അടിതൊട്ടു മുടി വരെ അളന്നു നോക്കിയാൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായ് ബുർജ് ഖലീഫയുടെ ഉയരം ഏകദേശം 830 മീറ്റർ വരും. ആ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിൽ നിൽക്കുമ്പോൾ പെട്ടെന്ന് കാലുകൾക്കു താഴെ തറ വിണ്ടുകീറാൻ തുടങ്ങിയാൽ എങ്ങനെയുണ്ടാകും? അങ്ങനെയൊന്ന് ആലോചിക്കുമ്പോൾ തന്നെ കാലുകളിലെ വിറ ദേഹമാകെ പടരുന്ന അവസ്ഥ. അങ്ങനെയാണെങ്കിൽ ബുർജ് ഖലീഫയെക്കാളും ഉയരത്തിൽ കെട്ടിപ്പൊക്കിയ ഒരു ചില്ലുപാലത്തിലൂടെ നടന്നു പോകുന്നതിനിടെ അത് പതിയെ വിണ്ടുകീറാൻ തുടങ്ങിയാൽ എങ്ങനെയുണ്ടാകും? മനസ്സു തുറന്ന് ദൈവത്തെ വിളിക്കുകയേ വഴിയുള്ളൂ. അതുതന്നെയാണ് ചൈനയിലെ ആ ടൂറിസ്റ്റുകളും ചെയ്തത്.
ചൈനയിലെ യുൻതായ് പർവതനിരകളിൽ അടുത്തിടെയാണ് ചില്ലുകൊണ്ടുള്ള ഗംഭീരനൊരു പാലം നിർമിച്ചത്. നിർമാണ സമയത്ത് ഇത് വലിയ വാർത്താപ്രാധാന്യവും നേടിയിരുന്നു. പർവതത്തിന്റെ ഏറ്റവും മുകളിലായിരുന്നു നിർമാണം. അതായത് തറനിരപ്പിൽ നിന്ന് 1080 മീറ്റർ ഉയരത്തിൽ. പാലം നിർമിച്ചതിനു പിറകെ അങ്ങോട്ട് ടൂറിസ്റ്റുകളുടെ ഒഴുക്കായി. അതിനിടെയാണ് പുതിയ സംഭവം. പാലത്തിലൂടെ നടന്നുപോകവെ കാൽക്കീഴിലെ ചില്ല് വിണ്ടുകീറിയെന്നാണ് ഒരു വനിതാടൂറിസ്റ്റ് ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ കുറിച്ചത്. പാലത്തിന്റെ അറ്റത്ത് എത്താറായ സമയത്തായിരുന്നു വലിയൊരു ശബ്ദത്തോടെ ചില്ല് വിണ്ടുകീറിയതെന്നും അവർ പറയുന്നു. പേടികൊണ്ട് ഉറക്കെക്കരഞ്ഞു പോയതായും ടൂറിസ്റ്റിന്റെ വാക്കുകൾ. മാത്രവുമല്ല ആ കാഴ്ച കണ്ട് പാലം തകരുമെന്ന് കരുതി ചുറ്റിലുള്ളവരും നിലവിളിക്കാൻ തുടങ്ങി. പക്ഷേ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. പോസ്റ്റിനൊപ്പം കക്ഷി വിള്ളലിന്റെ ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തു. ഫോട്ടോയ്ക്ക് അത്ര തെളിമയില്ലെങ്കിലും തൊട്ടുപിറകെ സംഗതി വൈറലായി, വാർത്തയുമായി. മാത്രവുമല്ല, പാലത്തിലേക്ക് ആരെയും തൽകാലത്തേക്ക് കടത്തിവിടേണ്ടെന്നും തീരുമാനമായി. അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചിരിക്കുകയാണിപ്പോൾ.
ടൂറിസ്റ്റുകളിലൊരാളുടെ കയ്യിൽ നിന്നു വീണ സ്റ്റീൽ മഗാണ് പാലത്തിൽ വിള്ളലുണ്ടാക്കിയതെന്നാണ് അധികൃതർ പറയുന്നത്. മാത്രവുമല്ല പേടിക്കാനില്ലെന്നും മൂന്ന് അടുക്കുകളായി ചില്ലുപാളി പാകിയിട്ടുണ്ടെന്നും അവരുടെ പക്ഷം. 800 കിലോഗ്രാം വരെ താങ്ങാവുന്ന വിധത്തിലാണത്രേ പാലത്തിന്റെ നിർമാണം. എന്നിരുന്നാലും വളരെയേറെപ്പേർ വരുന്ന ഒരിടത്ത് ഇത്രയും അപകടസാധ്യതയുണ്ടായിരിക്കെത്തന്നെ ഇത്തരം നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് അംഗീകരിക്കാനാവില്ലെന്ന വിമർശം ഉയർന്നുകഴിഞ്ഞു. അതിനിടെ വെയ്ബോയിൽ ഇക്കാര്യം പോസ്റ്റ് ചെയ്ത ഇരുപതുകാരി പെൺകുട്ടി അത് പിൻവലിച്ചു കഴിഞ്ഞു. സംഗതി ഇത്രത്തോളം പുലിവാലാകുമെന്നു കരുതിയില്ലെന്നാണ് ഇതിനെക്കുറിച്ച് മാധ്യമങ്ങൾ അന്വേഷിച്ചപ്പോൾ കക്ഷി പറഞ്ഞത്.
68 സെ.മീ,വീതിയുള്ള പ്ലാറ്റ്ഫോമാണ് പാലത്തിന്റേത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഉദ്ഘാടനം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.