ദിയുടെ അനുഗ്രഹത്തിന്റെ , എന്റെ ടീച്ചറുടെ ..!!!
നന്ദി എന്റെ ഓമന ടീച്ചറിന് ..
എന്നെ ഞാൻ ആക്കി തീർത്തതിൽ ..
നന്ദി നന്ദി ................
#സെപ്റ്റംബർ 5 ടീച്ചേർസ് ഡേ എന്റെ ടീച്ചർക്ക്
സ്നേഹത്തോടെ
ആൽവിൻ