ഏറെ പ്രതീക്ഷകളുമായി ഇളനീർ സംസ്കരണ പ്ലാന്റിന് തുടക്കമിട്ടിരിക്കുകയാണ് ടി.സതീഷും സുഹൃത്തുക്കളും. പാലക്കാട് ജില്ലയിലെ മൂലക്കടയിൽ അഗ്രികോൾസ് നാച്ചുറൽ ഫുഡ് പ്രൈ. ലിമിറ്റഡ് എന്ന പേരിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
എന്താണു ബിസിനസ്?
നാച്ചുറൽ ടെൻഡർ കോക്കനട്ട് വാട്ടർ, അതിന്റെ സംസ്കരണവും വിൽപനയുമാണു ബിസിനസ്. പ്രാദേശികമായും അല്ലാതെയും ശേഖരിക്കുന്ന ഇളനീർ കഴുകി വൃത്തിയാക്കുകയാണ് ആദ്യപടി. തുടർന്ന് ബോറിങ് ആൻഡ് സക്കിങ് യൂണിറ്റ് വഴി ഇളനീരിൽനിന്നു െവള്ളം ശേഖരിക്കുന്നു. പിന്നീട് അതു തണുപ്പിക്കുന്നു. ഒരാഴ്ച ക്വാളിറ്റി പരിശോധന നടത്തുന്നു. പിന്നീട് ലേബൽ ചെയ്തു മാർക്കറ്റിൽ വിതരണം ചെയ്യുന്നു. 15,000 ബോട്ടിൽ (200 എംഎൽ വീതമുള്ളത്) പ്രതിദിനം ഉൽപാദിപ്പിക്കുവാൻ ശേഷിയുണ്ട്. സ്ഥാപനം തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷമായി.
പരീക്ഷണം വിജയകരം
ഒരു വർഷമായി ഈ ഉൽപന്നം വിപണിയിൽ ഉണ്ട്. ‘സിപ് ഒ നട്ട്’ എന്ന ബ്രാൻഡിലാണു വിൽപന. സ്ഥിരം വിതരണക്കാരെ കണ്ടെത്താൻ കഴിഞ്ഞിടത്താണ് വിജയത്തിന്റെ തുടക്കം. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇപ്പോൾ വിതരണക്കാർ ആയി. േകരളത്തിെല പ്രധാന പട്ടണങ്ങളിലെ ആശുപത്രികളിലെല്ലാം നന്നായി വിറ്റു പോകുന്നുണ്ട്. റിനൈ മെഡിസിറ്റി, അമൃത ഹോസ്പിറ്റൽ, പിവിഎസ്, ലേക്‌ഷോർ, എൽഎഫ് അങ്കമാലി തുടങ്ങിയ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ച് നല്ല രീതിയിൽ കച്ചവടം നടക്കുന്നു.
േകരളത്തിനു പുറത്ത് മുംൈബ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലും വിതരണക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്. വിൽപനയുടെ കൃത്യമായ കണക്ക് എടുക്കാവുന്ന സ്ഥിതി ആയിട്ടില്ല. എങ്കിലും മെച്ചപ്പെട്ട ലാഭം തന്നെ കിട്ടുന്നുണ്ട്. ഉയർന്ന ഗുണമേന്മയിൽ യഥാർഥ രുചിയും ഗുണവും ചോർന്നു പോകാതെയാണ് ഇളനീരിന്റെ സംസ്കരണം. സിറിഞ്ച് ഔട്ട് െചയ്താണു സക്കിങ് യൂണിറ്റ് പ്രവർത്തിക്കുന്നത്. യഥാർഥ കളറും ആകർഷകമായ പായ്ക്കിങ്ങും വിശേഷണങ്ങളിൽപ്പെടുത്താം.
85 ലക്ഷം രൂപയുടെ മെഷിനറികൾ
ബോറിങ് ആൻഡ് സക്കിങ് യൂണിറ്റ് (സിറിഞ്ച് ഔട്ട്), ചില്ലിങ് യൂണിറ്റ്, ബോട്ടിലിങ് പ്ലാന്റ്, പാസ്ചുറൈസർ, ജനറേറ്റർ എന്നിവയാണ് പ്രധാന മെഷിനറികൾ. 85 ലക്ഷം രൂപയോളം ഇവയ്ക്കു വേണ്ടിവന്നിട്ടുണ്ട്. നിലവിൽ കോക്കനട്ട് ഡവലപ്മെന്റ് ബോർഡിൽ നിന്നു സഹായം ലഭിക്കുന്നുണ്ട്. 4000 ചതുരശ്രയടി കെട്ടിടവും 23 ജോലിക്കാരും ഇപ്പോൾ ഉണ്ട്.
സ്വന്തമായി വാങ്ങിയ ഒരേക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. സതീഷിനെ കൂടാതെ എസ്ബിഐയിൽനിന്നു റിട്ടയർ ചെയ്ത ഇ. വിജയരാഘവൻ, പ്രഫഷനൽ അക്കൗണ്ടന്റ് ആയ പി.എസ്. ബാലകൃഷ്ണൻ എന്നിവർ ഡയറക്ടർ ബോർഡിൽ പ്രവർത്തിക്കുന്നു. കാർഷിക സർവകലാശാലയിൽനിന്നു ബിഎസ്‌സി ബിരുദവും മാർക്കറ്റിങ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കൂടാതെ ഏറെക്കാലത്തെ ജോലി പരിചയവും സതീഷിനുണ്ട്. അതെല്ലാം ഈ സംരംഭത്തിനു ഗുണം ചെയ്തു.
പുതുതായി നാച്ചുറൽ ഫ്ളേവറുകളിൽ വ്യത്യസ്തതരം ഡ്രിങ്കുകൾ ഉൽപാദിപ്പിക്കുവാനുള്ള പദ്ധതിയിട്ടിരിക്കുകയാണ് ഇവർ. നന്നാറി, ഇഞ്ചി, ഗുലാബി എന്നീ ഫ്ളേവറുകളാണ് ആദ്യഘട്ടത്തിൽ ചെയ്യുക.
പ്രതിദിനം 15,000 ഇളനീർ
ഒരു കരിക്കിൽനിന്നു ശരാശരി 200 മില്ലി േതങ്ങാവെള്ളമാണു ലഭിക്കുന്നത്. 15000 ഇളനീർ ഉണ്ടെങ്കിേല 3000 ലീറ്റർ പ്രതിദിനം ഉൽപാദിപ്പിക്കുവാൻ കഴിയൂ. 200 മില്ലി ബോട്ടിലുകളിൽ നിറച്ചാണ് വിൽപന. 35 രൂപയാണ് ഇതിന്റെ പരമാവധി വില. പ്രതിദിനം 10,000 കരിക്കുവരെ പാലക്കാടു ജില്ലയിൽ നിന്നു ലഭിക്കുന്നു. ഒരെണ്ണത്തിനു 14 രൂപ വരെ വിലയുണ്ട്. ഹൈബ്രിഡ് വെറൈറ്റിക്ക് 16 രൂപ വില വരും. പാലക്കാട് ജില്ലയിെല കർഷകരിൽ നിന്നു തന്നെ പരമാവധി ഇളനീർ ശേഖരിക്കുവാനാണു ശ്രമം.
വിലാസം:
അഗ്രികോൾസ് നാച്ചുറൽ ഫുഡ്
പ്രൈ. ലിമിറ്റഡ്
മൂലക്കട, വണ്ണാമട, പാലക്കാട്
ഫോൺ : 0492–3285002, 9846233638
Read more: Lifestyle Malayalam Magazine, Business Success Stories