സംരഭത്വമോഹം ഉള്ളിലുണ്ടോ? പിന്തുടരാം നീലിമയെയും നീലാംബരിയെയും, നേടാം വൻ‌വിജയം!

നീലിമ

പ്രഫഷനലി ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു നീലിമ. പ്രഗ്‌നൻസി ടൈമിൽ അതിൽ നിന്നൊരു ബ്രേക്കെടുത്തു. വസ്ത്രങ്ങളോടും നിറങ്ങളോടും ഏറെ സ്നേഹമുള്ളതുകൊണ്ട് ആ സമയത്ത് ബാലരാമപുരം വരെയൊന്നു പോയതാണ്. ചെന്നപ്പോൾ കണ്ടത് ജീവിതത്തിന്റെ ഊടും പാവും ഉറപ്പിക്കാൻ പാടുപെടുന്ന ഒരു കൂട്ടം നെയ്ത്തുകാരെ. കൈത്തറിയെ പുതുതലമുറയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്ത മനസ്സിൽ മുളപൊട്ടിയത് ആ കാഴ്ചകളിൽ നിന്നായിരുന്നു.

അന്ന് 10 സാരിയും വാങ്ങി പോന്നിട്ട് അതിന്റെയെല്ലാം പടമെടുത്ത് 'ഇബേ' യിലിട്ടു. വേഗത്തിൽ അതെല്ലാം വിറ്റുപോയതോടെ ഈ രംഗത്ത് ഒരു സാധ്യതയുണ്ടെന്നു മനസ്സിലായി. 'കന്റംപററി ഹാൻഡ് ലൂംസ് ഫോർ യങ് ജനറേഷൻ.' അതെങ്ങനെ പ്രവൃത്തിയിലെത്തിക്കാമെന്നായി പിന്നത്തെ ചിന്ത. ധാരാളം യാത്രകളും റിസേർച്ചുമൊക്കെ നടത്തി. അവസാനം 2010 ൽ ബെംഗളൂരുവിൽ ഒരു സ്റ്റോർ തുടങ്ങി, നീലാംബരി. തുണിയും ഡിസൈൻസും കൊടുത്ത് പുറത്തുനിന്നു സ്റ്റിച്ച് ചെയ്യിച്ചു വാങ്ങി വിൽക്കുകയായിരുന്നു. ആ സമയത്ത് പ്രമോഷനു വേണ്ടി ഫെയ്സ് ബുക്കിലൊരു പേജും തുടങ്ങി. മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കുറഞ്ഞകാലം കൊണ്ട് കച്ചവടത്തിന്റെ 95 ശതമാനവും ഫെയ്സ്ബുക്കിലൂടെയായി.

ഫീസബിൾ, റീച്ചബിൾ

പിന്നീടു കൊച്ചിയിലേക്കു താമസം മാറ്റേണ്ടി വന്നു. ആ സമയത്ത് പ്രഫഷനിലേക്കു തിരിച്ചു പോകാൻ നീലിമയ്ക്ക‌ു കുറച്ചു പ്രതിസന്ധികൾ ഉണ്ടായി. കടവന്ത്രയിൽ രണ്ടു റീടെയിൽ ഷോപ്പ് തുറന്നെങ്കിലും മാർക്കറ്റിങ് കൂടുതലും സോഷ്യൽ മീഡിയയിലൂടെ തന്നെ. നീലാംബരിയെ സംബന്ധിച്ചിടത്തോളം ഇന്നും ഏറ്റവും ഫീസബിളും റീച്ചബിളും സോഷ്യൽ മീഡിയയുടെ പ്ലാറ്റ്ഫോം തന്നെയാണ്.

സോഷ്യൽ മീഡിയ വഴി ഒരു ഉൽപന്നം മാർക്കറ്റ് ചെയ്യുമ്പോൾ ഏതു ഫോട്ടോയാണു നല്ലത്, ഏതാണു മോശം എന്നൊക്കെ തിരിച്ചറിയാനുള്ള കഴിവു വേണം. പിന്നെ ആ രംഗത്തെ മറ്റുള്ളവർ ചെയ്യുന്നതൊക്കെ ശ്രദ്ധിക്കണം. മത്സരത്തെ ഭയക്കേണ്ട. നമ്മൾ കൊടുക്കുന്നതു നന്നായാൽ ആളുകൾ പിന്നെയും വരും. പക്ഷേ, വിപണിയിൽ എന്തു സംഭവിക്കുന്നുവെന്നു കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ടു പോകാൻ.

ആദ്യം ടീസർ

ഇപ്പോൾ ഒരു ലോഞ്ചിൽ 100 കൂർത്ത വരെ ചെയ്യാറുണ്ട്. ഫെയ്സ്ബുക്ക് പേജിൽ ഒരു ടീസർ ഇടുന്നതാണ് ആദ്യപടി. അതു കഴിയുമ്പോൾ കസ്റ്റമേഴ്സ് ഫൊട്ടോഗ്രഫുകൾ നോക്കിയിട്ട് പ്രോഡക്ട് കോഡ് അയച്ചു തരും. ഒരു ഡിസൈനിൽ ഒരു വസ്ത്രം മാത്രമേ മുൻകൂർ തയാറാക്കുകയുള്ളൂ. ഓർഡർ കിട്ടിയിട്ടാണ് തയ്ച്ചു നൽകുക.

മുൻകൂർ സ്റ്റോക്കൊന്നും സൂക്ഷിക്കാത്തതുകൊണ്ട് ഡെഡ് സ്റ്റോക്ക് വരുന്നില്ല, ഓർഡർ തരുമ്പോൾ കസ്റ്റമൈസേഷൻ വേണമെങ്കിൽ അതും ചെയ്യാൻ കഴിയും. ഓർഡർ ലഭിച്ചാൽ 48 മണിക്കൂറിനുള്ളിൽ പ്രോഡക്ട് ഡെസ്പാച്ച് ചെയ്തിരിക്കും. കൊറിയർ വഴിയാണ് അയയ്ക്കുക. അവരിൽനിന്നു ട്രാക്കിങ് നമ്പർ വാങ്ങി ഉപഭോക്താവിനു കൊടുക്കുന്നു.

"ആദ്യമൊക്കെ സൈസ് പറ്റുമോ, തുണി നല്ലതായിരിക്കുമോ തുടങ്ങിയ സംശയങ്ങൾ ഉണ്ടാകും. പക്ഷേ, ഒന്നോ രണ്ടോ പ്രാവശ്യം വാങ്ങിക്കഴിയുന്നതോടെ കാര്യങ്ങൾ സ്മൂത്താകും. ഇഷ്ടപ്പെട്ടാൽ പിന്നെ അവർ മറ്റെങ്ങും പോകില്ല."– ഓൺലൈൻ ഉപഭോക്താക്കളുടെ മനഃശാസ്ത്രം പഠിച്ചിട്ടാണ് നീലിമ പറയുന്നത്.

മൊത്തക്കച്ചവടമില്ല

വ്യക്തിഗത ഉപഭോക്താക്കൾക്കു മാത്രമാണ് ഉൽപന്നങ്ങൾ നൽകുന്നത്. ഹോൾസെയിലേഴ്സിനു കൊടുക്കാറില്ല. പ്രോഡക്ട് റേഞ്ച് വിപുലപ്പെടുത്തിയാൽ സാധ്യത വർധിക്കും.കൊച്ചിയിൽ ലോക്കൽ കൊറിയർ ചാർജ് 50–60 രൂപ വരും. എങ്കിലും കാറെടുത്ത് ഈ ട്രാഫിക്കിനിടയിലൂടെ വന്നു വാങ്ങുന്നതിലും ഭേദം കൊറിയർ തന്നെയാണ്. അതുകൊണ്ട് നഗരത്തിലുള്ളവർ പോലും ഓൺലൈനിൽ ഓർഡർ നൽകുന്നു. സോഷ്യൽ മീഡിയയുടെ മാർക്കറ്റിങ് സാധ്യതകളിലേക്കാണ് ഈ അനുഭവം വിരൽ ചൂണ്ടുന്നത്. വല്ലപ്പോഴും അയയ്ക്കുന്നത് റിട്ടേണും വരാറുണ്ട്. ചിലപ്പോൾ സൈസ് പ്രശ്നമാകാം. പ്രോഡക്ട്  ഡിഫക്ടും വല്ലപ്പോഴും വരാറുണ്ട്. സ്ഥിരം കസ്റ്റമറാണെങ്കിൽ അടുത്തതിൽ അഡ്ജസറ്റ് ചെയ്തു കൊടുക്കുന്നു. അല്ലാത്തവർക്കു തിരികെ പണം അയച്ചു കൊടുക്കും.

ക്രെഡിബിലിറ്റിയും വേണം

"പുതിയതായി ഈ രംഗത്തേക്കു വരുന്നവർ പ്രോഡക്ടിനെക്കുറിച്ചു നല്ലവണ്ണം റിസർച്ച് ചെയ്യണം. എന്താണ് ഉൽപന്നം, ആരാകും ഉപഭോക്താക്കൾ, സാധ്യത എത്രമാത്രം തുടങ്ങിയ വിഷയങ്ങളൊക്കെ നന്നായി പഠിക്കണം. വാടക വേണ്ട, സാലറി നൽകേണ്ട, സ്റ്റാഫിനെ അന്വേഷിക്കേണ്ട തുടങ്ങിയ ഗുണങ്ങളൊക്കെയുണ്ട്. പക്ഷേ, നമ്മൾ ഉണ്ടാക്കുന്ന സാധനങ്ങൾ വിറ്റു പോയില്ലെങ്കിൽ അതു താങ്ങാനുള്ള ഫിനാൻഷ്യൽ ബായ്ക്ക് അപ് കൂടി വേണം. അതുപോലെ എന്തു പ്രോഡക്ടാണെങ്കിലും ഗുണനിലവാരം ഉറപ്പായിരിക്കണം. ഓൺലൈനിൽ വാങ്ങുമ്പോൾ ഇക്കാര്യത്തിൽ ആകുലത കൂടുതലായിരിക്കും. അതുപോലെ ക്രെഡിബിലിറ്റി വേണം. പേയ്മെൻറ് ഗേറ്റ് വേ മാനേജ് ചെയ്യുന്നതും ശ്രദ്ധയോടെ വേണം. ഏറ്റവും നല്ലത് ബാങ്ക് അക്കൗണ്ട് വഴിയുള്ള ട്രാൻസാക് ഷൻ തന്നെയാണ്."– നീലിമ പറയുന്നു.

നീലാംബരിയിൽ പ്രതിമാസം ശരാശരി 3–5 ലക്ഷം രൂപയുടെ ബിസിനസ് ആണു നടക്കുന്നത്. അതിൽ 20–30 ശതമാനമാണ് ആദായം ലഭിക്കുന്നത്. സംരംഭക എന്നതിനൊപ്പം നല്ലൊരു യോഗാ പരിശീലക കൂടിയാണു നീലിമ. രാവിലെ ആറു മുതൽ 10 വരെ യോഗാ ക്ലാസ് ഉണ്ട്. അതിനു ശേഷമാണ് നീലാംബരിയിൽ സജീവമാകുന്നത്. ഇതോടൊപ്പം കുടുംബകാര്യങ്ങളിലും ശുഷ്കാന്തി പുലർത്താൻ ഈ സംരംഭകയ്ക്കാകുന്നുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam