യാത്രയെന്ന വാക്ക് ഗോവയെന്ന സംസ്ഥാനത്തോട് അത്രമേൽ സ്നേഹത്തോടെ ചേർന്നിരിക്കും. അതിനു കാരണമവുമുണ്ട്. അതറിയാൻ ഒരൊറ്റത്തവണ ആ കുഞ്ഞൻ സംസ്ഥാനം സന്ദർശിച്ചാൽ മതി. വലുപ്പത്തിൽ ചെറുതെങ്കിലും ഒരുക്കിവച്ചിരിക്കുന്ന കാഴ്ചകളുടെ കാര്യത്തിൽ വമ്പൻ സംഭവമാണ് ഗോവ. യാത്ര ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ കണ്ണും കരളും നിറയ്ക്കും ഇന്ത്യയിലെ ഈ ഏറ്റവും ചെറിയ സംസ്ഥാനം.
14 ലക്ഷത്തോളമേയുള്ളൂ ഗോവയിലെ ജനസംഖ്യ. പക്ഷേ അതിനേക്കാളുമേറെ ടൂറിസ്റ്റുകൾ വരും ഓരോ വർഷവും ഗോവ കണ്ട് മടങ്ങാൻ. അവരിൽ ഇന്ത്യക്കാരുണ്ട്, അതിലേറെ വിദേശികളുമുണ്ട്. അവരിൽ ചിലരാകട്ടെ ഗോവയെ സ്നേഹിച്ചു കൊതി തീരാനാകാതെ അവിടെത്തന്നെ കുടുംബവുമായി ജീവിതവും ആരംഭിച്ചിരിക്കുന്നു. ഗോവൻ യാത്രയ്ക്കിടയിൽ ഏതെങ്കിലുമൊരു ‘ഹോംലി’ റസ്റ്ററന്റിൽ കയറിയാൽ കാണാം കാര്യങ്ങളൊക്കെ നോക്കിനടത്തുന്ന ഒരു വിദേശി വനിതയെ. ഇംഗ്ലിഷിലാണ് അവരോട് നാം സംസാരിക്കാൻ ശ്രമിക്കുന്നതെങ്കിൽ മണിമണിപോലെ ഹിന്ദിയും കൊങ്ങിണിയും മറാത്തിയുമൊക്കെ തിരികെപ്പറഞ്ഞ് ഞെട്ടിച്ചുകളയും അവർ. അതാണ് ഗോവ– ഒരു തവണ പോയാൽ മതി പിന്നെയാ നാടും നാട്ടുകാരും ഹൃദയത്തിൽ നിന്നു വിട്ടിറങ്ങാൻ ആരായാലും ഇത്തിരി പാടുപെടും...
ആർക്കും വരാം, ആർക്കും വരാം...
ഒരു വശത്ത് തിരകളെപ്പോലെ തുള്ളിത്തുളുമ്പുന്ന മനസ്സുമായി ആഘോഷിക്കുന്നവർ. മറുവശത്ത് തിരയൊഴിഞ്ഞ കടൽ പോലെ ശാന്തത തേടുന്നവർ. രണ്ടു തരക്കാരെയും സ്വാഗതം ചെയ്യുന്നു ഗോവ. നോർത്ത് ഗോവ, സൗത്ത് ഗോവ എന്നിങ്ങനെ രണ്ട് ജില്ലകളേയുള്ളൂ ഗോവയിൽ. രണ്ടിന്റെയും പടിഞ്ഞാറു ഭാഗത്ത് അറബിക്കടലാണ്. അതിനാൽത്തന്നെ ബീച്ചുകളാൽ സമ്പന്നം. ഭാഗ, കണ്ടോളിം, അൻജുന, കലൻഗൂട്ട്, വാഗത്തോർ തുടങ്ങിയ ഗോവയിലെ പ്രശസ്ത ബീച്ചുകളെല്ലാം നോർത്ത് ഗോവയിലാണ്. അതിനാൽത്തന്നെ ആഘോഷങ്ങളും അവിടങ്ങളിലാണേറെ. രാത്രികാല പാർട്ടികളുടെ പ്രധാന കേന്ദ്രം. പാരച്യൂട്ടിൽ പറക്കലും സ്പീഡ് ബോട്ടിൽ കറക്കവും എല്ലാമായി വാട്ടർ സ്പോർട്സിന്റെയും പ്രധാനയിടങ്ങൾ നോർത്ത് ഗോവയിലെ ബീച്ചുകളാണ്. ഓരോ ബീച്ചിലുമെത്തുമ്പോഴേക്കും ഏജന്റുമാർ വളയും. ഇംഗ്ലിഷ് അസ്സലായി പറയുമെന്നു മാത്രമല്ല നമ്മൾ മലയാളികളാണെന്നു തിരിച്ചറിഞ്ഞാൽ അതുവരെ ‘സാർ, സാർ’ എന്നു വിളിച്ചവർ ‘ചേട്ടാ ചേട്ടാ’ വിളിയിലേക്ക് വഴിമാറും. തമിഴ്നാട്ടുകാർക്കിട്ട് ‘അണ്ണാ’ വിളിയും കൂടിയാകുന്നതോടെ പാരച്യൂട്ടിൽ കയറുകയേ ഇല്ലെന്നു ഉറപ്പിച്ചിരിക്കുന്നവർ വരെ ചിലപ്പോൾ മനസ്സുമാറ്റിക്കളയും. അതിന് പിന്നെയുമുണ്ട് കാരണങ്ങൾ– ഒന്നറിഞ്ഞ് വിലപേശിയാൽ അത്രയും നേരം പറഞ്ഞ റേറ്റ് കുത്തനെയിടിക്കും ഏജന്റുമാർ. പിന്നെ സാധാരണക്കാരാണെങ്കിൽപ്പോലും വാട്ടർസ്പോർട്സിലേക്കെടുത്തു ചാടിയാൽ കുറ്റംപറയാനാകില്ല.
ഇനിയിപ്പോൾ അൽപം സ്വസ്ഥമായി ബീച്ചുകളിലെ കാറ്റും കൊണ്ട് സൂര്യാസ്തമനവും കണ്ടിരിക്കാനാണെങ്കിൽ സൗത്ത് ഗോവയാണ് പലരും തിരഞ്ഞെടുക്കുക. തിരക്ക് കുറവായതിനാൽ സൗത്ത് ഗോവയിലെ ബീച്ചുകളിൽ വൃത്തിയും അൽപം കൂടുതലുമാണ്. പക്ഷേ നോർത്ത് ഗോവയിൽ പനജിയ്ക്കടുത്ത് ഡോണ പൗള പോലുള്ള ബീച്ചുകളിൽ സൂര്യാസ്തമനം കാണാനും കാറ്റുകൊള്ളാനും വരുന്നവരുടെ എണ്ണത്തിലും യാതൊരു കുറവുമില്ല. മലയാളികളുടെയും പ്രിയ ഡെസ്റ്റിനേഷനുകളിലൊന്നാണിത്.
ആത്മീയം ഈ ടൂറിസം
ഒരു ഭാഗം ബീച്ചുകളാൽ സമ്പന്നമാകുമ്പോൾ മറുഭാഗത്ത് ആത്മീയതയുടെ ശാന്തതയാണ് നോർത്ത് ഗോവ സമ്മാനിക്കുന്നത്. ഗോവയുടെ തലസ്ഥാനമായ പനജിയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരെ മാത്രമുള്ള ഓൾഡ് ഗോവയാണ് ഇതിന്റെ കേന്ദ്രം. പോർച്ചുഗീസുകാർ ഇവിടെ പണി തീർത്ത പള്ളികളിൽ പലതിനും ഇപ്പോഴും യാതൊരു കേടുപാടുമില്ല. അഥവാ തകർന്നു പോയാൽത്തന്നെ അവിടവും ചരിത്രസ്മാരമായി സംരക്ഷിച്ചിരിക്കുന്നു സർക്കാർ. യുനെസ്കോയുടെ പൈതൃകപദ്ധതിയിലും ഉൾപ്പെട്ടിട്ടുണ്ട് ഈ സ്മാരകങ്ങൾ. ആത്മീയതയ്ക്കു പോലും ടൂറിസം പരിവേഷം സമ്മാനിക്കും ഗോവ. അതിന്റെ ഒന്നാന്തരം തെളിവാണ് സെന്റ് ഫ്രാൻസിസ് അസീസിയുടെ പള്ളിയും സേ കത്തീഡ്രലും സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ബസലിക്ക ബോം ജീസസുമെല്ലാം.ഒരുവിഭാഗം പ്രാർഥനയുടെ നിർവൃതിയിൽ ഇരിക്കുമ്പോൾ മറുവിഭാഗം ടൂറിസ്റ്റുകള്‍ പള്ളിക്കകത്തെ കാഴ്ചകൾക്കു മുന്നിൽ അന്തംവിട്ടു നിൽക്കുന്നതു കാണാം ഇവിടങ്ങളിൽ. സെൽഫിയെടുക്കലിനു പക്ഷേ വിലക്കുണ്ട്. പകരം പള്ളിയുടെ ഫോട്ടോ എത്രവേണമെങ്കിലും എടുക്കാം. എങ്കിലും കാവൽക്കാരുടെ കണ്ണുവെട്ടിച്ച് സെൽഫിക്ക് യാതൊരു കുറവുമില്ല.
സെന്റ് ഫ്രാൻസിസ് അസീസിയുടെ പള്ളിയോട് ചേർന്ന് ഒരു മ്യൂസിയവുമുണ്ട്. ഓൾഡ് ഗോവയുടെ പുതുകാല കാഴ്ചകളിൽ നിന്ന് അതിന്റെ ചരിത്രത്തിലേക്ക് നടന്നുകയറുന്ന അപൂർവ അനുഭവം സമ്മാനിക്കും ഈ മ്യൂസിയം. പനജിയിലെ ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചർച്ച് കാണുന്നവർ സിനിമാപ്രേമിയാണെങ്കിൽ മനസ്സിൽ സംശയമുണരുക സ്വാഭാവികം– ‘ഈ ചർച്ച് എവിടെയോ കണ്ടിട്ടുണ്ടല്ലോ..!!’ സംശയിക്കേണ്ട ആഷിഖി 2വിൽ ശ്രദ്ധയും ആദിത്യ കപൂറും ആദ്യമായി കണ്ടുമുട്ടുന്നത് ഈ പള്ളിക്കു മുന്നിലാണ്. അതുപോലെ എത്രയോ ചിത്രങ്ങൾ. ഗോവയിലേക്കു ട്രിപ്പുള്ള മലയാളം സിനിമകളിലും ഒരു ലൊക്കേഷൻ ഈ പള്ളിയായിരിക്കും.
‘ചന്ത’മുള്ള കാഴ്ചകൾ
ബീച്ചും പള്ളികളും മാത്രമല്ല മാർക്കറ്റുകളുടെയും ലോകമാണ് ഗോവ. കൈയ്യിൽ കാശില്ലാത്തവർക്ക് ചുമ്മാ നടന്നു കാണാം, കാശുള്ളവരാണെങ്കിൽ അൽപം മനോനിയന്ത്രണം അത്യാവശ്യം. കാരണം വാങ്ങിക്കൂട്ടാൻ അത്രമാത്രം വിഭവങ്ങളാണ് ഓരോ ചന്തയിലും ഒരുങ്ങിയിരിക്കുന്നത്. അച്ചാറും പപ്പടവും മുതൽ നീളൻ കത്തിയും ഹുക്കയും വരെ കിട്ടും ഇവിടെ. സന്ധ്യ വരെയേ ഉള്ളൂ ഇക്കൂട്ടത്തിലെ വമ്പൻ ചന്തകളിലൊന്നായ മപൂസ മാർക്കറ്റ്. പുരാവസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും തുണിത്തരങ്ങളും കരകൗശലവസ്തുക്കളും പഴങ്ങളും പലതരം അച്ചാറുകളുമൊക്കെയായി ‘കട്ട ലോക്കൽ’ ആണു മപ്പൂസ.
അതേസമയം ലോക്കലും വിദേശിയുമുൾപ്പെടെ സകല സംഗതികളും റെഡിയാണ് അർപോറ മാർക്കറ്റിൽ. ശനിയാഴ്ച, അതും രാത്രിയിൽ, മാത്രം പ്രവർത്തിക്കുന്ന ഇവിടെ വിൽപന മാത്രമല്ല പാട്ടും ഡാൻസും ലഹരിയുമായി പലവിധ ആഘോഷങ്ങളുമൊരുക്കിയിട്ടുണ്ട്. ഗോവയിലെത്തിയാൽ ‘ഡോണ്ട് മിസ്’ എന്നു പറയാവുന്ന ഇടങ്ങളിലൊന്നു കൂടിയാണിത്. കലൻഗൂട്ട്, അൻജുന ബീച്ചുകളോട് ചേർന്നുള്ള മാർക്കറ്റുകളുടെ ലക്ഷ്യം പക്ഷേ പ്രധാനമായും വിദേശികളെയാണ്. എന്നിട്ടും തിരക്കിനൊട്ടും കുറവില്ല ഇവിടങ്ങളിൽ.
പല ഫാഷൻ, ഒരൊറ്റ ഗോവ
വസ്ത്രധാരണ രീതി ഒഴിച്ചു നിർത്തിയാൽ തെങ്ങും തോടുകളുമൊക്കെയായി ഗോവയ്ക്ക് കേരളത്തോടാണ് ഏറ്റവും സാമ്യം. ഭക്ഷണത്തിനെല്ലാം താരതമ്യേന വിലക്കുറവ്. ദേശി–വിദേശി ഫുഡ് ഐറ്റങ്ങൾ സുലഭം. അതിനാൽത്തന്നെ നല്ല ഭക്ഷണപ്രിയരുമാണ് ഗോവക്കാർ. അതിന്റെ ‘ഗുണം’ ശരീരത്തിലും കാണാനുണ്ട്. വലിഞ്ഞ ടി ഷർട്ടുകൾക്കുള്ളിൽ വമ്പൻ ശരീരവുമായി നടക്കുന്നവരാണ് പ്രായമേറിയവരിൽ ഏറെയും. പക്ഷേ പുതുതലമുറ നേരെ തിരിച്ചും.
എത്രമാത്രം തടി കുറയ്ക്കാനാകുമോ അത്രയും കുറയ്ക്കുക എന്ന മട്ടിലാണ് ന്യൂജൻ പിള്ളേരുടെ ഭക്ഷണരീതി പോലും. ഫാഷന്റെ കാര്യത്തിലുമുണ്ട് ആ വ്യത്യാസം. കടുംനിറങ്ങളില്‍ ആറാടിയാണ് ആൺ–പെൺ വ്യത്യാസമില്ലാതെ വസ്ത്രധാരണം. പൂക്കളോട് ഒരു പ്രത്യേക സ്നേഹവുമുണ്ട് ഇവിടുത്തുകാർക്ക്. അതിനാൽത്തന്നെ ബീച്ചോരങ്ങളിലെയും മറ്റും കടകളിൽ ഏറെയും പൂക്കൾ നിറഞ്ഞ ഡിസൈനുകളോടു കൂടി ഷർട്ടും സ്ലീവ്‌ലെസ് ടോപ്പുകളും ടിഷർട്ടുകളുമാണ് ഏറെയും.
മാറുന്ന ലോകം ഓരോ ദിവസവും വിദേശികളുടെ രൂപത്തിൽ ഗോവയിലെത്തുകയാണല്ലോ, അതിനാൽത്തന്നെ ഫാഷന്റെ കാര്യത്തിലും അപ്േഡറ്റഡാണ് യുവതലമുറ. പലഫാഷനുകള്‍ കണ്ടുപഠിച്ച് അവയെല്ലാം കൂട്ടിച്ചേർത്തൊരു ‘ഗോവൻ’ സ്റ്റൈലൊരുക്കുന്നു ഓരോ പെൺകുട്ടിയും. പനജിയിൽ മാത്രം മണ്ഡോവി നദിക്കരയിലൂടെ വൈകിട്ടൊന്നു നടന്നാൽ ഒരു ഫാഷൻ റാംപിലൂടെ നടക്കുന്ന അനുഭൂതിയാണ്–പലനാട്ടുകാർ, പല വേഷങ്ങൾ...ബസിലാണെങ്കിലും ചുമ്മാ നടക്കുകയാണെങ്കിലും സ്കൂൾ കുട്ടികളുടെ വരെ ചെവിയിൽ കാണാം ഇയർഫോൺ. വൈകിട്ട് പാർട്ടികളിലും ‘പാട്ടൊഴിച്ചാണ്’ സകലരും മദ്യപിക്കുന്നതു തന്നെ. അതിപ്പോൾ ലോക്കൽ ബാറിലെ ഗാനമേളയാണെങ്കിലും ഡിജെയാണെങ്കിലും അങ്ങനെത്തന്നെ. മദ്യത്തിന് വില കുറഞ്ഞതു കൊണ്ടും അത് ആവശ്യത്തിലേറെ ലഭിക്കുന്നതു കൊണ്ടുമാകണം അടിച്ചു പൂസായി കിടക്കുന്നവരെ വഴിയരികിൽ കാണാൻ പോലും കിട്ടുന്നത് അപൂർവമായിരിക്കും ഗോവയിൽ. രാവിലെ ചായ കുടിക്കാൻ കയറിയാൽ പോലും ബക്കാർഡിയുടെയും റമ്മിന്റെയും ബിയറിന്റെയുമൊക്കെ മെനു കൊണ്ടുവയ്ക്കുന്ന ഒരു നാട്ടിൽ മദ്യം വീട്ടിലേക്ക് കയറ്റാൻ പാടില്ലെന്നു പറയുന്നത് എന്തുന്യായം!
ഗോവക്കാർ നല്ല പോലെ ഭക്ഷണം കഴിക്കും, റസ്റ്ററന്റിലോ വീട്ടിലിരുന്നോ മദ്യപിക്കും. ഉച്ച മുതൽ വൈകിട്ട് നാല്–അഞ്ചുമണി വരെ ഇനിയിപ്പോൾ ലോകം അവസാനിക്കാൻ പോകുകയാണെന്നു പറഞ്ഞാലും അവർ കിടന്നുറങ്ങും. ആ നേരത്ത് മിക്ക കടകളും, മദ്യഷോപ്പുകൾ ഉൾപ്പെടെ, ‘ക്ലോസ്ഡ്’ ബോർഡിനപ്പുറത്ത് നിശബ്ദമായുറങ്ങുകയായിരിക്കും. ഇങ്ങനെ പാട്ടും ഫുഡും ഉറക്കവും സിനിമയും യാത്രയും കാഴ്ചകളുമായി ഗോവൻ അനുഭവത്തെ ഒരൊറ്റ വാക്കിലൊതുക്കാം. അതിനൊരു പുതിയ മലയാള സിനിമയുടെ പേരുമായി ബന്ധം വരുന്നത് തികച്ചും സ്വാഭാവികം മാത്രം– അത്രമേൽ ‘ആനന്ദം’ ഗോവ....!