ചുവപ്പ് നല്ല പണി കൊടുത്തിരിക്കുകയാണ് ജയസൂര്യയ്ക്കും ഭാര്യ സരിതയ്‌ക്കും. ‘ആട് 2’ സിനിമയുടെ ഷൂട്ടിങ്ങിനിടെ 60 ദിവസത്തോളം നിർത്താതെ മുറുക്കിച്ചുവപ്പിച്ചതുകൊണ്ട് ജയസൂര്യയുടെ വായിൽ തൊലിയില്ല. എരിവുള്ള ഭക്ഷണം കഴിക്കാനാവുന്നില്ല. തളിർവെറ്റില എന്നൊക്കെ ഒരു ഭംഗിക്കു പറയാമെങ്കിലും ഇവൻ ഇത്ര കുഴപ്പക്കാരനാണെന്ന് ജയസൂര്യ കരുതിയില്ല.
ആടിലെ ഷാജിപ്പാപ്പന്റെ ചുവപ്പും കറുപ്പും ചേർന്ന മുണ്ടിന്റെ ഡിസൈനാണ് സരിതയുടെ ജോലി ഇരട്ടിയാക്കിയത്. പനമ്പിള്ളി നഗറിലെ സരിതയുടെ ‘ദേജാവൂ’ ബുട്ടീക്കിൽ ഷാജിപ്പാപ്പന്റെ മുണ്ട് വാങ്ങാനെത്തുന്നവരുടെ തിരക്ക്.
നടുവുവേദനയുള്ളയാൾ വടംവലിക്കാരനാകുന്നതുപോലുള്ള വൈരുധ്യങ്ങളിലാണ് മിഥുൻ മാനുവൽ തോമസ് ആടിന്റെ രസച്ചരടിനെ കെട്ടിയിട്ടിരിക്കുന്നത്. മണ്ടനും മാസ്‌ഹീറോയും ഒരാളാകുമ്പോൾ സംവിധായകന്റെ ഭാഷയിൽ ഷാജിപ്പാപ്പൻ ഒരു കൾട്ട് ഹീറോയാകുന്നു.
ആടും വടംവലിയും തമ്മിലുള്ള അഭേദ്യബന്ധത്തെ ജയസൂര്യ നിരീക്ഷിക്കുന്നത് ഇങ്ങനെ – ‘‘ലോകത്ത് പിന്നോട്ടുപോയി ജയിക്കുന്ന ഏക കായികവിനോദം വടംവലിയാകാം. ആടും അങ്ങനെയാണ്. ആദ്യഭാഗം പൊട്ടിയ ഒരുസിനിമയുടെ രണ്ടാംഭാഗം ലോകത്താരും ചെയ്‌തിട്ടുണ്ടാകില്ല. വടംവലിയിൽ പിന്നോട്ടു വലിച്ചു ജയിക്കുമ്പോൾ ആട് പിന്നോട്ടുപോയിട്ട് മുന്നോട്ടു കുതിച്ചുചാടുന്നു’’.
ജയസൂര്യ: ‘‘ചില കഥാപാത്രങ്ങൾ നമ്മുടെ ചോരയും നീരും ഊറ്റിയെടുക്കും. ഷാജിപ്പാപ്പൻ അങ്ങനെയൊരാളാണ്. എന്നോട് ആടിന്റെ ആദ്യഭാഗത്തിന്റെ കഥ പറയാൻ മിഥുൻ വരുമ്പോൾ ഞാനാദ്യം സമ്മതിച്ചില്ല. എന്റെ പ്രായത്തിലുള്ളവരുടെ ഒപ്പം ഞാൻ അവരെ നയിക്കുന്ന ഒരാളായി എങ്ങനെ ശരിയാകും എന്നതായിരുന്നു സംശയം. ഷാജിപ്പാപ്പനു വേണ്ടി 74 കിലോ തൂക്കംവച്ച് മുഖത്ത് കപ്പടാ മീശവച്ച് കറുത്ത ജുബ്ബയിട്ട് നിന്നപ്പോൾ ഒരു രസം തോന്നി. ആദ്യ ഭാഗത്തിന്റെ സെൻസർ കഴിഞ്ഞപ്പോൾ വലിയ ഫീഡ്‌ബാക്കാണു കിട്ടിയത്. പടം വലിയ ഹിറ്റാകുമെന്നു പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല.
അതുകൊണ്ടു രണ്ടാം ഭാഗത്തിന്റെ തിയേറ്റർ റെസ്‌പോൺസ് അറിയുംവരെ ഞങ്ങൾ മുൾമുനയിലായിരുന്നു. ഷാജിപ്പാപ്പൻ എന്ന് യൂട്യൂബിലൊന്നു തിരഞ്ഞുനോക്കുക. നിങ്ങൾ ഞെട്ടും. അതാണ് വെറൈറ്റി.’’
സരിത ജയസൂര്യ: ആടിന്റെ വിജയത്തിനു ശേഷം ഞങ്ങൾ പുറത്തുപോകുമ്പോൾ കാണുന്ന ഏറ്റവും സന്തോഷകരമായ കാഴ്‌ച, കടകൾക്കു മുന്നിൽ ആടിന്റെ മുണ്ടും കുർത്തയും അണിഞ്ഞു നിൽക്കുന്ന മാനിക്യൂനുകളാണ്. ആട് ഒന്നാം ഭാഗത്തിലെ കറുത്ത കുർത്ത ഒരു ബേസ് കളറായി നിർത്തിക്കൊണ്ടുള്ള ഒരു വൈൽഡ് തോട്ടാണ് ഇത്തരമൊരു ഡിസൈനിലേക്ക് എത്താൻ കാരണം. മടക്കിക്കുത്തുമ്പോൾ ഒരു കളർ, അഴിച്ചിടുമ്പോൾ മറ്റൊരു കളർ എന്ന ആശയം രസകരമായിത്തോന്നി.
പുണ്യാളൻ സിനിമയിലെ കുർത്ത ചോദിച്ച് ഒരുപാടുപേർ വരുമായിരുന്നു. പ്രേതവും ഫുക്രിയും കുർത്തയിൽ കൂടുതൽ രസകരമായ പരീക്ഷണങ്ങൾക്ക് അവസരം തന്നു. പക്ഷെ ഷാജിപ്പാപ്പന്റെ മുണ്ട് എല്ലാ റെക്കോർഡും തകർത്തു. അമേരിക്കയിൽ നിന്നൊക്കെ കല്യാണത്തിനുടുക്കാൻ വലിയ ഓർഡറുകളാണ് വരുന്നത്. കുട്ടികൾക്ക് ഉടുക്കാനുള്ള ഷാജി പ്പാപ്പന്റെ ചെറിയ മുണ്ട് ഉണ്ടോയെന്നാണ് ചിലർക്ക് അറിയേണ്ടത്. മുണ്ട് മലയാളിയുടെ പ്രിയപ്പെട്ട വേഷമാണ്. അതിൽ ഒരു പുതിയ ഡിസൈൻ കിട്ടിയപ്പോൾ അവർ ആഘോഷിച്ചു. അതിൽ ഒരു നൂലുതുന്നിച്ചേർക്കാൻ കഴിഞ്ഞതിൽ സന്തോഷം’’.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam