വെർബൽ റേപ്പും ഭീഷണികളും; ഡബ്ല്യുസിസി പേജിൽ നടക്കുന്നത്

സംഗീത പാർവതിയോടൊപ്പം

മലയാള സിനിമാ താരങ്ങളുടെ സംഘടനകളായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സും (അമ്മ) വുമൺ ഇൻ സിനിമ കലക്ടീവും (ഡബ്യൂസിസി) തമ്മിലുള്ള വാദപ്രതിവാദങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ഡബ്യുസിസി നടത്തിയ പത്രസമ്മേളനത്തോടെയാണ് കാര്യങ്ങൾ കൂടുതൽ ചൂടുപിടിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയുടെ നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഡബ്യുസിസി വാർത്താ സമ്മേളനം നടത്തിയത്. സിനിമയിലെ അനാരോഗ്യകരമായ പ്രവണതകളെ ചൂണ്ടികാണിച്ചും പുതിയ ആരോപണങ്ങൾ ഉന്നയിച്ചുമായിരുന്നു വാർത്താസമ്മേളനം.

ദിവസവും പല തവണ വെർബൽ റേപിന് താൻ ഇരയാകുന്നുണ്ടെന്നാണ് ഡബ്യുസിസിയുടെ സോഷ്യൽ മീഡിയ മാനേജറാമായ സംഗീത ജനചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്താണ് ഇത്തരമൊരു പ്രസ്താവനയ്ക്കു കാരണമെന്ന് തുറന്നു പറയുകയാണ് സംഗീത. 

ഡബ്യുസിസിയുടെ ഫെയ്സ്ബുക്ക് പേജ്

2018ലാണ് സംഗീത ഡബ്യുസിസിയുടെ ഫെയ്സ്ബുക്ക് പേജ് ബന്ധുവും നടിയുമായ പാർവതി തിരുവോത്തിൽനിന്ന് ഏറ്റെടുക്കുന്നത്. സ്വന്തം അക്കൗണ്ടും ഡബ്യുസിസിയുടെ പേജും കൈകാര്യം ചെയ്തിരുന്നത് പാർവതിയാണ്. കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടികാണിച്ചതിനു പാർവതിക്കു നേരെ ശക്തമായ സൈബർ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഇൗ മേഖലയിൽ പ്രഫഷനലായ സംഗീതയും പേജിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായത്. പേജിന് പ്രഫഷനൽ ഔട്ട് ലുക്ക് നൽകാനും സോഷ്യൽ മീഡിയ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. 

എന്നാൽ ഭീഷണികളും ലൈംഗിക അധിക്ഷേപങ്ങളും കേട്ടാലറയ്ക്കുന്ന അസഭ്യവുമാണ് ഡബ്യൂസിസി പേജിൽ നിറയുന്നത്. ‘‘കൂടുതൽ ആക്രമണങ്ങളും വ്യാജ പ്രൊഫൈലുകളിൽ നിന്നുമാണ്. തങ്ങളുടെ കഴിവോ അഭിപ്രായമോ രാഷ്ട്രീയ നിലപാടുകളോ തുറന്നു പറയുന്നവരെ നിരന്തരമായി ആക്രമിക്കാനുള്ള പ്രവണത. ആ വ്യക്തിയെ അധിഷേപിക്കാനും തരംതാഴ്ത്താനും അവർ മത്സരിക്കുകയാണ്.’’– സംഗീത പറയുന്നു 

ഇതിനു പിന്നിൽ ഒരു കൂട്ടം 

ഒരിക്കൽ പാർവതിയെ അധിക്ഷേപിച്ചു വന്ന കമന്റു വായിച്ചു സഹിക്കാനാവാതെ വന്നപ്പോൾ സ്വന്തം അക്കൗണ്ടിലൂടെ കയറി സംഗീത പ്രതികരിച്ചു. ആരെങ്കിലും വായിക്കുമെന്നു കരുതിയല്ല താൻ കമന്റിട്ടതെന്നായിരുന്നു അയാള്‍ പറഞ്ഞത്. ഫെമിനിസ്റ്റുകളോടും സിനിമാ ലോകത്തെ മറുശബ്ദങ്ങളോടുമുള്ള വെറുപ്പ് പ്രകടിപ്പിക്കാനുള്ള സ്ഥലമായി ഡബ്യുസിസിയുടെ പേജിനെ കാണുന്നവരും ധാരാളമുണ്ട്. 

ഭീഷണി പതിവ്

ഡബ്യുസിസിയുടെ പ്രസ്താവനകളുടെ ഫലമാണ് ഫെയ്സ്ബുക്കിൽ അവർക്കു തിരിച്ചുകിട്ടുന്നതെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാൽ യാതൊരുവിധത്തിലുള്ള വിദ്വേഷജനകമായ പ്രസ്താവനകളും ഡബ്യുസിസിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നു സംഗീത വ്യക്തമാക്കുന്നു. ‘‘സ്ത്രീസമത്വത്തിനായി വാദിക്കുന്ന ഒരു ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർക്കു നേരെ വെർബൽ റേപ് സാധാരണമാണ്. ഇത്തരം സൈബർ ക്രിമിനലുകളിൽ പുരുഷന്മാർ മാത്രമല്ല ഉള്ളതെന്നതാണ് മറ്റൊരു കാര്യം.’’ 

പത്രസമ്മേളനത്തിനെത്തിയത്

പത്രക്കുറിപ്പും വാര്‍ത്താ സമ്മേളനത്തിന്റെ മിനിറ്റ്സും തയാറാക്കാനാണ് സംഗീത ഡബ്യൂസിസി അംഗങ്ങളോടൊപ്പം എറണാംകുളം പ്രസ് ക്ലബിലെത്തിയത്. അവിടെവെച്ചു സംഗീത ഡബ്യുസിസിയുടെ ഫെയ്സ്ബുക്ക് പേജിൽ നേരിട്ട ബുദ്ധിമുട്ടുകൾ തുറന്നു പറയുകയായിരുന്നു. ദിവസവും വെർബൽ റേപ്പിന് ഇരയാകുന്നതായി സംഗീത പറഞ്ഞു.  

ഇതും ഒരു പഠനം

മലയാളത്തിലെ പല ഔദ്യോഗിക സിനിമാ പേജുകളും പ്രവർത്തിപ്പിച്ച പരിചയമുണ്ട് സംഗീതയ്ക്ക്. സൂപ്പർ താരങ്ങളുടെ പേരിൽ അസഭ്യം പറയാനും പരസ്പരം തരംതാഴ്ത്താനും ഭീഷണി മുഴക്കാനുമുള്ള മലയാളികളുടെ പ്രവണത അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് സംഗീത വ്യക്തമാക്കുന്നു. 

മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ സംഗീത ജേണലിസത്തിൽ പിഎച്ച്ഡി ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളിൽ മലയാളികളുടെ പെരുമാറ്റമെന്നത് സംഗീതയുടെ ഗവേഷണത്തിലെ പ്രധാനഭാഗമാണ്. ഡബ്യൂസിസി പേജിലുള്ള അവഹേളനങ്ങളും സംഗീതയ്ക്ക് ഗവേഷണത്തിന്റെ ഭാഗമാകും.  

Clik here to read in English