Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമയം കളയാൻ തുടങ്ങിയ സംരംഭം, ഈ വീട്ടമ്മമാർ പ്രതിമാസം സമ്പാദിക്കുന്നത് 20,000 രൂപ!

Catering Business പ്രീതയും വസന്തയും സരിതയും

പ്രീത, വസന്ത, സരിത എന്നീ വീട്ടമ്മമാർ ചേർന്നു വെറുതെ കിട്ടുന്ന സമയം വിനിയോഗിക്കുക എന്ന ലക്ഷ്യത്തോെടയാണ് ‘മമ്മീസ് േകറ്ററിങ്’ എന്ന പേരിൽ ഒരു സംരംഭം ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിെല കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് നാട്ടുകൽ പ്രദേശത്താണ് ഇവരുടെ സ്ഥാപനം.

മൂന്നു വീട്ടമ്മമാർ

പ്രീത: കൊഴിഞ്ഞാമ്പാറ മുൻ ഗ്രാമ പഞ്ചായത്ത് ൈവസ് പ്രസിഡന്റ്. ഇപ്പോൾ വാർഡ് മെമ്പർ. ഭർത്താവ് സുരേഷ് ബാബു ബോർവെൽ സ്ഥാപനം നടത്തുന്നു. മക്കൾ: സൂര്യപ്രഭ– പ്ലസ്ടു കഴിഞ്ഞു, കൃഷ്ണപ്രഭ– പ്ലസ് വൺ വിദ്യാർഥി.

വസന്ത: അത്യാവശ്യത്തിനു പ്രാക്ടീസുള്ള ഹോമിയോ ഡോക്ടർ ആണ്. ഭർത്താവ് അറുമുഖൻ ടൗണിൽ ഡിജിറ്റൽ സ്റ്റുഡിയോ നടത്തുന്നു. മക്കൾ: അമൽ–എംസിഎ വിദ്യാർഥി, ധന്യ– എംബിഎ വിദ്യാർഥിനി.

സരിത: മുഴുവൻ സമയം വീട്ടമ്മയായിരുന്നു. ഭർത്താവ് അനിൽകുമാർ പി‍ഡബ്ല്യുഡി കോൺട്രാക്ടർ ആണ്. മക്കൾ: അപർണ പ്ലസ് വണ്ണിലും നിപുണ ആറാം ക്ലാസിലും പഠിക്കുന്നു. പാചകം ഒരു ഹോബി ആക്കിയ വ്യക്തിയാണു സരിത.

എന്തുകൊണ്ട് സംരംഭകരായി?

ജീവിക്കാൻ യാതൊരു മാർഗവും ഇല്ലാത്തതു കൊണ്ടല്ല ഈ വീട്ടമ്മമാർ സംരംഭകരായത്. ഒഴിവുസമയം ചെലവഴിക്കാൻ ഒരു സംവിധാനം. ഒപ്പം ജനങ്ങൾക്ക് ആവശ്യമുള്ള, നാട്ടുകാർക്കു നല്ല ഭക്ഷണം ലഭ്യമാക്കാൻ ഒരു സംരംഭം. സ്ഥിരമായ വരുമാനം ലഭിക്കുമെന്നത് ബോണസായി കണ്ടു.

catering-business-1 ഒരു ദിവസം 500 േപർക്കുള്ള ഭക്ഷണം തയാറാക്കി നൽകാനുള്ള ശേഷിയാണ് ഇപ്പോൾ ഉള്ളത്. ഊണ്, ബിരിയാണി, ൈഫ്രഡ് റൈസ്, ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഇനങ്ങൾ നൽകുന്നു...

തുടക്കം പാലടയിൽ

ഈ വീട്ടമ്മമാർ േചർന്ന് ഒരു ഓണത്തിന് പാലടപ്പായസം ഉണ്ടാക്കി ചുറ്റുപാടുമുള്ളവർക്കു വിതരണം ചെയ്തു. അതിനെത്തുടർന്ന് പലരിൽ നിന്നും ഓണസദ്യയ്ക്ക് ഓർഡർ ലഭിച്ചു. അങ്ങനെ ഇരുനൂറോളം േപർക്ക് ഓണസദ്യയും നൽകി. നല്ല പ്രതികരണമായിരുന്നു. എന്തുകൊണ്ട് ഇതൊരു സ്ഥിരം സംവിധാനം ആക്കിക്കൂടാ എന്നുള്ള ചിന്ത അവിടെയാണ് ഉണ്ടായത്.

കുടുംബങ്ങളുടെ കൂടി പിന്തുണ ലഭിച്ചതോടെ ഒന്നര വർഷം മുൻപാണ് സംരംഭത്തിനു തുടക്കമിട്ടത്. ഇപ്പോൾ മാസത്തിൽ ഏകദേശം 15 ദിവസമാണ് കേറ്ററിങ് വർക്കുകൾ ലഭിക്കുന്നത്. ബാക്കി ദിവസങ്ങളിൽ കൂടെയുള്ള തൊഴിലാളികൾക്കു തൊഴിൽ ഇല്ലാതെ വരുന്നത് ഒഴിവാക്കാൻ ഒരു സ്ഥിരം സംവിധാനമെന്ന നിലയിൽ റസ്റ്ററൻറ് കൂടി തുടങ്ങുകയായിരുന്നു. കേറ്ററിങ് സ്ഥാപനത്തിന്റെ തന്നെ ഭാഗമാണ് ഇത്. 

500 േപർക്കു ഭക്ഷണം നൽകാം

ഒരു ദിവസം 500 േപർക്കുള്ള ഭക്ഷണം തയാറാക്കി നൽകാനുള്ള ശേഷിയാണ് ഇപ്പോൾ ഉള്ളത്. ഊണ്, ബിരിയാണി, ൈഫ്രഡ് റൈസ്, ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഇനങ്ങൾ നൽകുന്നു. മുട്ട, പച്ചക്കറികൾ, ചിക്കൻ, ബീഫ്, മത്സ്യം എന്നിവയെല്ലാം ഉപയോഗിക്കാറുണ്ട്. കൊഴുക്കട്ട, അട, ഇടിയപ്പം തുടങ്ങിയ ആവിയിൽ െവന്ത ഭക്ഷണസാധനങ്ങൾ ഓർഡർ അനുസരിച്ച് ഉണ്ടാക്കി  കൊടുക്കുകയും ചെയ്യുന്നു.

പച്ചക്കറികളെല്ലാം പാലക്കാട് ജില്ലയിെല ഫാമുകളിൽനിന്നു നേരിട്ടു ഫാം ഫ്രഷ് ആയിത്തന്നെ ശേഖരിക്കുന്നു. നാലു സ്ഥിരം തൊഴിലാളികൾ ഉണ്ട്. എല്ലാവരും സ്ത്രീകൾ തന്നെ. കല്യാണ നിശ്ചയം, കുട്ടികളുെട ചോറൂണ്, ജന്മദിന പരിപാടികൾ എന്നിവയ്ക്കാണ് പ്രധാനമായും ഓർഡറുകൾ ലഭിക്കുന്നത്. സ്കൂളുകൾ. ബാങ്കുകൾ. സർക്കാർ–അർധസർക്കാർ ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിെല പരിപാടികൾക്കും ഭക്ഷണം നൽകുന്നുണ്ട്. 

‘ഒരിക്കൽ വാങ്ങുകയും ഉപയോഗിക്കുകയും െചയ്തു കഴിഞ്ഞാൽ ആ സ്ഥാപനത്തിെല പിന്നീടുള്ള ഓർഡറുകൾ ഞങ്ങൾക്കു തന്നെയാണ് ലഭിക്കാറ്.’ സരിത പറയുന്നു. കുടംപുളി മീൻകറി ഇവിടത്തെ ഒരു സ്പെഷൽ ഐറ്റമാണ്. ഈ രംഗത്തു മത്സരം ഉണ്ടെങ്കിലും അനാരോഗ്യകരമായ സ്ഥിതിയിലല്ല. 

വിജയരഹസ്യങ്ങൾ

∙ ഹോംലി ഫുഡാണു നൽകുന്നത്. 

∙ എല്ലാ ഐറ്റവും (മത്സ്യം, മട്ടൺ, ചിക്കൻ, ബീഫ്, ബിരിയാണി, പൊറോട്ട, ചപ്പാത്തി, ഊണ്, പച്ചക്കറി ഇനങ്ങൾ, പായസങ്ങൾ) ഓർഡർ അനുസരിച്ചു നൽകുന്നു.

∙ ചൂടാറാതെ സപ്ലൈ െചയ്യാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. 

∙ ടൗണിലെ കാറ്ററിങ് യൂണിറ്റുകളുമായി തട്ടിച്ചു നോക്കുമ്പോൾ നിരക്കു കുറവായിരിക്കും.

∙ മായം കലരാത്ത ഭക്ഷണം േകവലം വാക്കുകളിൽ മാത്രമല്ല. അത്തരം പ്രിസർവേറ്റീവ്സ്/കളർ ഒന്നും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാറില്ല.

വലിയ തൃപ്തിയിലും ആത്മവിശ്വാസത്തിലുമാണ് ഈ വനിതാ സംരംഭകർ. ഏതൊരു വലിയ പരിപാടിയും ഏറ്റെടുത്തു നടത്തുവാൻ കഴിയുന്ന രീതിയിൽ സ്ഥാപനത്തെ വളർത്തിക്കൊണ്ടു വരണമെന്നാണ് ഇവരുടെ ആഗ്രഹം. പത്തു വനിതകൾക്കു കൂടി തൊഴിൽ നൽകണം, മെച്ചപ്പെട്ട ഒരു വിതരണ സംവിധാനം ഉണ്ടാക്കിയെടുക്കണം, ഡെലിവറിക്കായി ഒരു വണ്ടി വാങ്ങണം, മെക്കനൈസ്ഡ് പ്ലാന്റ് സ്ഥാപിക്കണം. അങ്ങനെ പുതിയ ഐഡിയകൾ ഒട്ടേറെയുണ്ട്. പ്രതിമാസം 20,000 രൂപയോളമാണ് ഓരോരുത്തരും ഈ ബിസിനസ്സിൽ നിന്നു സമ്പാദിക്കുന്നത്. 

വിലാസം:

പ്രീത, വസന്ത, സരിത

മമ്മീസ് കേറ്ററിങ് ആൻഡ് റസ്റ്ററന്റ്  

മെയിൻറോഡ്, നാട്ടുകൽ

കൊഴിഞ്ഞാമ്പാറ, പാലക്കാട് ജില്ല

മൊൈബൽ–9496187637

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in MalayalamBusiness Success Stories