തകർന്ന സ്കൂളിനുപകരം 72 മണിക്കൂർകൊണ്ടു പുതിയ സ്കൂളൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ. പ്രിയപ്പെട്ട വിദ്യാലയം മലവെള്ളപ്പാച്ചിലിൽ തകർന്നുപോകുന്നത് നിറകണ്ണുകളോടെയാണ് കുറിച്യാർമല ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ കണ്ടത്. 13ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിലാണ് വയനാട്ടിലെ വിദ്യാലയം തകർന്നത്. സ്കൂളിലേക്കുള്ള റോഡും നടപ്പാലവും കുത്തൊഴുക്കിൽ പൂർണ്ണമായും നശിച്ചു. സ്കൂളാകട്ടെ ചെളിയിൽ മുങ്ങിയ നിലയിലും. പുനർനിർമിക്കണമെങ്കിൽ ആറുമാസമെങ്കിലും സമയമെടുക്കും. നൂറോളം കുട്ടികളുടെ പഠനം പെരുവഴിയാകുമെന്ന ഘട്ടം വന്നു.
താൽകാലികമായി തൊട്ടടുത്തുള്ള മദ്രസ കെട്ടിടത്തിന്റെ ഒന്നാം നില സ്കൂളിനായി വിട്ടുനൽകി. വിദ്യാർഥികളും രക്ഷിതാകൾക്കും അധ്യാപകർക്കും തെല്ലൊരു ആശ്വാസമായി. സ്കൂളിന്റെയും വിദ്യാർഥികളുടെയും ദയനീയാവസ്ഥ കാണിച്ചുകൊണ്ട് ഒരു സംഘം ചെറുപ്പക്കാർ സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെ സംഭവം സഹജീവി സ്നേഹമുള്ള ഒരു കൂട്ടം ചെറുപ്പക്കാർ ഏറ്റെടുത്തു.
പ്രളയം വിഴുങ്ങിയ സ്കൂളിനുപകരം 72 മണിക്കൂർ കൊണ്ട് മറ്റൊരു സ്കൂളുണ്ടാക്കി ഇവർ വിസ്മയിപ്പിച്ചു. മൂന്നു ദിവസം കൊണ്ട് മദ്രസയുടെ മുകൾ ഭാഗത്ത് നാല് ക്ലാസ് റൂമുകളും സ്റ്റാഫ് റൂമും, ഭക്ഷണശാലയും ഒരുക്കുന്ന ഉത്തരവാദിത്വമാണ് ഇവർക്ക് കിട്ടിയത്. 72 മണിക്കൂറുകൾ കൊണ്ട് അവര്‍ പണി മനോഹരമായി പൂർത്തിയാക്കുകയായിരുന്നു. പിടിഎ പ്രസിഡന്റ് അസ്‌ലമും പ്രദേശത്തെ സജീവസാമൂഹ്യപ്രവർത്തകനായ ഷമീറും ചെറുപ്പക്കാർക്ക് ഊർജ്ജം പകർന്നു.
ക്ലാസ് റൂമുകളുടെയും സ്‌കൂളിന്റെയും ചുവരുകൾ നിറയെ കുട്ടികളുടെ മനം നിറക്കുന്ന ചിത്രങ്ങളൊരുക്കുകയായിരുന്നു അടുത്ത പണി. സുഡാനി ഫ്രം നൈജീരിയ, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ ആർട്ട് ഡയറക്ടറായിരുന്ന അനീസ് നാടോടിയുടെ നേതൃത്വത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്ന രീതിയിൽ ചിത്രങ്ങളും വരച്ചു.
മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ പ്രളയജലത്തിൽ തകർന്നുപോയ കുറിച്യർമല എൽ.പി സ്‌കൂളിലെ കുട്ടികളും ഒരു ക്ലാസ് പോലും നഷ്ടപ്പെടുത്താതെ പഠനം തുടർന്നു. ബലൂണുകൾ മുകളിലേക്ക് പറത്തിയും മധുരങ്ങൾ വിതരണം ചെയ്‌തും നാട്ടുകാരും രക്ഷിതാക്കളും കലാകാരൻമാരും വിദ്യാർത്ഥികളുടെ സന്തോഷത്തിൽ പങ്കുകൊണ്ടു. വയനാട് ജില്ലാ കളക്ടർ എ ആർ അജയകുമാർ, തഹസിൽദാർ, പ്രധാന അധ്യാപകൻ ശശി പി.കെ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.