98 കിലോയിൽ നിന്നും 75 കിലോയിലേക്ക്; രൂപേഷിന്റെ അപാര മെലിയൽ

പ്രൊമോ സോങ്ങിൽ രൂപേഷ് മുടിനീട്ടി കറുത്തു തടിച്ചിട്ടാണെങ്കിൽ സിനിമയിൽ മെലിഞ്ഞ് വെളുത്ത് സ്റ്റൈലിഷ് ആയിരിക്കുന്നു

ഒരു മെക്സിക്കൻ അപാരത’ എന്ന സിനിമയുടെ പ്രോമോ സോങ് കണ്ടവർ കണ്ടവർ അന്വേഷിച്ചത് അതിലെ ആ കറുത്ത തടിയൻ ആരാണെന്നാണ്. ‘സ്ഫടികം’ സിനിമയിൽ മോഹൻലാലിന്റെ ബാല്യം അവതരിപ്പിച്ച രൂപേഷ് പീതാംബരനാണെന്നറിഞ്ഞപ്പോൾ പലരും ഞെട്ടി. ങ്ഹേ...ആ മെലിഞ്ഞ പയ്യനാണോ ഇയാൾ. സിനിമ റിലീസായപ്പോൾ അവരൊക്കെ വീണ്ടും ഞെട്ടി. പ്രൊമോ സോങ്ങിൽ രൂപേഷ് മുടിനീട്ടി കറുത്തു തടിച്ചിട്ടാണെങ്കിൽ സിനിമയിൽ മെലിഞ്ഞ് വെളുത്ത് സ്റ്റൈലിഷ് ആയിരിക്കുന്നു...ഇതെന്തു കഥ?

98 കിലോയിൽ നിന്നും 75 കിലോയിലേക്കുള്ള മാറ്റം അടുപ്പമുള്ളവരിൽ പോലും അമ്പരപ്പുകൾക്ക് വഴിവച്ചെന്നു രൂപേഷ് പീതാംബരൻ പറയുന്നു. അൽപ സ്വൽപം ട്വിസ്റ്റും സാഹസികതയും ഒക്കെ നിറഞ്ഞ ആ കഥ രൂപേഷ് തന്നെ പറയട്ടെ.

‘‘ഒരു മെക്സിക്കൻ അപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി ‘യൂ ടൂ ബ്രൂട്ടസിൽ’ എന്റെ സംവിധാന സഹായി ആയിരുന്നു. ടോമിന്റെ നിർബന്ധം മൂലമാണ് ആ സിനിമ ചെയ്യാൻ തീരുമാനിച്ചത്. സിനിമയ്ക്കുവേണ്ടി ആദ്യം തന്നെ ‘കട്ട കലിപ്പ്...’ എന്ന പ്രൊമോ സോങ് ഷൂട്ട് ചെയ്തു. ആ പാട്ട് സ്ക്രീനിൽ കണ്ടപ്പോൾ ഞാൻ ദൈവമേ... എന്നു വിളിച്ചുപോയി. അതിൽ കറുത്തു തടിച്ച് ഒരു കുട്ടിയാനയെ പോലിരിക്കുന്നു ഞാൻ.

എന്തായാലും ഈ രൂപത്തിൽ പ്രേക്ഷകരുടെ മുന്നിലേക്കില്ല എന്നു ഞാനുറപ്പിച്ചു. വണ്ണം കുറയ്ക്കാനുള്ള ആഗ്രഹം അറിഞ്ഞപ്പോൾ ടൊവിനോ സ്വന്തം ട്രെയിനറെ പരിചയപ്പെടുത്തി തന്നു. ഷൂട്ടിങ് തുടങ്ങാൻ മൂന്നുമാസം കൂടി സമയമുണ്ടായിരുന്നു. രണ്ടും കൽപിച്ച് ഞാൻ ‘ജിമ്മിലേക്ക് എടുത്തുചാടി.’

ബെഗളൂരുവിലായിരുന്നു ഞാൻ പഠിച്ചതും ജോലി ചെയ്തിരുന്നതും. ജങ്ക് ഫൂഡും നൈറ്റ് ഷിഫ്റ്റ് ജോലിയും സമ്മർദങ്ങളെ ഭക്ഷണം കഴിച്ച് അതിജീവിക്കുന്ന ശീലവുമൊക്കെയാകാം അമിതവണ്ണത്തിലേക്കു വഴിതെളിച്ചത്. തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സമയത്തും നല്ല വണ്ണമുണ്ട്. എന്നാൽ, കുടവയറു മൂലം ഷൂ ലേസ് കെട്ടാൻ പ്രയാസമുണ്ടെന്നല്ലാതെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.

ജിമ്മിൽ മൂന്നുമാസം

വണ്ണം കുറയ്ക്കാൻ ജിമ്മിലേക്കിറങ്ങിയ ആ മൂന്നുമാസവും ഞാൻ മറ്റൊരു പരിപാടിക്കും പോയില്ല. ആഴ്ചയിൽ ആറു ദിവസവും അഞ്ച് മണിക്കൂറോളം വ്യായാമം ചെയ്തു. രാവിലെ രണ്ടര മണിക്കൂർ ഭാരമെടുത്തിട്ടുള്ള വ്യായാമങ്ങളും വൈകുന്നേരങ്ങളിൽ കാർഡിയോ വ്യായാമങ്ങളും.

ജിമ്മിൽ എത്ര വിയർപ്പൊഴുക്കിയാലും ഭക്ഷണ പ്ലേറ്റ് നിറഞ്ഞിരുന്നാൽ വണ്ണം കുറയില്ല. വണ്ണം കുറയ്ക്കാൻ തീരുമാനിച്ചയുടനെ പരിചയമുള്ള ഡോക്ടർമാരുമായി സംസാരിച്ച് ഒരു ഡയറ്റ് സംവിധാനം ചെയ്തിരുന്നു. അതിൽ പ്രധാന റോൾ ഒാട്സ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവയ്ക്കായിരുന്നു. നല്ല വണ്ണമുള്ളവർക്ക് കാർബോഹൈഡ്രേറ്റ് ഭക്ഷണം കുറച്ചെങ്കിലേ പ്രയോജനം കിട്ടൂ. അതുകൊണ്ട് ചോറും പാലും പാലുൽപന്നങ്ങളും എല്ലാം ഒഴിവാക്കി. ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നതുകൊണ്ട് ചിക്കനും ഒഴിവാക്കി.

പതിവായി കഴിച്ചിരുന്ന ഭക്ഷണം കിട്ടാതെ വരുമ്പോൾ ശരീരം പ്രതികരിച്ചുതുടങ്ങും. ഭക്ഷണം കഴിക്കാനുള്ള അമിതമായ ആഗ്രഹം–ക്രേവിങ്– നിങ്ങളെ പിടികൂടും. വല്ലാത്ത ക്രേവിങ് തോന്നുമ്പോൾ ഞാൻ കണ്ണാടിയിൽ നോക്കും. തടിയനായിരുന്ന സമയത്ത് പിഗ്മെന്റേഷൻ പ്രശ്നം മൂലം കറുത്ത് കരിക്കട്ട പോലെയായിരുന്നു. അധിക കൊഴുപ്പൊക്കെ ഉരുകിത്തുടങ്ങിയപ്പോൾ ചർമം തിളക്കമുള്ളതായി. കുടവയറും ഒതുങ്ങി.

വയറിന്റെ തള്ളൽ മൂലം കുനിഞ്ഞും വളഞ്ഞും നടന്നിരുന്ന ഞാൻ വയറൊതുങ്ങിയതോടെ നിവർന്നു നടന്നുതുടങ്ങി. കണ്ണാടിയിൽ സ്വന്തം ശരീരത്തിനുണ്ടാകുന്ന ഈ മാറ്റങ്ങൾ കാണുമ്പോൾ നമ്മുടെ വിൽ പവറിന് ഒരു ബൂസ്റ്റ് കിട്ടും. അതോടെ ക്രേവിങ്ങൊക്കെ പമ്പകടക്കും.

എന്നു കരുതി ഞാൻ പട്ടിണി കിടന്നൊന്നുമില്ല. രാവിലെ ഉണർന്നയുടനെ ഇളംചൂടുവെള്ളത്തിൽ രണ്ടുടീസ്പൂൺ തേനും അൽപം നാരങ്ങാനീരും കലർത്തി കഴിക്കും. ഒപ്പം മൂന്നു വെളുത്തുള്ളി ചവച്ച് കഴിക്കും. രാവിലെ ജിമ്മിലേക്കു പോകും മുമ്പ് ഒരു റോബസ്റ്റ പഴവും ഒരു ഗ്ലാസ് ഗ്രീൻ ടീയും കുടിക്കും. പ്രഭാതഭക്ഷണത്തിന് നാലു മുട്ടയുടെ വെള്ളയും ഒരു ആപ്പിൾ അല്ലെങ്കിൽ ഒാറഞ്ചും ഒരു ഗ്ലാസ് ഗ്രീൻ ടീയും. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ഗ്രില്ല് ചെയ്ത മീൻ, കുക്കുമ്പറും ലെറ്റ്യൂസും തക്കാളിയും അരിഞ്ഞത്. വൈകുന്നേരം രണ്ട് ഡൈജസ്റ്റീവ് ബിസ്കറ്റും ഒരു ഗ്ലാസ് ഗ്രീൻടീയും. വൈകുന്നേരം ഏഴരയോടെ രാത്രി ഭക്ഷണം. ഒരു ബൗൾ ഒാട്സ്, മൂന്ന് മുട്ടയുടെ വെള്ള, കുറച്ച് പച്ചക്കറി അരിഞ്ഞത്, ഒരു ഗ്രീൻ ടീ. 10 മണിയോടെ ഉറങ്ങും.

മൂന്നുമാസം കഴിഞ്ഞതോടെ 75 കിലോയിലെത്തി. 38 ആയിരുന്നു എന്റെ ഡ്രസ് സൈസ്. അത് 30 ആയി. കുടവയറുള്ളതുകൊണ്ട് ടീ ഷർട്ട് ഉപയോഗിച്ചിരുന്നില്ല. വണ്ണം കുറഞ്ഞതോടെ ലാർജ് സൈസ് ടീ ഷർട്ടുകൾ ധൈര്യമായി ധരിക്കാമെന്നായി.

വണ്ണം കുറച്ചിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷമായി. ഇപ്പോഴും ചോറ് കഴിക്കാറില്ല. പുറത്തുനിന്നു ഭക്ഷണം കഴിച്ചാലും അധികം എണ്ണയും കൊഴുപ്പും കാർബോഹൈഡ്രേറ്റും ഒഴിവാക്കും. ഇപ്പോൾ ഒരാഴ്ച വർക്ഔട്ട് ചെയ്തില്ലെങ്കിൽ തന്നെ ആകെ ഡിപ്രഷനാണ്. ഫിറ്റ്നസ് തരുന്ന സന്തോഷം അത്ര വലുതാണ്. ’’

കടപ്പാട്  : വനിത ഓൺലൈൻ

Read more: Lifestyel Magazine