ബോളിവുഡിലെ ഏറ്റവും ഭാഗ്യവതിയായ സഹോദരി എന്നാണ് സൽമാന്‍ ഖാന്റെ സഹോദരി അർപിതയ്ക്കു ചെല്ലപ്പേരെങ്കിലും താൻ ലോകത്തിലെ തന്നെ ഭാഗ്യവതിയായ സഹോദരിയാണെന്നാണ് അർപിതയുടെ വാദം. സാഹോദര്യ സ്നേഹം പങ്കിടാനെത്തിയ രക്ഷാബന്ധൻ ദിനത്തിലും സഹോദരന്മാരായ അർബാസിനും സൊഹൈലിനും സൽമാനും ആശംസകളുമായി അര്‍പിത എത്തിയിട്ടുണ്ട്. അവിടെയും തീർന്നില്ല തന്റെ പൊന്നോമന പുത്രൻ അഹിലിനൊപ്പം സല്ലു കളിക്കുന്നതിന്റെ വിഡിയോയും അർപിത പങ്കുവച്ചു.
ഒരുവയസുകാരനായ അഹിലിനൊപ്പം സ്വയം മറന്നു കളിക്കുന്ന അമ്പത്തിയൊന്നുകാരനായ സൽമാനാണു വിഡിയോയിലുള്ളത്. സുൽത്താനിലെ പ്രശസ്ത ട്രാക്ക് മൂളുന്നതിനൊപ്പമാണ് അഹിലിനെ രസംപിടിപ്പിച്ചുള്ള അമ്മാവന്റെ കളി. ഹൃദയം കൊടുന്ന കാപ്ഷനൊപ്പമാണ് അർപിത വിഡിയോ പങ്കുവച്ചത്. '' കെയറിങ് ആയ, ലവിങ്ങ് ആയ, ഒരുപാടു സ്നേഹിക്കുന്ന സഹോദരനെ കിട്ടിയ ഞാനായിരിക്കും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ സഹോദരി. എനിക്കു മാത്രമല്ല തന്നോടു ചേർന്നു നിൽക്കുന്നവർക്കൊക്കെയും പകര്‍ന്നു നൽകുന്ന സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ലവ് യൂ ഭായ്...' എന്ന അടിക്കുറിപ്പോടെയാണ് രസകരമായ വിഡിയോ അർപിത പങ്കുവച്ചത്.
തീർന്നില്ല സൊഹൈൽ ഖാനൊപ്പമുള്ളൊരു പഴയകാല ചിത്രവും അർപിത പങ്കുവച്ചിരുന്നു. തീരെ കുഞ്ഞായിരിക്കുമ്പോഴാണ് സൽമാൻ ഖാന്റെ അച്ഛൻ സലിം ഖാൻ അർപിതയെ ദത്തെടുക്കുന്നത്. 2014ൽ ഡൽഹി സ്വദേശിയായ ബിസിനസ്മാൻ ആയുഷ് ശർമയെയാണ് അർപിത വിവാഹം കഴിച്ചത്. ബോളിവുഡിനെ ഞെട്ടിക്കും വിധത്തിൽ ഗംഭീരമായ വിവാഹമാണ് കുഞ്ഞനുജത്തിക്കായി അന്ന് ഖാൻമാർ ചേർന്നു നടത്തിയത്.
Read more: Malayalam Lifestyle Magazine