‘ഭർത്താവ് ഇറക്കിവിട്ടു, അത് മറ്റൊരു ചതിയായിരുന്നു’; കുവൈത്തിലും ആഗ്രയിലും തൊഴിൽ പീഡനം; തളരാതെ രേഖ
വിവാഹമോചിതയായ ഒരു സ്ത്രീ സമൂഹത്തിലേക്കാൾ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത് അവളുടെ സ്വന്തം വീടിനകത്ത് തന്നെയായിരിക്കും. അപമാന ഭാരവും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഒപ്പം ഒറ്റപ്പെടലും എല്ലാം കൊണ്ടും ഉരുകി ഇല്ലാതാവുന്നത് അവൾ തന്നെയാണ്. ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ, കുത്തു വാക്കുകൾ
വിവാഹമോചിതയായ ഒരു സ്ത്രീ സമൂഹത്തിലേക്കാൾ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത് അവളുടെ സ്വന്തം വീടിനകത്ത് തന്നെയായിരിക്കും. അപമാന ഭാരവും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഒപ്പം ഒറ്റപ്പെടലും എല്ലാം കൊണ്ടും ഉരുകി ഇല്ലാതാവുന്നത് അവൾ തന്നെയാണ്. ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ, കുത്തു വാക്കുകൾ
വിവാഹമോചിതയായ ഒരു സ്ത്രീ സമൂഹത്തിലേക്കാൾ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത് അവളുടെ സ്വന്തം വീടിനകത്ത് തന്നെയായിരിക്കും. അപമാന ഭാരവും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഒപ്പം ഒറ്റപ്പെടലും എല്ലാം കൊണ്ടും ഉരുകി ഇല്ലാതാവുന്നത് അവൾ തന്നെയാണ്. ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ, കുത്തു വാക്കുകൾ
വിവാഹമോചിതയായ ഒരു സ്ത്രീ സമൂഹത്തിലേക്കാൾ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത് അവളുടെ സ്വന്തം വീടിനകത്ത് തന്നെയായിരിക്കും. അപമാന ഭാരവും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഒപ്പം ഒറ്റപ്പെടലും എല്ലാം കൊണ്ടും ഉരുകി ഇല്ലാതാവുന്നത് അവൾ തന്നെയാണ്. ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ, കുത്തു വാക്കുകൾ ഒഴിവാക്കാൻ, അവൾ സ്വന്തം കാലിൽ നിൽക്കാൻ നെട്ടോട്ടമോടും. ആ ഓട്ടത്തിനിടയിൽ ചിലർ കാലിടറി വീഴും. ചിലർ വീണടത്തു നിന്നും എണീറ്റ് വീണ്ടും ഓടാൻ തുടങ്ങും. രണ്ടു കുഞ്ഞുങ്ങളുമായി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ രേഖയുടെ വഴി ശൂന്യമായിരുന്നു. അവിടെനിന്നും രേഖ നടക്കാൻ തുടങ്ങിയത് അതിജീവനത്തിന്റെ പാതയിലേക്കാണ്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രേഖയ്ക്ക് പറയാനുള്ളത് വെറുമൊരു കഥയല്ല, കണ്ണുീരു പോലും കുടിച്ചിറക്കി വിശപ്പടക്കിയ അതിജീവന കാലത്തിന്റെ വേദനയാണ്.
ദുരിതങ്ങളിൽ നിന്ന് ദുരിതങ്ങളിലേക്കുള്ള ഓട്ടം
ഇന്ന് രേഖ അറിയപ്പെടുന്ന ഒരു ബിസിനസിന്റെ സാരഥിയാണ്. എന്നാൽ അതിലേക്ക് എത്തിച്ചേരാൻ അവർ താണ്ടിയത് വലിയൊരു സങ്കടക്കടൽ ആയിരുന്നു. ആ കടൽ താണ്ടാൻ അവർക്ക് പ്രചോദനമായത് അവരുടെ സ്വന്തം അനുഭവങ്ങളും. ചെറുപ്രായത്തിൽ തന്നെ വിവാഹിതയായി. ഇരുപതാമത്തെ വയസ്സിൽ പെൺകുഞ്ഞിന്റെയും തുടർന്ന് ഒരാൺകുഞ്ഞിന്റെയും അമ്മ. കുടുംബഭാരവും കുട്ടികളുടെ ചുമതലയും എല്ലാം രേഖയുടെ ചുമലിൽ. എന്തിനും ഏതിനും ഭർത്താവിനു മുന്നിൽ കൈനീട്ടേണ്ട അവസ്ഥ. പോരാത്തതിന് അയാളുടെ പീഡനവും. സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകൾ എന്നും കറിവേപ്പില മാത്രമെന്ന് തിരിച്ചറിഞ്ഞ രേഖ ഒരു ജോലിക്കായി അന്വേഷണം ആരംഭിച്ചു. വീടിനടുത്തുള്ള ബ്യൂട്ടിപാർലറിൽ കോഴ്സ് പഠിക്കാൻ ചെന്നതും പിന്നീട് സ്വന്തമായി ബ്യൂട്ടിപാർലർ തുറന്നതുമെല്ലാം രേഖ ഒറ്റയ്ക്കായിരുന്നു. ബ്യൂട്ടിപാർലർ കോഴ്സ് പഠിക്കാൻ ഇറങ്ങിയതും സ്വന്തമായി പാർലർ ആരംഭിച്ചതുമെല്ലാം ഏറെ വാഗ്വാദങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിലാണ്. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മറ്റു ബിസിനസുകളും തുടങ്ങി. ഒരുവശത്ത് രേഖ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയപ്പോൾ മറുവശത്ത് മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ഉപദ്രവങ്ങൾ. എല്ലാം സഹിച്ചു പിറ്റേന്ന് രാവിലെ ജോലിക്ക് പോകും. തിരികെയെത്തിയാൽ വീണ്ടും പഴയപടി. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു. 15 വർഷം മക്കൾക്കും കുടുംബത്തിനും വേണ്ടി എല്ലാം ഉള്ളിലൊതുക്കി രേഖ നിലനിൽക്കാൻ ശ്രമിച്ചു. ഉറക്കമില്ലാത്ത രാത്രികൾ, ഒറ്റപ്പെടലിന്റെയും കടുത്ത വിഷാദത്തിന്റെയും ഇടയിൽ എപ്പോഴോ ഇതെല്ലാം അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചു. പക്ഷേ അപ്പോഴും തോറ്റു കൊടുക്കരുതെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു. വീട്ടിൽ നിന്നും ഭർത്താവ് ഇറക്കി വിട്ടപ്പോൾ കുഞ്ഞുങ്ങളെയുമായി നടുറോഡിൽ പകച്ചു നിന്നിട്ടുണ്ട് രേഖ. തുടങ്ങിവച്ചതെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവൾ, വീട്ടിലേക്ക് കയറി ചെന്നപ്പോൾ കുടുംബത്തിന്റെ അഭിമാനം വലുതെന്ന് പറഞ്ഞ് സ്വന്തം മകളെ വീടിന് പുറത്തുപോലും വിടാതെ അടച്ചുപൂട്ടി. അവിടെയും രേഖ ഒറ്റപ്പെട്ടു. പക്ഷേ തളരാനോ തോൽക്കാനോ മനസ്സ് വന്നില്ല. ജീവിക്കണം,എങ്ങനെയും. അതിന് ജോലി ആവശ്യമാണ് അന്വേഷണം വീണ്ടും തുടർന്നു. ജീവിതത്തിലെ ദുരിതങ്ങൾ രേഖയുടെ മനസിനെ മാത്രമല്ല ശരീരത്തേയും തളർത്തിയിരുന്നു. നട്ടെല്ലിനേറ്റ പരുക്ക് ഇരിക്കാനും നടക്കാനും കിടക്കാനും പറ്റാത്തൊരാളാക്കി മാറ്റി. അങ്ങനെ രണ്ടും കൽപ്പിച്ച് കടമെടുത്ത് കുവൈറ്റിലേക്ക് വിസ സംഘടിപ്പിച്ചു.
വീട്ടുവേലക്കാരി, ചുമട്ടുതൊഴിലാളി, രൂപങ്ങൾ പലവിധം
"അത് വേറൊരു ചതിയായിരുന്നു. നേരാംവണ്ണം ഭക്ഷണമോ താമസസൗകര്യങ്ങളോ ഇല്ലാത്ത വീട്ടുവേലക്കാരി വിസയിലാണ് അന്ന് ഞാൻ കുവൈറ്റിൽ എത്തിയത്. കോഴിക്കോട് തന്നെയുള്ള ഒരു സ്ത്രീ മുഖാന്തരമാണ് പോയത്. ഹൗസ് മെയ്ഡ് വിസ ആയതിനാൽ തന്നെ പുറത്തിറങ്ങാൻ ഒരു നിർവാഹവും ഉണ്ടായിരുന്നില്ല. ആ സ്ത്രീ നടത്തുന്ന ഒരു ബ്യൂട്ടിപാർലറിലേക്ക് ജോലിക്കാരിയായിട്ടാണ് ഞാൻ പോയത്. അവിടെവച്ച് ചിക്കൻപോക്‌സ് വന്നതോടു കൂടി പാർലറിൽ പോവാൻ പറ്റാതായതോടെ കിട്ടിയിരുന്ന ഭക്ഷണവും ഇല്ലാതായി. ഒരാളും തിരിഞ്ഞു നോക്കാനില്ലാതെ അവിടെ കിടന്ന് മരിക്കുമോ എന്ന് പോലും പേടിച്ച നാളുകൾ. ഒടുവിൽ ആകെയുണ്ടായിരുന്ന മുക്കാൽ പവന്റെ മാല വിറ്റ് സ്വപ്നങ്ങളേക്കാൾ ജീവനാണ് വിലയെന്നു പറഞ്ഞ് നാട്ടിലേക്ക് മടങ്ങി"
ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ താൻ ചെന്നു ചാടിയതെല്ലാം ചതിക്കുഴികളായിരുന്നുവെന്ന് പറയുകയാണ് രേഖ. വിദേശത്ത് തൊഴിൽ പീഡനം സഹിക്കവയ്യാതെ ഓടി രക്ഷപ്പെട്ട രേഖ ചെന്നു കയറിയത് അതിനേക്കാൾ വലിയ മറ്റൊരു പീഡന ഭൂമിയിലായിരുന്നു. നാട്ടിലെത്തിയിട്ടും ദുരിതങ്ങൾക്കു കുറവൊന്നും ഇല്ലായിരുന്നു. മക്കളുടെ പഠനം, ജീവിത ചെലവ് അങ്ങനെ പ്രാരാബ്ധങ്ങൾ ഏറെ. ഒരു സുഹൃത്ത് വഴി അബുദാബിയിലെ ബ്യൂട്ടിപാർലറിൽ ജോലി തരപ്പെടുത്തി. 16 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ജോലിയായിരുന്നു അതെന്ന് രേഖ പറയുന്നു. ആ സമയമത്രയും നിന്നുകൊണ്ട് ജോലി ചെയ്യണം. ലീവ് പോലും തനിക്ക് അവർ നൽകിയിരുന്നില്ലെന്നും ദിവസത്തിൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ് വിശ്രമിക്കാൻ പോലും ലഭിച്ചിരുന്നതെന്നും രേഖ ഓര്‍ക്കുന്നു. കഴുത്തുവേദന അസഹ്യമായപ്പോൾ പിടിച്ചുനിൽക്കാനാവാതെ താൻ അവിടെ നിന്നും തിരിച്ചു പോരുകയായിരുന്നെന്നും രേഖ പറയുന്നു. കഷ്ടപ്പാട് അവിടെ അവസാനിച്ചില്ല. അടുത്ത ദുരിത യാത്ര ഡൽഹിയിലേക്കായിരുന്നു.
‘‘ഡൽഹിയിലെ ആഗ്രയിൽ ഒരു ജോലി തരപ്പെട്ടു. അതുവരെയുള്ള അനുഭവസമ്പത്തോ, ജോലി സാഹചര്യമോ ഒന്നുമല്ലായിരുന്നു ആഗ്രയിലേത്. ഒരു വലിയ ചെരുപ്പുകടയിൽ ആണുങ്ങൾക്കൊപ്പം ചുമടെടുക്കുന്ന ജോലിയായിരുന്നു. ആരോഗ്യവാനായ ഒരു പുരുഷൻ ചെയ്യുന്ന ജോലി ഒട്ടുമരോഗ്യമില്ലാത്ത ഞാൻ ചെയ്തത് ഇന്നോർക്കുമ്പോൾ പേടി തോന്നും. ആകെ കിട്ടുന്ന 20,000 രൂപ എന്ന ശമ്പളത്തിൽ നിന്നും ഭൂരിഭാഗവും വീട്ടിലേക്ക് അയയ്ക്കണം. വണ്ടിക്കൂലി ലാഭിക്കാൻ രണ്ടുമണിക്കൂർ നടന്നായിരുന്നു ജോലി സ്ഥലത്തേക്കുള്ള പോക്കുവരവ്. ആഗ്രയിലെ കൊടുംചൂടിൽ വലയുമ്പോൾ നിലത്ത് വെള്ളമൊഴിച്ച് വിവസ്ത്രയായി കിടന്നുറങ്ങിയിട്ടുണ്ട്.’’– ഇതിനിടെ കൊറോണക്കാലവും രേഖയ്ക്കു മുൻപിൽ വെല്ലുവിളിയായി.
മുറിവുകൾ പാഠമാക്കി മുന്നോട്ട്
ലോക്ഡൗൺ മാറി ആദ്യത്തെ ട്രെയിൻ നാട്ടിലേക്ക് പുറപ്പെട്ടപ്പോൾ അതിൽ രേഖയുമുണ്ടായിരുന്നു. ഇനി മറ്റൊരാളുടെ കീഴിൽ പണിയെടുക്കാൻ വയ്യ എന്ന് തീരുമാനിച്ച രേഖ സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന് തീരുമാനിച്ചാണ് ആഗ്രയിൽ നിന്ന് ട്രെയിൻ കയറിയത്. "അങ്ങനെ വെറും ആറായിരം രൂപക്ക് ഇരുപത് ലിറ്റർ കാച്ചെണ്ണയിൽ തുടങ്ങിയ എന്റെ ജീവിതം നാലു വർഷം പിന്നിടുമ്പോൾ ഒരു ദിവസം 150ലിറ്റർ കാച്ചെണ്ണ എന്ന നിലയിലെത്തി നിൽക്കുന്നു. സോപ്പ് ,ബോഡി ഓയിൽ തുടങ്ങി ഇരുപതോളം വേറെ പ്രൊഡക്ടുകൾ, പതിനഞ്ച് റീ സെല്ലേഴ്സ് ഇരുപത്തയ്യായിരം കസ്റ്റമേഴ്സ്. സ്ഥിരജോലിക്കാരായ രണ്ടുപേരടക്കം ഏഴ് പേർക്ക് ജോലി കൊടുക്കുന്ന ഒരു യൂണിറ്റായി. ലോകത്തിന്റെ എല്ലാ ഭാഗത്തും എന്റെ ബ്രാൻഡ് എത്തി. ഇതിൽ കൂടുതൽ എന്ത് സന്തോഷമാണ് ഇത്രയും അനുഭവിച്ചവൾക്ക് വേണ്ടത്. ജീവിതത്തിൽ ഏൽക്കുന്ന ചില മുറിവുകളെ നമ്മൾ കണ്ടില്ലെന്നു നടിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചാൽ വിജയം നമുക്ക് ഒപ്പം നിൽക്കുമെന്ന് നിങ്ങൾക്ക് എൻറെ ജീവിതം കണ്ട് പഠിക്കാം." – രേഖ പറഞ്ഞു നിർത്തി.