ഒരു വർഷം കൊണ്ട് 50 ഉം 60 ശതമാനം നേട്ടം നൽകിയ മ്യൂച്വൽ ഫണ്ടുകൾ ഉണ്ടെന്നറിഞ്ഞു. അവ ഏതാണെന്നു പറഞ്ഞു തരുമോ? സന്തോഷ് മേനോന്റെ ആവശ്യം ഇതാണ്.
നേടണം ബാങ്കിൽ കിട്ടുന്നതിന്റെ ഇരട്ടി
അഞ്ചു വർഷം മുന്‍പ് ബാങ്കിൽ ഒരു ലക്ഷം എട്ടു ശതമാനത്തിനിട്ടിട്ട് തിരിച്ചു കിട്ടിയത് 1.48 ലക്ഷം രൂപ. പലിശ ആറു ശതമാനമായതിനാൽ ഇനി എവിടെ കൊണ്ടിടുമെന്ന ആശങ്കയായിരുന്നു. അപ്പോഴാണ് ഒരു ലക്ഷം രൂപ അഞ്ചു വർഷം കൊണ്ട് മ്യൂച്വൽ ഫണ്ടിൽ ഇരട്ടിയായി കിട്ടിയ കാര്യം സുഹൃത്തു പറഞ്ഞത്. അതോടെ നിക്ഷേപിക്കാൻ തീരുമാനിച്ചു. പക്ഷേ, പല പേരുകളിൽ, പല കമ്പനികളുടെ ആയിരക്കണക്കിനു ഫണ്ടുകളുണ്ട്. ഇതിൽ എനിക്കു പറ്റിയവ എങ്ങനെ കണ്ടെത്തും? നിർമല മാത്യുവിന്റെ ചോദ്യം.
മ്യൂച്വൽ ഫണ്ടുകളിലേക്കു നിക്ഷേപം ഒഴുകുകയാണെന്ന റിപ്പോർട്ടുകളാണ് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. മ്യൂച്വൽ ഫണ്ടുകൾ മിന്നുന്ന നേട്ടം നൽകുന്നതു മനസ്സിലാക്കി നിക്ഷേപിക്കാൻ കൂടുതൽ പേർ രംഗത്തെത്തുന്നതാണു കാരണം.
പക്ഷേ, കാര്യമായ ധാരണയില്ലാത്തതിനാൽ ബഹുഭൂരിപക്ഷത്തിനും ഏതു ഫണ്ട് തിരഞ്ഞെടുക്കണം എന്ന സംശയമാണ്. തുടക്കക്കാർ മാത്രമല്ല ശരിയായി അറിവില്ലാത്തവരും തങ്ങൾക്ക് അനുയോജ്യമല്ലാത്ത പദ്ധതികളിൽ നിക്ഷേപിച്ച് വലിയ നഷ്ടം വരുത്തി വയ്ക്കുന്നുണ്ട്. ഉദാഹരണത്തിന്, സന്തോഷ് മേനോൻ ആവശ്യപ്പെട്ട റിസ്ക് കൂടിയ സെക്ടർ ഫണ്ടുകൾ. അതേസമയം ശരിയായ പദ്ധതി കണ്ടെത്തി നിക്ഷേപിച്ച് വലിയ സമ്പത്ത് വളർത്തിയെടുക്കുന്നവരും ഏറെയാണ്. ഈ സാഹചര്യം പരിഗണിച്ച് സമ്പാദ്യം നിക്ഷേപകരുടെ സഹായത്തിനെത്തുകയാണ്. ഈ രംഗത്ത് കാര്യമായ വൈദഗ്ധ്യം ഇല്ലാത്തവർക്കായി, ഇപ്പോൾ നിക്ഷേപിക്കാൻ മികച്ച പത്ത് ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുത്തു നൽകുന്നു. പ്രമുഖ ഷെയർ ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ മ്യൂച്വൽ ഫണ്ട് ഗവേഷണവിഭാഗം ആണ് ഈ ടോപ് ഫണ്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ഓഹരി കുതിപ്പിന്റെ പാതയിലായതിനാൽ ഇക്വിറ്റി ഫണ്ടുകളിൽ വളരെ മികച്ച ആദായം പ്രതീക്ഷിക്കാം. അതിനാൽ ഈ ടോപ് ടെൻ ഫണ്ടുകളും ഇക്വിറ്റി ഫണ്ട് വിഭാഗത്തിൽ നിന്നുള്ളവയാണ്. ഇതുവരെ നൽകിയ നേട്ടം, ഫണ്ട് മാനേജരുടെ മികവ്, ബെഞ്ച് മാർക്ക് സൂചികയുമായുള്ള താരതമ്യം, കൈകാര്യം ചെയ്യുന്ന ആസ്തി, എങ്ങനെ വൈവിധ്യവൽക്കരിച്ചു നിക്ഷേപിച്ചിരിക്കുന്നു എന്നിവയെല്ലാം വിശകലനം ചെയ്താണ് ആയിരക്കണക്കിനു ഫണ്ടുകളിൽനിന്നു തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്.
എന്നാൽ ഇക്വിറ്റി ഫണ്ടിൽ എപ്പോഴും നഷ്ടസാധ്യതയുണ്ടെന്നു മനസ്സിലാക്കിയേ നിക്ഷേപിക്കാവൂ. അതുപോലെ കുറഞ്ഞത് അഞ്ചു വർഷ കാലയളവിലേക്ക് എങ്കിലും നിക്ഷേപിക്കുകയാവും നന്ന്.
വിപണി കുതിപ്പിന്റെ പാതയിൽ ഇത് മികച്ച സമയം
ഓഹരി വിപണിയും മ്യൂച്വൽ ഫണ്ട് നിക്ഷേപവും കുതിക്കുകയാണ്. സെൻസെക്സ് 30,000 ത്തിനു മുകളിൽ. നിഫ്റ്റി 10,000 നിലവാരത്തിൽ. ജിഎസ്ടി അടക്കമുള്ള പരിഷ്കരണ നടപടികൾ അടുത്ത രണ്ടു മൂന്നു വർഷത്തേക്ക് വിപണിയിൽ അനുകൂല സാഹചര്യം ഉറപ്പാക്കുമെന്ന് വിപണി വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നു. അതുകൊണ്ട് ഓഹരിയിൽ നിക്ഷേപിക്കാൻ ഇതു മികച്ച സമയമാണ്. എന്നാൽ ഓഹരിയിൽ നേരിട്ടു നിക്ഷേപിക്കാൻ അറിവും സമയവും ഇല്ലാത്തവർക്ക് അതിനുള്ള നല്ല മാർഗം ഇക്വിറ്റി ഫണ്ടുകളാണ്. ഓഹരിയിൽനിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികൾ.
നിക്ഷേപം ഒഴുകുന്നു
2016–'17 ൽ 18.3 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത്. 2015–'16 ൽ ഇത് 13.53 ലക്ഷം കോടിയായിരുന്നു. അതായത്, മുൻ വർഷത്തെക്കാൾ 35 ശതമാനം വർധന. മാർച്ച് 31 വരെയുള്ള കണക്കാണിത്. 2016–'17 ൽ 67 ലക്ഷം പുതിയ അക്കൗണ്ടുകൾ ആരംഭിച്ചു. ഇതോടെ നിക്ഷേപകരുടെ എണ്ണം 5.4 കോടിയായി.
നിശ്ചിത തുക മാസം നിക്ഷേപിക്കാവുന്ന എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) യിലൂടെ ഓരോ മാസവും 1,206 കോടി രൂപയാണ് മൂന്നു വർഷം മുൻപു വന്നിരുന്നത്. എന്നാൽ 2017 മാർച്ചിൽ 3,989 കോടി രൂപ എത്തി. ഏപ്രിലിൽ അത് 4,200 കോടി രൂപയായി ഉയർന്നു. മൂന്നു വർഷം കൊണ്ട് എസ്ഐപി കളുടെ 51.96 ലക്ഷത്തിൽ നിന്ന് 1.28 കോടിയായി. 2,322 രൂപയായിരുന്ന ശരാശരി മാസഗഡു 3,121 രൂപയായി.
വിപണി കുതിപ്പിലാണെങ്കിൽ ശരാശരി 20–25 ശതമാനം വാർഷിക നേട്ടം നൽകാൻ നല്ല ഇക്വിറ്റി ഫണ്ടുകൾക്കു കഴിയും. ഇനി വിപണിയിൽ കാര്യമായ കുതിപ്പില്ലെങ്കിലും മികച്ച ഫണ്ടുകൾ ദീർഘകാലാടിസ്ഥാനത്തിൽ 10–15 ശതമാനം നേട്ടം നൽകും. ബാങ്ക് നിക്ഷേപിത്തിൽനിന്നും കാര്യമായി നേട്ടം ഇല്ലാത്ത പശ്ചാത്തലത്തിൽ ഇക്വിറ്റി ഫണ്ടുകൾ പരിഗണിച്ചേ പറ്റൂ. മൊത്തം നിക്ഷേപത്തിന്റെ ഒരു വിഹിതം എല്ലാവരും ഇത്തരം മാർഗങ്ങളിൽ വിനിയോഗിച്ചില്ലെങ്കിൽ മുന്നോട്ടു പോകാനാകില്ല. പക്ഷേ, നല്ല ഫണ്ടിലല്ല നിക്ഷേപം എങ്കിൽ ചിലപ്പോൾ കാര്യമായ തിരിച്ചടി കിട്ടാം. അതിനാൽ മികച്ച ഫണ്ടാണെന്നുറപ്പാക്കി മാത്രം നിക്ഷേപിക്കുക.
ഇക്വിറ്റി ഫണ്ട് എന്ത്? എങ്ങനെ?
ഓഹരിയിൽ നിക്ഷേപിച്ച് നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ടുകൾ എന്നറിയാമല്ലോ? ഇതിൽ തന്നെ പലതരം ഫണ്ടുകളുണ്ട്. ഒരു വർഷം കൊണ്ട് 60 ഉം 64 ഉം ശതമാനം നേട്ടം നൽകിയ ഇക്വിറ്റി ഫണ്ടുകൾ ഉണ്ട്. നഷ്ടസാധ്യത ഏറെ കൂടിയ സെക്ടർ ഫണ്ട് വിഭാഗത്തിൽ പെടുന്നവയാണ് അവ. ഇത്തരം ഫണ്ടുകൾ സാധാരണ നിക്ഷേപകർക്ക് അനുയോജ്യമല്ല. നല്ല അറിവും വിപണി ചലനങ്ങൾ മനസ്സിലാക്കി ഇടപാടു നടത്താനുള്ള കഴിവുള്ളവർ മാത്രമേ ഇവയിൽ നിക്ഷേപിക്കാവൂ. ഇല്ലെങ്കിൽ മൂലധനം പോലും നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
റിസ്ക് കുറഞ്ഞവ
സാധാരണക്കാർക്കായി റിസ്ക് ഉള്ള ഫണ്ടുകൾ പൂർണമായും ഒഴിവാക്കിയാണ് ഇവിടെ പത്തു ഫണ്ടുകൾ ശുപാർശ ചെയ്യുന്നത്. ലാർജ് ക്യാപ് വിഭാഗത്തിൽനിന്ന് അഞ്ചു ഫണ്ടുകൾ, ഫ്ളെക്സി ക്യാപ്പിൽനിന്ന് രണ്ട്. രണ്ട് മിഡ് ക്യാപ് ഫണ്ട്, ഒരു സ്മോൾ ആൻഡ് മിഡ് ക്യാപ് ഫണ്ട് എന്നിങ്ങനെ. ഇതിൽ ഓരോ വിഭാഗത്തേയും ഒന്നു പരിചയപ്പെടാം.
ലാർജ് ക്യാപ് ഫണ്ടുകൾ
മുൻനിര ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ. നഷ്ടസാധ്യത വളരെ കുറവായിരിക്കും. അതേസമയം വൻ നേട്ടത്തിനുള്ള സാധ്യതയും കുറവായിരിക്കും.
അനുയോജ്യം– വലിയ റിസ്ക് എടുക്കാതെ താരതമ്യേന ഉയർന്ന ആദായം ആഗ്രഹിക്കുന്നവർക്ക്.
ഫ്ളെക്സി ക്യാപ് ഫണ്ടുകൾ
ചെറുകിട. ഇടത്തരം, വൻകിട ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ. ഇത്തരത്തിൽ വൈവിധ്യവൽക്കരിച്ചു നിക്ഷേപിക്കുക വഴി റിസ്ക് പരമാവധി കുറയ്ക്കാനും നേട്ടസാധ്യത വർധിപ്പിക്കാനും കഴിയും.അനുയോജ്യം– ലാർജ് ക്യാപ്പിനെ പോലെ തന്നെ വലിയ റിസ്ക് എടുക്കാതെ താരതമ്യേന ഉയർന്ന ആദായം ആഗ്രഹിക്കുന്നവർക്ക്.
മിഡ്ക്യാപ് ഫണ്ട്
ഇടത്തരം ഓഹരികളിലാണ് നിക്ഷേപം. അതുകൊണ്ടുതന്നെ നേട്ടസാധ്യത കൂടുതലാണ്. ഒപ്പം നഷ്ടം സംഭവിക്കാനുള്ള സാധ്യതയും കൂടും.
അനുയോജ്യം– അൽപം റിസ്ക് എടുത്താലും കൂടുതൽ നേട്ടം ഉണ്ടാക്കാൻ തയാറുള്ളവർക്ക്.
മിഡ് & സ്മോൾ ക്യാപ്
ഇടത്തരം, ചെറുകിട ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ. മിഡ് ക്യാപ് ഫണ്ടുകളെക്കാൾ ഉയർന്ന നേട്ടം കിട്ടാം. പക്ഷേ, നഷ്ടസാധ്യത ഉയർന്നതാണ്.
അനുയോജ്യം– കൂടുതൽ റിസ്ക് എടുക്കാൻ കഴിവുള്ളവർക്ക് കൂടുതൽ ഉയർന്ന നേട്ടം ഉണ്ടാക്കാൻ അവസരം.
ഇക്വിറ്റി ഫണ്ട് VS ബാങ്ക് എഫ്ഡി
കേരളത്തിൽ നല്ലൊരു വിഭാഗം ഇപ്പോഴും ബാങ്ക് എഫ്ഡിയിൽ നിക്ഷേപിക്കുന്നവരാണ്. എന്നാൽ നിലവിൽ എസ്ബിഐ നൽകുന്നത് ആറു ശതമാനം ആണ്. ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബന്ധൻ ബാങ്കിന്റേത് എട്ടു ശതമാനവും. പണപ്പെരുപ്പം അഞ്ചു ശതമാനത്തിനടുത്തായതിനാൽ ഫലത്തിൽ ഒന്നു മുതൽ മൂന്നു ശതമാനം വരെ ആദായമാണ് ബാങ്ക് എഫ്ഡിയിൽ കിട്ടുന്നത്. എന്നാൽ ഇവിടെ നിർദേശിക്കുന്ന ഇക്വിറ്റി ഫണ്ടുകൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 17 മുതൽ 32 ശതമാനം വരെ വാർഷിക ആദായം നൽകിയവയാണ്.
ബാങ്കിലും ഇക്വിറ്റി ഫണ്ടിലും നിക്ഷേപിച്ചാൽ കിട്ടുന്ന നേട്ടം താരതമ്യം ചെയ്തിരിക്കുന്നത് കാണുക. ബിർള സൺലൈഫ് ഫ്രണ്ട് ലൈൻ ഇക്വിറ്റി ഫണ്ട് ആണ് ഇവിടെ ഉദാഹരണമായി എടുത്തിരിക്കുന്നത്. ഒരു ലക്ഷം രൂപ അഞ്ചു വർഷം കൊണ്ട് എത്രയാകുമെന്നു കാണുക. ഒപ്പം മാസനിക്ഷേപപദ്ധതികളായ എസ് ഐപി ആർഡി എന്നിവയുടെ നേട്ടവും കാണിച്ചിരിക്കുന്നു. 5000 രൂപ വീതം അഞ്ചു വർഷം ഇട്ടാൽ കിട്ടുന്ന തുകയാണു കാണിച്ചിരിക്കുന്നത്.
മ്യൂച്വൽ ഫണ്ട് നിക്ഷേപം അറിയേണ്ടതെല്ലാം
ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണിക്ക് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ടെങ്കിലും ഇപ്പോഴും ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഇവയെ കുറിച്ച് അറിയില്ലെന്നതാണ് യാഥാർഥ്യം. നിക്ഷേപകരിൽനിന്നു പണം സമാഹരിച്ചു പ്രഫഷനലുകളുടെ സഹായത്തോടെ വിവിധ നിക്ഷേപ മാർഗങ്ങളിൽ ഇട്ട് അതിലെ വരുമാനം നിക്ഷേപകർക്കു തിരിച്ചു കൊടുക്കുകയാണ് മ്യൂച്വൽ ഫണ്ടുകൾ. ഓഹരിയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ടുകൾ.
എവിടെനിന്നു വാങ്ങാം?
അസറ്റ് മാനേജ്്മെന്റ് കമ്പനികളാണ് ഫണ്ടുകൾ അവതരിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും. അവയിടെ ഓഫിസുകൾ പല സ്ഥലത്തും ഉണ്ട്. അവിടെനിന്നു വാങ്ങാം. അല്ലെങ്കിൽ ഫണ്ടുകൾ വിപണനം ചെയ്യുന്ന ബാങ്കുകൾ, ഷെയർ ബ്രോക്കിങ് സ്ഥാപനങ്ങൾ, എൻബിഎഫ്സികൾ എന്നിവിടങ്ങളിൽനിന്നു ലഭിക്കും. ഇൻഷുറൻസ് ഏജന്റുമാരെ പോലെ മ്യൂച്വൽ ഫണ്ട് വിതരണം ചെയ്യുന്ന ഏജന്റുമാരിൽനിന്നും വാങ്ങാവുന്നതാണ്. നിലവിൽ ഓൺലൈനായും ഫണ്ടുകൾ വാങ്ങാം. ഇത്തരം ഡയറക്ട് പ്ലാനിൽ കമ്മിഷൻ ഇല്ലാത്തതിനാൽ വില അൽപം കുറയും.
എങ്ങനെ വാങ്ങാം?
ഏതു കമ്പനിയുടെ ഏതു ഫണ്ട് വേണമെന്നു തീരുമാനിക്കുക. എന്നിട്ട് അതിനുള്ള അപേക്ഷ വാങ്ങി പൂരിപ്പിച്ചു നൽകണം. ഒപ്പം ആവശ്യമായ തിരിച്ചറിയൽ രേഖകളും ഹാജരാക്കി കെവൈസി എടുക്കണം. അതിനുശേഷം തുക നിക്ഷേപിക്കാം. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനു ഇപ്പോൾ പാൻ ആവശ്യമാണ്.
നിലവിലുള്ളതിൽ നല്ലത്
മികച്ച നേട്ടം നൽകിക്കൊണ്ടിരിക്കുന്നതിൽനിന്നു നല്ല ഫണ്ട് തിരഞ്ഞെടുത്തു നിക്ഷേപിക്കുകയാണ് വേണ്ടത്. കഴിയുന്നതും പുതിയ ഫണ്ടുകൾ
(എന്‍എഫ്ഒ) ഒഴിവാക്കുക. കാരണം, പുതിയവ എങ്ങനെ പ്രവർത്തിക്കും എന്നത് കണ്ടറിയണം. നിലവിലെ ഫണ്ടുകൾക്കു തെളിയിക്കപ്പെട്ട ചരിത്രം ഉണ്ട്. അതുപോലെ തന്നെ ഭാവിയിലും നേട്ടം ആവർത്തിക്കുമെന്ന് ഉറപ്പു പറയാനാകില്ല.. എങ്കിലും അത്തരം ഫണ്ടുകളാണ് കൂടുതൽ അഭികാമ്യം.
ഓപ്പൺ എൻഡഡ് ഫണ്ട്
എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാവുന്ന ഫണ്ടുകൾ.
യൂണിറ്റും വിലയും
യൂണിറ്റുകളായാണ് നമുക്കു ഫണ്ട് വാങ്ങാനും വിൽക്കാനും കഴിയുക. ഒരു യൂണിറ്റ് വാങ്ങേണ്ടത് അതതു ദിവസത്തെ എന്‍എവിയിൽ (നെറ്റ് അസറ്റ് വാല്യു) ആണ്. ഫണ്ട് തുടങ്ങുന്ന സമയത്ത് പത്തു രൂപ മുഖവിലയായിരിക്കും യൂണിറ്റിന്. 1000 രൂപ നിക്ഷേപിച്ചാൽ 100 യൂണിറ്റ് കിട്ടും. പിന്നീട് മൂല്യം വർധിക്കുന്നതനുസരിച്ച് വില വർധിച്ചുകൊണ്ടിരിക്കും. ഇന്നത്തെ വിലയാണ് എൻഎവിയെന്നു പറയാം. ഫണ്ടിന്റെ ഡിമാൻഡിനനുസരിച്ച് ഓരോ ദിവസവും വിലയിൽ കയറ്റവും ഇറക്കവും ഉണ്ടാകും.
ഗ്രോത്ത്– ഡിവിഡന്റ് ഓപ്ഷൻ
ഒരു ഫണ്ടിൽ തന്നെ ഗ്രോത്ത് ഓപ്ഷനും ഡിവിഡന്റ് ഓപ്ഷനും. ഉണ്ട്. കാലാകാലങ്ങളിൽ ഉണ്ടാകുന്ന നേട്ടം ലാഭവീതം ആയി തിരിച്ചു നൽകുന്നതാണ് ഡിവിഡന്റ് ഓപ്ഷൻ. ലാഭം വീണ്ടും നിക്ഷേപിക്കുന്ന രീതിയാണ് ഗ്രോത്ത് ഓപ്ഷൻ. പിന്നീട് നിക്ഷേപം പിൻവലിക്കുമ്പോൾ മൊത്തം നേട്ടം ഒന്നിച്ചു കിട്ടും. അതിൽ ഏതാണ് വേണ്ടതെന്നു മുൻകൂട്ടി തീരുമാനിക്കണം. ഇവിടെ നൽകിയിരിക്കുന്നത് ഗ്രോത്ത് ഓപ്ഷനിലെ നേട്ടമാണ് .
മികച്ച 10 മ്യൂച്വൽ ഫണ്ടുകൾ
Read more: Malayalam Money Making Tips, Malayalam Money Management Tips, Money Making Tips in Malayalam, Money Management Tips Malayalam