ഹാഫ് ജീൻസ് എന്നു കേൾക്കുമ്പോൾ മുട്ടിനു താഴെ നിൽക്കുന്ന കാപ്രി സ്റ്റൈൽ അല്ലേ മനസിൽ. പക്ഷേ ഫ്രീക്കൻമാരെ പോലും ഞെട്ടിച്ചു കളഞ്ഞു ഈ ഹാഫ് ജീൻസ്. യുഎസിലെ പോപ്പ് ഗായിക റ്യാൻ ഡെസ്റ്റിനി ഹാഫ് ജീൻസ് അണിഞ്ഞ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ ഫാഷൻ പ്രേമികൾ കണ്ണുപൊത്തിപ്പറഞ്ഞു. ഇതു ജീൻസ് ദുരന്തം.
കാൽമുട്ടിന്റെ ഭാഗം കീറിയെടുത്ത പോലെയുള്ള നീ വിൻഡോ ജീൻസിനും പിൻവശം സിപ് ഇട്ടു തുറന്നു കാണിക്കുന്ന ബം സിപ് ജീൻസിനും ശേഷം ആളുകളെ ഞെട്ടിച്ചിരിക്കുകയാണ് ഹാഫ് ജീൻസ്. ഫാഷൻ ട്രെൻഡുകൾക്കു വേദിയാകുന്ന Coachella ഫാഷൻ ഷോയിലാണ് ഹാഫ് ജീൻസുമായി ഡെസ്റ്റിനി ചുവടുവച്ചത്. അർധനഗ്ന ഫാഷനു പേരു കേട്ട Coachella ഫാഷൻ വീക്കിൽ ആരും പ്രതീക്ഷിക്കാത്ത വേഷവുമായാണ് ഡെസ്റ്റിനി കടന്നു വന്നത്. ആളുകളുടെ ഡെസ്റ്റിനി എന്നല്ലാതെ എന്തു പറയാൻ!
ഹാഫ് ജീൻസെന്നാൽ ഒരു കാൽ പൂർണമായും കട്ട് ചെയ്തു മാറ്റിയത്. ബെൽറ്റ് ധരിച്ചിരിക്കുന്ന ഭാഗം മാത്രമുണ്ട് മിച്ചം. ഹോ ഭീകരം. ഇതു ധരിച്ചു മനുഷ്യന്റെ വെട്ടത്ത് ഇറങ്ങാൻ തോന്നിയല്ലോ. ഓഫിസിൽ ഇതു ധരിച്ചു പോകുന്നത് ഒന്ന് ഓർത്ത് നോക്കിയേ. സഹപ്രവർത്തകർ എങ്ങനെ ജോലി ചെയ്യും. ടൂർ പോകുമ്പോൾ പോലും ധരിക്കാൻ പറ്റില്ലല്ലോ. ഇങ്ങനെയൊക്കെയാണു കമന്റുകൾ വരുന്നത്.
ഡെസ്റ്റിനിക്ക് ഇതൊന്നും വിഷയമല്ല. ഇൻസ്റ്റഗ്രാമിലെ കമന്റുകൾ ആസ്വദിച്ചു കഴിയുന്നു. ഒരു കാൽ മുഴുക്കെ വെട്ടിമാറ്റിയ ജീൻസിന്റെ ഫ്രണ്ട് വ്യൂ ചിത്രമാണ് ഡെസ്റ്റിനി പല പോസുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.