ലോകത്തെയാകെ വെല്ലുവിളിക്കാന്‍ പാകത്തില്‍ ആണവശക്തിയായി മാറാന്‍ ഉത്തരകൊറിയയ്ക്കു ആളും അര്‍ഥവും സാങ്കേതിക സഹായവും രഹസ്യമായി കൈമാറിയവരെ കണ്ടെത്തണം. ഇവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ന്യുയോര്‍ക്കിലെ യുഎന്‍ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ആവശ്യപ്പെട്ടത് പാക്കിസ്ഥാനും ചൈനയും റഷ്യയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കുള്ള താക്കീതാണ്. അതിശക്തമായ ഉപരോധങ്ങള്‍ക്കിടയിലും ആണവപരീക്ഷണങ്ങള്‍ മുടക്കമില്ലാതെ നടത്തി എതിര്‍ചേരിയെ അമ്പരിപ്പിക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനു കഴിയുന്നതു ലോകശക്തികളില്‍ ചിലര്‍ നടത്തു ഒളിച്ചുകളിയുടെ പിന്‍ബലത്തില്‍ തന്നെ. പല രാജ്യങ്ങളും അതീവ രഹസ്യമായാണ് ഉത്തരകൊറിയയുമായുള്ള ബന്ധത്തെ കൊണ്ടുപോയത്.
ജനങ്ങള്‍ കൊടും പട്ടിണിയിലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടം തിരയുമ്പോഴും അമേരിക്ക ഉള്‍പ്പെടെയുള്ള ശത്രുപക്ഷത്തെ വെല്ലുവിളിച്ചു നില്‍ക്കാന്‍ കിമ്മിനെ തുണയ്ക്കുന്ന സഖ്യരാജ്യങ്ങളില്‍ പ്രധാനികള്‍ ചൈനയും റഷ്യയും ഇറാനുമാണ്. എന്നാല്‍ അവര്‍ക്കു പുറമേ പാക്കിസ്ഥാന്‍, ബള്‍ഗേറിയ, മലേഷ്യ, മഡഗാസ്‌കര്‍, ബെനിന്‍ തുടങ്ങി പട്ടിക നീളുന്നുവെന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്.
കിമ്മിനു കരുത്തായി ചൈനയും റഷ്യയും
ഈ രണ്ടു പ്രധാന സഖ്യരാജ്യങ്ങളുമായി ഉത്തരകൊറിയയ്ക്കുള്ള ബന്ധം ഏറെ സങ്കീര്‍ണമാണ്. കൊറിയന്‍ യുദ്ധകാലത്ത് അന്നത്തെ സോവിയറ്റ് യൂണിയനും ചൈനയും ഉത്തരകൊറിയയ്ക്കു നല്‍കിയ പിന്തുണ പിന്നീടിങ്ങോട്ടു തുടര്‍ന്നുപോരുകയായിരുന്നു. അതിശക്തമായ സാമ്പത്തിക സഹകരണം തുടരുമ്പോഴും അത്ര സുഖകരമായ ബന്ധമല്ല ഇവര്‍ക്കിടയിലുള്ളത്. കടുത്ത ദേശീയവാദിയായിരുന്ന മുന്‍ നേതാവ് കിം ഇല്‍ സുങ് ചൈനയും റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ നേതാക്കളെ പുറന്തള്ളിയാണു മുന്നോട്ടു പോയിരുന്നത്. തുടര്‍ന്നുവന്ന നേതാക്കളും ഇതേ സമീപനം തന്നെയാണു പിന്തുടര്‍ന്നത്. പാശ്ചാത്യനിരീക്ഷകര്‍ കരുതുന്നതു പോലെ ഉത്തരകൊറിയയ്ക്കു മേല്‍ അതിശക്തമായ സ്വാധീനമൊന്നും ചൈനയും റഷ്യക്കും ഇല്ലെന്നാണു ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.
ചൈന
1961-ല്‍ പരസ്പര സഹായത്തിനും സഹകരണത്തിനും സൗഹൃദത്തിനും ഉടമ്പടി ഒപ്പുവച്ചതു മുതല്‍ തുടങ്ങുന്നതാണ് ഇരുകമ്യൂണിസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള സഖ്യം. ഉത്തരകൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ചൈനയാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യപങ്കാളിയും. കല്‍ക്കരി, എണ്ണ, ഇരുമ്പയിര് തുടങ്ങി വാണിജ്യമേഖലയില്‍ ഉത്തരകൊറിയ കഴിഞ്ഞ വര്‍ഷം നടത്തിയ 90 ശതമാനം ഇടപാടുകളും ചൈനയുമായിട്ടായിരുന്നു.
ഉത്തരകൊറിയയുടെ അന്തര്‍വാഹിനിയില്‍ നിന്നു തൊടുക്കാന്‍ കഴിയുന്ന എസ്എല്‍ ബാലിസ്റ്റിക് മിസൈലായ പുക്ഗുസോങ് 1 മിസൈലുകള്‍ ചൈനയുടെ മിസൈലുകളുടെ പകര്‍പ്പാണെന്നും ആരോപണമുണ്ട്. അതേസമയം, പുക്ഗുസോങ് 1 റഷ്യയുടെ ആര്‍ 27 മിസൈലുകളുടെ തനിപകര്‍പ്പാണെന്നും കരുതുന്ന വിദഗ്ധരുണ്ട്.
അതേസമയം, കൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ആണവായുധ ആസക്തി, ആരോഗ്യപരമായ സഹകരണം തുടര്‍ന്നു കൊണ്ടുപോകുന്നതില്‍ ചൈനയ്ക്കു ബാധ്യതയായിരിക്കുകയാണ്. അയല്‍വാസിയുടെ ആണവപദ്ധതികളില്‍ ഇടപെടല്‍ നടത്താനുള്ള ശേഷി ചൈനയ്ക്കില്ലെന്നുള്ളതാണു യാഥാര്‍ഥ്യം.
കൊറിയന്‍ ഉപദ്വീപില്‍ യുദ്ധമോ സംഘര്‍ഷമോ അനുവദിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം ബെയ്ജിങില്‍ ചൈനീസ് പ്രസിഡന്റ് സി ജിങ് പിങ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ ഉത്തരകൊറിയയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി നിരോധിക്കാനും ചൈന നിര്‍ബന്ധിതമായി. കൊറിയയുടെ ഏറ്റവും പ്രധാന വരുമാന സ്രോതസാണ് കല്‍ക്കരി കയറ്റുമതി. ആണവായുധ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്തിടെ യുഎന്‍ ഉപരോധം കടുപ്പിച്ചതോടെ ക്രൂഡ് ഓയില്‍, ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ മേഖലയില്‍ പണിയെടുത്തിരുന്നവര്‍ കൊടുംദാരിദ്ര്യത്തിലാണെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുഎന്‍ നടപടിയെ ചൈനയും റഷ്യയും പിന്തുണച്ചുവെന്നതാണ് ഏറെ കൗതുകകരം.
റഷ്യ
ഉത്തരകൊറിയയ്ക്ക് വന്‍തോതില്‍ സൈനികസഹായം നല്‍കുന്നുവെന്നു കടുത്ത ആരോപണം നേരിടുന്ന രാജ്യമാണ് റഷ്യ. ചൈനയെപ്പോലെ തന്നെ റഷ്യയും ഉത്തരകൊറിയയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഉത്തരകൊറിയയുടെ മിസൈലുകള്‍ക്ക് റഷ്യന്‍ മിസൈലുകളുമായുള്ള സാമ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. റഷ്യയില്‍ നിന്ന് ലഭിച്ച മിസൈലുകളും സാങ്കേതിക വിദ്യകളുമാണ് ഉത്തരകൊറിയന്‍ മിസൈല്‍ പദ്ധതിയുടെ തന്നെ അടിസ്ഥാനമെന്നാണ് അമേരിക്കന്‍ സഖ്യ രാജ്യങ്ങളുടെ ആരോപണം. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ പോങ്യാങ്ങിനോടു മൃദുസമീപനമാണു സ്വീകരിക്കുന്നത്.
സോവിയറ്റ് യൂണിയന് ഉത്തരകൊറിയ നല്‍കാനുണ്ടായിരുന്ന 11 ബില്യണ്‍ ഡോളര്‍ എഴുതിത്തള്ളാന്‍ 2012-ല്‍ റഷ്യ സമ്മതിച്ചിരുന്നു. സോവിയറ്റ് യൂണിയന്‍ തങ്ങളുടെ സഖ്യരാജ്യമായിരുന്ന ഉത്തരകൊറിയക്ക് സൈനിക പരിശീലനവും വിദ്യാഭ്യാസവും വിദഗ്ധോപദേശവും ആയുധങ്ങളുമെല്ലാം നല്‍കിയിരുന്നെന്നാണ് കരുതുന്നത്. രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ 2015 സൗഹൃദവര്‍ഷമായി ഇരുരാജ്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തരകൊറിയന്‍ മിസൈലുകളില്‍ ഭൂരിഭാഗവും 1970കളിലെ സോവിയറ്റ് സ്‌കഡ് മിസൈലുകളുടെ തനിപകര്‍പ്പാണെന്നാണു പ്രതിരോധ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഇത്തരത്തില്‍ ആര്‍ജിച്ച ആയുധങ്ങള്‍ തങ്ങളുടേതായ രീതിയില്‍ പരിഷ്‌ക്കരിക്കുന്നതിലും ഉത്തരകൊറിയ അതീവജാഗ്രതയാണു പുലര്‍ത്തിവന്നത്.
ഉത്തരകൊറിയ ജൂലൈ നാലിന് പരീക്ഷിച്ച ഹ്വാസോങ് 14 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരിധി 6000 കിലോമീറ്ററാണ്. ഹ്വാസോങ് 14ന്റെ മുന്‍ഗാമിയായ ഹ്വാസോങ് 12 മിസൈലുകള്‍ക്ക് സോവിയറ്റ് യൂണിയന്റെ ആര്‍ 27 മിസൈലുകളുമായി സാങ്കേതികമായും രൂപത്തിലുമുള്ള സാമ്യം തള്ളിക്കളയാനാവില്ല. ഹ്വാസോങ് 14 മിസൈലുകള്‍ അമേരിക്കയിലെ അലാസ്‌ക, ഹവായ് എന്നീ നഗരങ്ങള്‍ വരെയെത്താന്‍ ശേഷിയുള്ളതാണ്. ഈ മിസൈലുകളില്‍ ആണവായുധങ്ങള്‍ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യകൂടി വശത്തായാല്‍ സാങ്കേതികമായി ഉത്തരകൊറിയന്‍ മിസൈല്‍ ഭീഷണിക്ക് കീഴില്‍ വരുന്ന രാജ്യമായി അമേരിക്ക മാറും.
1992ലാണ് ആര്‍ 27 മിസൈലുകള്‍ റഷ്യയില്‍ നിന്നും ഉത്തരകൊറിയയിലെത്തിയതെന്നാണ് കരുതുന്നത്. 1991ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് പിന്നാലെയാണ് കിങ് ജോങ് ഉന്നിന്റെ മുത്തശ്ശനായ കിം ഇല്‍ സുങാണ് ഈ മിസൈലുകള്‍ ഉത്തരകൊറിയയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് കരുതുന്നു. 2400 കിലോമീറ്റര്‍ പരിധിയുള്ള അണ്വായുധ ശേഷിയുള്ള മിസൈലുകളാണ് ആര്‍ 27 ഗണത്തില്‍ പെടുന്നത്.
ഉത്തരകൊറിയയ്‌ക്കെതിരേ ഉപരോധം കടുപ്പിക്കുന്നതു തിരിച്ചടിക്കുമെന്നു അടുത്തിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ലോകരാജ്യങ്ങള്‍ക്കു മുന്നറിപ്പു നല്‍കുകയും ചെയ്തു. ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടല്‍ രാജ്യാന്തര വ്യാപകമായ കൊടുംവിപത്തിനു കാരണമാകുമെന്നും പുടിന്‍ പറഞ്ഞുവച്ചു. അതേസമയം, കൊറിയന്‍ ആണവപരീക്ഷണങ്ങളെ അപലപിക്കുന്നതായും പുടിന്‍ വ്യക്തമാക്കിയിരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍
ചൈനയുമായുള്ള വാണിജ്യബന്ധത്തില്‍ ഉലച്ചില്‍ തട്ടുന്നുവെന്ന തിരിച്ചറിവിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഉത്തരകൊറിയ തീരുമാനിച്ചത്. മഡഗാസ്‌കര്‍, കോംഗോ, എത്യോപ്യ, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ ഉത്തരകൊറിയ ആയുധനിര്‍മാണ ഫാക്ടറികള്‍ സ്ഥാപിച്ചിട്ടുണ്ട്. ബെനിന്‍, മൊസാമ്പിക്, സിംബാംബെ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്കു കൊറിയ നല്‍കുന്ന പൊലീസ് പരിശീലനവും ഏറെ ചര്‍ച്ചാവിഷയമാണ്. ഈജിപതും ലിബിയയും ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നത് ഉത്തരകൊറിയയില്‍ നിന്നാണ്.
ആഫ്രിക്കയിലെ പല രാജ്യങ്ങളുമായും എഴുപതുകള്‍ മുതല്‍ സൈനിക, നയതന്ത്ര, സാമ്പത്തിക ബന്ധം നിലനിര്‍ത്താന്‍ ഉത്തരകൊറിയയ്ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ രാജ്യങ്ങള്‍ക്കു ചൈനയുമായുള്ള ബന്ധമാണ് ഏറെ പ്രധാനപ്പെട്ടത്. ചൈനയെ വെറുപ്പിച്ചുകൊണ്ടുള്ള ഒരു സഹകരണത്തിനും ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുതിരില്ല. കൊറിയന്‍ വിഷയത്തില്‍ ചൈന സ്വീകരിക്കുന്ന നിലപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ചു മാത്രമേ അവര്‍ ഓരോ നീക്കവും നടത്തുകയുള്ളു.
പാക്കിസ്ഥാന്‍
ഉത്തരകൊറിയയ്ക്ക് അണുബോംബുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കൈമാറിയതു പാക്കിസ്ഥാനാണെന്നു കടുത്ത ആരോപണമാണു നിലനില്‍ക്കുന്നത്. ചൈനയില്‍ നിന്നുള്ള മിസൈല്‍ സാങ്കേതികവിദ്യ അടക്കമുള്ള പല പ്രതിരോധ സഹായങ്ങളും പാക്കിസ്ഥാന്‍ വഴി ഉത്തരകൊറിയക്ക് ലഭിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഉത്തരകൊറിയക്ക് മേല്‍ യുഎന്‍ ഉപരോധം നിലവില്‍ വന്നതോടെ പാക്കിസ്ഥാന്‍ ഈ ബന്ധത്തില്‍ നിന്നും പതുക്കെ പിന്‍വലിഞ്ഞെന്നാണ് കരുതുന്നത്.
എഴുപതുകള്‍ മുതല്‍ തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര, സാമ്പത്തിക ബന്ധം തുടര്‍ന്നുപോരുന്നുണ്ട്. കൊല്ലപ്പെട്ട ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഉത്തരകൊറിയയില്‍നിന്ന് ദീര്‍ഘദൂര മിസൈലുകള്‍ വാങ്ങിയതോടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതായി. മിസൈലുകള്‍ക്കു പകരമായി പാക്കിസ്ഥാന്‍ ആണവസാങ്കേതികവിദ്യ ഉത്തരകൊറിയയ്ക്കു കൈമാറിയെന്നാണു ആരോപണം ഉയര്‍ന്നിരിക്കുന്നത്. ചൈനയോടുള്ള വിധേയത്വം കാട്ടുന്നതിനു വേണ്ടിയാണ് പാക്കിസ്ഥാന്‍ പ്രധാനമായും ഉത്തരകൊറിയയെ പിന്തുണയ്ക്കുന്നത്.
ബള്‍ഗേറിയ
ഉത്തരകൊറിയയ്ക്കു യൂറോപ്പിലുള്ള ഏക സുഹൃത്താണു ബള്‍ഗേറിയ. ബള്‍ഗേറിയയില്‍ 1948-ല്‍ കമ്യൂണിസ്റ്റ് നേതൃത്വം ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ആരംഭിച്ചത്. 1970-ലും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണ കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ടു നിലപാടുകള്‍ മാറി. ഉത്തരകൊറിയയ്‌ക്കെതിരായ യുഎന്‍ ഉപരോധം നടപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നു 2017 മാര്‍ച്ചില്‍ ബള്‍ഗേറിയന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയയില്‍ നിന്നുള്ള കല്‍ക്കരി, ഇരുമ്പയിര് ഇറക്കുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ബള്‍ഗേറിയയിലെ കൊറിയന്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ എണ്ണവും വെട്ടിച്ചുരുക്കി.
ഇറാന്‍
ഇറാനാണ് ഉത്തരകൊറിയയെ സഹായിക്കുന്ന മറ്റൊരു പ്രധാന രാജ്യം. ടെഹ്റാനില്‍ നിന്നുള്ള പല സാങ്കേതിക സഹായങ്ങളും ഉത്തരകൊറിയയുടെ മിസൈല്‍ പദ്ധതിയുടെ കരുത്ത് കൂട്ടിയിട്ടുണ്ട്. ഹ്വാസോങ് മിസൈലുകളോട് സാമ്യമുള്ളതാണ് ഇറാന്റെ ഷഹാബ് ശ്രേണിയിലെ മിസൈലുകള്‍. ഉത്തരകൊറിയ വഴി ലഭിച്ച പല ആര്‍ 27 മിസൈല്‍ സാങ്കേതികവിദ്യകളും ഇറാന്റെ സാഫിര്‍, സിംറോഹ് എന്നീ മിസൈലുകളില്‍ ഉപയോഗിച്ചിട്ടുണ്ട്.
അതെ, ഒരു മൂന്നാം ലോകമഹായുദ്ധം സംഭവിച്ചാൽ ഉത്തരകൊറിയയുടെ ഭാഗത്ത് ഈ രാജ്യങ്ങൾ നിൽക്കുമോ എന്നതും വലിയ ചോദ്യചിഹ്നമാണ്. റഷ്യയും ചൈനയും പാക്കിസ്ഥാനും ഇറാനും ആഫ്രിക്കൻ രാജ്യങ്ങളും കിം ജോങ് ഉന്നിന്റെ ഭാഗത്തു നിന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധർ പറയുന്നത്.