അംബാനി കുടുംബം ആഘോഷത്തിലാണ്. കുടുംബത്തിലെ ഏക പെണ്‍തരിയുടെ വിവാഹം ലോകത്തെ ഏറ്റവും ആഢംബരപൂർണ വിവാഹമാക്കി മാറ്റനാണ് മുകേഷ് അംബാനിയുടെ തീരുമാനം. ബോളിവുഡ് താരങ്ങൾ, വ്യവസായികൾ, ക്രിക്കറ്റ് താരങ്ങൾ, വിഐപികൾ എന്നിങ്ങനെ ഒരു നീണ്ട നിരതന്നെ ആഘോഷങ്ങളുടെ ഭാഗമാകുന്നുണ്ട്. ഉദയ്പുരിൽ നടക്കുന്ന വിവാഹാഘോഷം ചരിത്രത്തിൽ സ്ഥാനം പിടിക്കും.
ഈ ആഘോഷരാവിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്തായാലും പാട്ടും നൃത്തവും മറ്റു നിരവധി കലാപരിപാടികളും കൊണ്ട് ആഘോഷമായ രാവിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത് നിതാ അംബാനിയുടെ നൃത്തമായിരുന്നു.
ഷാരുഖ് ഖാനും സെയ്ഫ് അലിഖാനും അഭിനയിച്ച ബോളിവുഡ് ചിത്രം ‘കൽഹോ നഹോ’യിലെ ‘മഹി വ’ എന്ന ഗാനത്തിനായിരുന്നു നിത അംബാനി ചുവടുവെച്ചത്. മക്കളായ അകാശിനും ആനന്ദിനുമൊപ്പമായിരുന്നു നിത അംബാനിയുടെ നൃത്തം. പിന്നീട് ഇഷ അച്ഛൻ മുകേഷ് അംബാനിക്കൊപ്പം വേദിയിലെത്തി.
എന്നാൽ മക്കൾക്കെപ്പം മാത്രമല്ല, ഭർത്താവിനൊപ്പവും നിത അംബാനി നൃത്തം ചെയ്തു. ‘ജബ് തക ഹൈ ജാനിന്റെ’ ടൈറ്റിൽ ട്രാക്കിനൊപ്പമായിരുന്നു ഇവരുടെ റൊമാന്റിക് നൃത്തം. ഇൻസ്റ്റഗ്രാമിലൂടെ നിത അംബാനിയാണു കുടുംബാംഗൾക്കൊപ്പമുള്ള നൃത്തരംഗങ്ങൾ പങ്കുവെച്ചത്.
ബോളിവുഡ് താരങ്ങളുടെ പ്രകടനങ്ങളും സംഗീതസന്ധ്യയും ഉൾപ്പടെ ഉദയ്പുരിലെ ആഘോഷങ്ങളുടെ കൂടുതൽ വിഡിയോകൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഡിസംബർ 7ന് അന്നസേവ ചടങ്ങുകളോടെയാണ് ഇഷയുടെ വിവാഹ ആഘോഷങ്ങൾക്കു തുടക്കമായത്. ഉദയ്പുരിലെ വിവാഹപൂർവ ആഘോഷങ്ങൾക്കുശേഷം ഡിസംബർ 12നു മുംബൈയിലെ അംബാനിയുടെ വസതിയിലായിരിക്കും വിവാഹം.