സര്‍വ്വവും നശിപ്പിക്കുന്ന ആയുധങ്ങളായാണ് ആണവബോംബുകളെ കണക്കാക്കുന്നത്. അണുബോംബുകളില്‍ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കുഞ്ഞന്‍ അണുബോംബുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ സൈന്യം. ചെറിയൊരു പ്രദേശത്തില്‍ തുടങ്ങി ഒരു നഗരം മുഴുവന്‍ നശിപ്പിക്കാന്‍ ശേഷിയുള്ള അണുബോംബുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. മൂന്നാം ലോകമഹായുദ്ധം മുന്നില്‍കണ്ടാണ് പുതിയ അണുബോംബ് നിര്‍മാണമെന്നും സൂചനയുണ്ട്.
നിലവില് 20 കിലോടണ്ണുള്ള അണുബോംബുകള്‍ അമേരിക്കന്‍ ശേഖരത്തിലുണ്ട്. ഇത് രണ്ട് കിലോമീറ്റര്‍ താഴെ പ്രദേശം തകര്‍ക്കാന്‍ ശേഷിയുള്ളതാണ്. അമേരിക്കന്‍ പ്രസിഡന്റിന് യുദ്ധമേഖലയില്‍ പുതിയ ഓപ്ഷന്‍ നല്‍കുന്നതാണ് ഈ തീരുമാനമെന്നാണ് സൈനികനേതൃത്വം പറയുന്നത്. നിലവില്‍ അമേരിക്കയുടെ ശേഖരത്തിലുള്ള പല ബോംബുകളും ഈ മിനി ന്യൂക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകുമെന്നും കരുതപ്പെടുന്നു.
ശീതയുദ്ധകാലത്ത് ‘വലുതാണ് നല്ലത്’ എന്ന മുദ്രാവാക്യമായിരുന്നെങ്കില്‍ ഭാവിയില്‍ അണുബോംബുകള്‍ എത്രത്തോളം ചെറുതാകുന്നോ അത്രയും നല്ലത് എന്ന നിലയിലെത്തുമെന്നും അമേരിക്കന്‍ സൈനിക വിദഗ്ധര്‍ കരുതുന്നു. അതേസമയം, അമേരിക്കയുടെ ഈ നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ആണവസ്‌ഫോടനം ചെറുതായാലും വലുതായാലും പ്രത്യാഘാതങ്ങള്‍ ഒന്നുതന്നെയാകുമെന്നതാണ് വിമര്‍ശകരുയര്‍ത്തുന്ന പ്രധാന ആരോപണം. നിലവിലുള്ള ആയുധങ്ങളുപയോഗിച്ച് നടത്താന്‍ കഴിയാത്ത എന്ത് മേന്മയാണ് പുതുതായി ചെറു അണുബോംബുകള്‍ വഴി നടത്തുന്ന ആക്രമണങ്ങള്‍ക്കെന്നും ഇവര്‍ ചോദിക്കുന്നു.
അതേസമയം, അമേരിക്കന്‍ സൈന്യത്തിന്റെ ആയുധശേഖരം ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമാണ് ചെറു ആണവായുധങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. നിലവില്‍ ഏറ്റവും കൂടുതല്‍ ആണവായുധങ്ങളുള്ള റഷ്യയും ചെറിയ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. 10 കിലോടണ്‍ ശേഷിയുള്ള അണുബോംബ് പരീക്ഷിച്ചെന്ന അവകാശവാദവുമായി ഉത്തരകൊറിയയും രംഗത്തെത്തിയിരുന്നു. ചെറിയ ആണവായുധങ്ങള്‍ നിര്‍മിക്കുന്നു എന്നതിനര്‍ഥം അമേരിക്ക വലിയ ആയുധങ്ങള്‍ ഇനി നിര്‍മിക്കില്ലെന്നല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.