Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടമിറങ്ങും മുൻപേ ഷാജി പാപ്പന്റെ മുണ്ട് സൂപ്പർഹിറ്റ്!

Shaji Pappan ആട്2വിൽ ജയസൂര്യ

ഒരു ആടും അതിനെ ചുറ്റിപ്പറ്റിയുള്ള ചില ജീവിതങ്ങളുടെയും കഥ പറഞ്ഞ സിനിമയ്ക്ക് ഇത്ര സ്വീകാര്യത ലഭിക്കുമെന്ന് സംവിധായകൻ പോലും കരുതിക്കാണില്ല. മിഥുൻ മാനുവൽ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് ​എ​ന്ന ചിത്രത്തിന്റെ കാര്യമാണ് പറഞ്ഞു വന്നത്. മീശപിരിച്ചു പൊട്ടിച്ചിരിപ്പിച്ചുെകാണ്ടെത്തിയ ഷാജി പാപ്പനെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കൊച്ചുകുട്ടികള്‍ വരെ മുത്താണ് പാപ്പൻ, സ്വത്താണ് പാപ്പൻ എന്നു പാടി നടന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പോലും ഓൺലൈനിൽ വന്‍ഹിറ്റായിരിക്കുകയാണ്. അതിൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചതോ ഷാജി പാപ്പന്റെ സ്റ്റൈലൻ മുണ്ടും.

ആടിന്റെ ആദ്യഭാഗത്തിൽ കറുപ്പു നിറത്തിലുള്ള ജൂബയും ചുവപ്പു നിറത്തിലുള്ള മുണ്ടുമായിരുന്നെങ്കിൽ രണ്ടാം ഭാഗമെത്തുമ്പോൾ അൽപം മാറ്റമുണ്ട്. ഇത്തവണം ഷാജി പാപ്പൻ അൽപം കളർഫുൾ ആയാണ് എത്തുന്നത്. കറുപ്പും ചുവപ്പും പിങ്കും ബ്രൗണും നിറങ്ങളിലുള്ള മുണ്ടുകള്‍ കാണാൻ തന്നെ ഒരു ചന്തമാണ്. നിവർത്തിയിടുമ്പോൾ ഒരു നിറവും മടക്കി കുത്തുമ്പോൾ മറ്റൊരു നിറത്തിലും കാണുന്നതാണ് ഹൈലൈറ്റ്. 

ചിത്രത്തിൽ ജയസൂര്യക്കു വേണ്ടി കോസ്റ്റ്യൂമുകൾ ഡിൈസൈന്‍ ചെയ്ത ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിതയ്ക്കും ഏറെ പ്രതീക്ഷകളുണ്ട്. ഷാജി പാപ്പന്റെ പുത്തൻ ലുക്കിനെയും ആരാധകർ നെഞ്ചേറ്റുമെന്നു തന്നെയാണ് സരിതയുടെ വിശ്വാസം. പോരാത്തതിന് ഭര്‍ത്താവിനു വേണ്ടി ഡിസൈൻ ചെയ്യുമ്പോൾ കുറച്ചധികം ആത്മവിശ്വാസം ഉണ്ടെന്നും സരിത പറയുന്നു. 

saritha-jayan-1 ജയസൂര്യയും സരിതയും

''ആട് ഭീകരജീവിയുടെ ആദ്യഭാഗത്തിൽ ഷാജി പാപ്പന് കറുപ്പും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു സിനിമയിലുടനീളം. എന്നാൽ ആട് 2വിലേക്കെത്തുമ്പോള്‍ അതിനൊരു മാറ്റമുണ്ട്. കറുപ്പും ചുവപ്പിനും പുറമെ വേറെ ചില നിറങ്ങളും ഇതിലുണ്ട്. കൂടാതെ ഷാജി പാപ്പന്റെ വേറിട്ട സ്റ്റൈലിലുള്ള മുണ്ടും കാണാം. ബാക്കിയെല്ലാം സസ്പെൻസ് ആയിരിക്കട്ടെ. പാപ്പന് ധാരാളം ആരാധകർ ഉള്ളതുകൊണ്ടു തന്നെ ഈ വസ്ത്രങ്ങളും ഹിറ്റാകുമെന്നു പ്രതീക്ഷയുണ്ട്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം രണ്ടാം ഭാഗം ഇറക്കിയ പടമല്ലേ, മുൻചിത്രത്തെപ്പോലെ തന്നെ ആട് 2വും അതിലെ സ്റ്റൈലും അവർ സ്വീകരിക്കും എന്നു കരുതുന്നു.''- സരിത പറഞ്ഞു. 

ഓരോ ചിത്രങ്ങൾ പുറത്തിറങ്ങുമ്പോഴും ആ പേരില്‍ ഹിറ്റാകുന്ന ചില വസ്ത്രങ്ങളുമുണ്ട്. ഷാജി പാപ്പന്റെ പുത്തൻ മുണ്ടുകളും ആ ഗണത്തിൽ പെടുമെന്നതിൽ സംശയമില്ല. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam