പ്രിയങ്ക ചോപ്ര സന്തോഷത്തിലാണ്. തന്റെ ബ്രൈഡൽ ഷവറിന് മതിമറന്ന് നൃത്തം ചെയ്യുന്ന വിഡിയോ കണ്ട് ആരാധകരും സന്തോഷത്തിലാണ്.
ന്യൂയോർക്കിലെ ടിഫാനി ആൻഡ് കോസ് ബ്ലൂ ബോക്സ് കഫേയിലായിരുന്നു പ്രിയങ്കയുടെ ബ്രൈഡൽ ഷവർ ആഘോഷങ്ങള്‍ നടന്നത്. ആത്മാർഥ സുഹൃത്തായ മുബീന റോട്ടൻസിയും മാനേജർ അഞ്ജൂല ആചാര്യയുമാണ് പാർട്ടി സംഘടിപ്പിച്ചത്.
പ്രിയങ്ക ബ്രൈഡൽ ഷവർ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരെ ആവേശത്തിലാക്കി പ്രിയങ്ക ആടി പാടുന്ന വിഡിയോയുമെത്തിയത്. പ്രിയങ്കയ്ക്കൊപ്പം നൃത്തം ചെയ്യാൻ അമ്മയുമുണ്ട്. ഭാവി വരൻ നിക്കിന്റെ അമ്മ ഡെനീസ് ജോഹാൻസും എത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കുെടുത്ത ചടങ്ങിൽ നൃത്തം ചെയ്യുന്ന പ്രിയങ്ക ഒരു കൊച്ചു കുട്ടിയെപ്പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും പ്രിയങ്കയുടെ വിഡിയോ ആരാധകർ ആഘോഷമാക്കി.
കുറച്ചു വർഷങ്ങളായുള്ള നിക്– പ്രിയങ്ക പരിചയം 2018 മെയ് മാസത്തിലാണ് പ്രണയത്തിലേക്കെത്തുന്നത്. ഡിസംബറിൽ ജോധ്പുരിലായിരിക്കും ഇവരുടെ വിവാഹമെന്നാണ് റിപ്പോർട്ടുകൾ.