നഗ്നതാ പ്രദർശനം; പ്രവാസി യുവാവിനെ കണ്ടെത്താൻ ഊർജിത ശ്രമം

ആ അമ്മയോടും കുഞ്ഞിനോടും അപമര്യാദയായി പെരുമാറിയ യുവാവിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രവാസികൾക്കിടയിലും രൂക്ഷവിമർശനം. ഇയാളെ വേഗം കണ്ടെത്താനുള്ള നീക്കങ്ങളാണ് സോഷ്യൽ ലോകവും അധികൃതരും നടത്തുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഒാട്ടിസം ബാധിച്ച മകളുമായി കഷ്ടപ്പെടുന്ന അമ്മയുടെ കഥ മലയാളിക്ക് മുന്നിലെത്തുന്നത്. 

ജന്‍മനാ ഓട്ടിസം ബാധിച്ച ഏകമകളെ കെട്ടിയിട്ടു വളര്‍ത്തുന്ന വീട്ടമ്മ. കെട്ടിയിട്ടില്ലെങ്കില്‍ മകള്‍ ഇറങ്ങിയോടും റോഡിലേക്ക്. ചിലപ്പോള്‍ അടുപ്പില്‍ തീയില്‍ കളിക്കും. ചില സമയത്ത് മലം ദേഹത്തു തേയ്ക്കും. ഉറങ്ങുമ്പോള്‍ പോലും മകളെ ദേഹത്തു കെട്ടിയിട്ടുറങ്ങുന്ന വീട്ടമ്മ. രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്ക്. ഇളയ മകള്‍ക്കാണ് ഓട്ടിസം ബാധിച്ച് ചികില്‍സ. മൂത്ത മകള്‍ മാത്രമാണ് വീട്ടമ്മയ്ക്കുള്ള ഏക ആശ്വാസം. ഇവരുടെ ദുരിതമറിഞ്ഞ പാലക്കാട്ടെ പൊതുപ്രവര്‍ത്തകന്‍ ഫിറോസ് വീട് സന്ദര്‍ശിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിനി ബിന്ദുവിന്റേയും പത്തുവയസുകാരിയായ മകള്‍ ശ്രീലക്ഷ്മിയുടെ ദയനീയകഥ വീഡിയോയില്‍ പകര്‍ത്തി. ഇവരുടെ ദയനീയ അവസ്ഥ ഫെയ്സ്ബുക്കില്‍ വീഡിയോ സഹിതം പോസ്റ്റ് ചെയ്തു. നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തു. ബിന്ദുവിന്റെ മൊബൈല്‍ ഫോണ്‍ നമ്പറും അക്കൗണ്ട് നമ്പറും വീഡിയോ സഹിതം പോസ്റ്റ് ചെയ്തിരുന്നു. ആരെങ്കിലും സഹായിക്കട്ടേയെന്ന് കരുതിയാണ് ഇതു ചെയ്തത്. പക്ഷേ, വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ കിട്ടിയ സൗദിയിലെ മലയാളി യുവാവിന്റെ പെരുമാറ്റം അതിക്രൂരമായിരുന്നു.

മനസാക്ഷിയില്ലാത്ത പെരുമാറ്റം

സൗദിയില്‍ നിന്നൊരു മലയാളി ബിന്ദുവിന്റെ വാട്സാപ്പിലേക്ക് നിരന്തരം മെസേജ് അയച്ചു. സഹായ വാഗ്ദാനമായിരുന്നു. കുഞ്ഞിനെ കാണാന്‍ വിഡിയോ കോളില്‍ വരണമെന്ന് നിര്‍ബന്ധിച്ചു. വീഡിയോ കോള്‍ എടുത്തപ്പോള്‍ കണ്ടതാകട്ടെ ആ മലയാളി യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ഫോണ്‍ ഉടനെ കട്ട് ചെയ്ത ബിന്ദു, ഉടനെ നാട്ടുകാരെ വിവരമറിയിച്ചു. ഈ നമ്പറില്‍ നിന്നുള്ള മെസേജുകള്‍ തുരുതുരാ പ്രവഹിച്ചു.

മകള്‍ക്ക് ചികില്‍സ സഹായം കിട്ടാന്‍ ചെയ്ത കാര്യം മറ്റൊരു ശല്യമായി മാറി. ഗതികെട്ട് കൊടുങ്ങല്ലൂര്‍ പൊലീസിന് പരാതി നല്‍കി. ഫോണില്‍ വിളിക്കുമ്പോള്‍ സ്വിച്ച്ഡ് ഓഫാണ്. യുവാവിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം, ബിന്ദുവിന്റേയും മകളുടേയും ദുരവസ്ഥയറിഞ്ഞ പലരും അവരെ സഹായിച്ചിട്ടുണ്ട്. നിര്‍ധനരായ കുടുംബത്തെ അപമാനിച്ച ആ യുവാവിനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്.