തുടർച്ചയായി മിസൈൽ വിക്ഷേപിച്ച് പ്രകോപനം തുടരുന്ന ഉത്തരകൊറിയയെ നിലക്കു നിർത്താൻ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി ദക്ഷിണകൊറിയയും അമേരിക്കയും. ദിവസങ്ങൾക്ക് മുൻപാണ് കിം ജോങ് ഉൻ ജപ്പാന്‍ ഭാഗത്തേക്ക് വൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്.
മിസൈൽ വിക്ഷേപണത്തിനെതിരെയുള്ള മുന്നറിയിപ്പായാണ് ദക്ഷിണകൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസത്തിനു തിങ്കളാഴാചയാണ് തുടക്കം കുറിച്ചത്. 230 പോർവിമാനങ്ങളും എഫ്22 ജെറ്റ് വിമാനങ്ങളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇതുവരെ പരീക്ഷിച്ചതിൽ ഏറ്റവും കരുത്തേറിയതും ലോകത്തെവിടെയും എത്താവുന്ന മിസൈലാണ് പരീക്ഷിച്ചതെന്നാണ് കൊറിയൻ അവകാശവാദം. അണ്വായുധ സ്വയം പര്യാപ്തത നേടിയതായാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പരീക്ഷണശേഷം പ്രഖ്യാപിച്ചത്. മിസൈൽ പരീക്ഷണത്തിന്റെ ഒട്ടേറെ ചിത്രങ്ങളും വിഡിയോയും ഉത്തരകൊറിയ പുറത്തുവിട്ടു. കൂടുതൽ വിശാലമായ ഡിസൈനിലുള്ള എൻജിനാണു ഹ്വാസോങ്–15 റോക്കറ്റിനുള്ളതെന്നു ചിത്രങ്ങൾ പരിശോധിച്ച വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വലുപ്പവും ഭാരവും കൂടുതലാണ്. ഇതിനു മുൻപു പരീക്ഷിച്ച റോക്കറ്റുകളെക്കാൾ കൂടുതൽ ദൂരവും ഉയരവും ഹ്വാസോങ്–15 സഞ്ചരിച്ചിരുന്നു. ഇതിനിടെ, ഉത്തരകൊറിയയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് യുഎസ് രംഗത്തുവന്നു. മിസൈൽ പരീക്ഷണങ്ങളും ആണവയുദ്ധസന്നാഹവും ലോകത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടാൽ ഉത്തരകൊറിയ പരിപൂർണമായും നശിപ്പിക്കപ്പെടുമെന്നു യുഎന്നിലെ അമേരിക്കൻ അംബാസഡർ നിക്കി ഹേലി പറഞ്ഞു.
ഉത്തരകൊറിയൻ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഹേലി. ഉത്തരകൊറിയയ്ക്കെതിരെ അതിശക്തമായ സാമ്പത്തിക–നയതന്ത്ര ഉപരോധം ഏർപ്പെടുത്താൻ എല്ലാ രാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടു.