'പ്രായമായില്ലേ ഭാജീ, ക്ഷമിച്ചു കള ' ; വൈറലായി ഗാംഗുലിയുടെ ട്വീറ്റ്

ഹർഭജൻ സിങ് ഭാര്യ ഗീത ബസ്രയ്ക്കും മകൾക്കുമൊപ്പം, സൗരവ് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകനായിരുന്ന സൗരവ് ഗാംഗുലി മറ്റു താരങ്ങളെ അപേക്ഷിച്ച് സമൂഹമാധ്യമത്തിൽ അത്ര സജീവമല്ല . സഹതാരങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ദാദയുടെ ഒരു ട്വീറ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ക്രിക്കറ്റ് താരം ഹർഭജന്‍ സിങ്ങിന്റെ ഒരു ചിത്രത്തിനു കീഴെ സ്നേഹത്തോടെ ഗാംഗുലി കുറിച്ച വാക്കുകൾ പക്ഷേ അബദ്ധമായെന്നു മാത്രമല്ല ട്രോളന്മാർ െപാളിച്ചടുക്കുകയും ചെയ്തു. സംഗതി മറ്റൊന്നുമല്ല ഭാജിയുടെ മകളെ കണ്ടപ്പോൾ‍ ഗാംഗുലിക്കു പെട്ടെന്നു തോന്നിയത് അതു മകനാണെന്നാണ്. 

ഗാംഗുലി ഇന്ത്യൻ കാപ്റ്റൻ ആയിരിക്കവേ ടീമിനു വേണ്ടി കളിച്ചുകൊണ്ടിരുന്നയാളാണ് ഹർഭജന്‍ സിങ്. അന്നുതൊട്ടേ ഇരുവർക്കും ഇടയിൽ ഒരു പ്രത്യേക സ്നേഹവുമുണ്ട്. ആ സ്നേഹവും കരുതലുമൊക്കെ നിറച്ചാണ് ഗാംഗുലി ഭാജിയുടെ പുത്രിക്കായി ഒരു ട്വീറ്റ് ചെയ്തത്. സുവർണ ക്ഷേത്രത്തിന്റെ മുന്നിൽ ഭാര്യ ഗീത ബസ്രയ്ക്കും മകൾക്കുമൊപ്പം നിൽക്കുന്ന ഹർഭജന്റെ ചിത്രത്തിനു കീഴെ ഗാംഗുലി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. '' മകൻ വളരെ സുന്ദരനാണ്, എന്റെ സ്നേഹം നൽകൂ''.

ഗാംഗുലി ട്വീറ്റ് ചെയ്ത് അധികം കഴിയുംമുമ്പേ സമൂഹമാധ്യമത്തിലെ വിരുതന്മാർ അബദ്ധം കണ്ടുപിടിച്ചുവെന്നു പറഞ്ഞാൽ മതിയല്ലോ. തനിക്കു തെറ്റു സംഭവിച്ചുവെന്നു മനസ്സിലായതോടെ ദാദ വീണ്ടും അടുത്ത ട്വീറ്റുമായി രംഗത്തെത്തി. ഇക്കുറി തനിക്കു പറ്റിയ തെറ്റിനെ അംഗീകരിക്കുകയും അബദ്ധം സംഭവിച്ചതിനു കാരണം അറിയിക്കുകയും ചെയ്തു. '' എന്നോടു ക്ഷമിക്കൂ, മകൾ വളരെ സുന്ദരിയായിരിക്കുന്നു... പ്രായം കൂടുകയല്ലേ ഭാജീ..'' എന്നായിരുന്നു ഗാംഗുലിയുെട അടുത്ത ട്വീറ്റ്. 

തനിക്കു സംഭവിച്ചതു തെറ്റാണെന്നു മനസ്സിലാവുകയും അതു രസകരമായ രീതിയിൽ തിരുത്താൻ തയാറാവുകയും ചെയ്ത ഗാംഗുലിയുട‌െ ട്വീറ്റിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. അപ്പോൾ തന്നെ ക്ഷമ ചോദിച്ച ദാദ വലിയ മനസ്സുള്ളവനാണെന്നും താങ്കൾ യുവാക്കൾക്കു പ്രചോദനമാണെന്നും പറഞ്ഞു പലരും ഗാംഗുലിയുടെ 'തിരുത്തൽ' ട്വീറ്റ് വൈറലാക്കുകയും ചെയ്തു. 

ഇനി ഇത്രയൊക്കെ ട്വീറ്റുകൾ വന്നിട്ടും വിഷയത്തിൽ ഭാജി ഇടപെട്ടില്ലേ എന്നു ചിന്തിക്കുന്നവരുണ്ടാകും. നിരാശരാകേണ്ട, പ്രിയപ്പെട്ട ദാദയ്ക്കു മറുപടിയുമായി ഹർഭജനും ഒടുവിൽ രംഗത്തെത്തി. ''ദാദയുടെ അനുഗ്രഹത്തിനു നന്ദി, സനയോടു സ്നേഹം അറിയിക്കൂ, ഉടൻ കാണാനാകുമെന്നു പ്രതീക്ഷിക്കുന്നു'' എന്നായിരുന്നു ഹർഭജന്റെ ട്വീറ്റ്. ഗാംഗുലിയുടെ മകളുടെ പേരാണ് സന. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam