ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നാതാണെന്നു വെളിപ്പെടുത്തി സീരിയൽ താരം ദർശന ദാസ്. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലായിരുന്നു പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ വെളിപ്പെടുത്തൽ.
മലയാള സീരിയലുകളിലെ നിറസാന്നിധ്യങ്ങളായ നിയ, ദർശന, അശ്വതി എന്നിവരാണ് ഒന്നും ഒന്നും മൂന്നിന്റെ 16–ാം എപ്പിസോഡിൽ അതിഥികളായി എത്തിയിരുന്നത്. കല്യാണി എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ അഭിനയരംഗത്തേക്കു കടന്നുവന്ന താരമാണ് നിയ. വിജയ് നായകനായ വേട്ടൈക്കാരനില്‍ നിയ അഭിനയിച്ചിട്ടുണ്ട്. മലയാള സീരിയലിലെ ശ്രദ്ധേയ താരമാണ് ദർശന. ഇതുവരെ നാലു സീരിയലുകൾ അഭിനയിച്ച മലയാള സീരിയലിലെ നിറസാന്നിധ്യമായി കഴിഞ്ഞു. മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് സീരിയലായ ഭ്രമണത്തില്‍ അഭിനയിക്കുന്ന അശ്വതി മികച്ചൊരു ഗായിക കൂടിയാണ്.
റിമിയുടെ ടോമിയുടെ തമാശകളും രസകരമായ ഗെയിമുകളും കൊണ്ട് ആഘോഷമായ എപ്പിസോഡിൽ സ്വന്തം ജീവിതത്തെക്കുറിച്ചും പ്രിയതാരങ്ങൾ മനസ്സ് തുറന്നു.
വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിന് ഇതിനിടയിലാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്താൻ റിമി ഇവരോട് ആവശ്യപ്പെട്ടത്. തന്റെ ബ്യൂട്ടിക് നല്ലൊരു സ്ഥാപനമായി മാറണമെന്ന ആഗ്രഹമാണ് നിയ പങ്കുവെച്ചത്. ലോകം മുഴുവൻ സഞ്ചരിച്ചു എല്ലാ രുചികളും അറിയണമെന്ന് അശ്വതിയും പറഞ്ഞു. ദര്‍ശനയുടെ ഊഴമെത്തിയപ്പോൾ നല്ലൊരു സ്നേഹിക്കുന്ന ഭർത്താവിനെയായിരിക്കും ആഗ്രഹിക്കുന്നതെന്നും ജീവിതത്തിലെ ഏറ്റവും വലിയ കാര്യം അതല്ലേ എന്നും റിമി. നല്ലൊരു ഭർത്താവിനെ േവണമെന്നും എന്നാൽ അച്ഛന് ലാലേട്ടനെ വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും ദർശന പറഞ്ഞു.
ദർശനയുടെ ആഗ്രഹം കേട്ട റിമി ലാലേട്ടനോ മറ്റാരെങ്കിലും ഇതു കാണുകയാണെങ്കിൽ ദർശനയെ ഏതെങ്കിലും ഒരു സീനിലെങ്കിലും ഒപ്പം അഭിനയിപ്പിക്കണമെന്ന് റിമി അഭ്യർഥിച്ചു. ഈ കുട്ടിയുടെ അച്ഛൻ ലാലേട്ടന്റെ വലിയൊരു ആരാധകനാണെന്നും റിമി പറഞ്ഞു. ഞാനും ഒരു ലാലേട്ടൻ ആരാധികയാണെന്നു പറഞ്ഞ ദർശനയോട് ‘ആരാണ് അല്ലാത്തത്’ എന്നായിരുന്നു റിമി തിരിച്ചു ചോദിച്ചത്. തുടർന്ന് മോഹൻലാലും മീനയും അഭിനയിച്ച വർണപകിട്ടിലെ പാട്ടും ദർശനയ്ക്കായി റിമി ആലപിച്ചു.