ഉത്തര കൊറിയൻ മിസൈൽ ജനവാസമുള്ള നഗരത്തിൽ തകർന്നു വീണുവെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ഏപ്രിൽ 28 നായിരുന്നു സംഭവം. മിസൈൽ പരീക്ഷണത്തിനിടെയാണ് അബദ്ധം സംഭവിച്ചത്. ഇത് സംബന്ധിച്ച് അമേരിക്കയ്ക്ക് അറിയാമായിരുന്നു എന്നാണ് റിപ്പോർട്ട്. വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ മിസൈൽ തകർന്നു വീഴുകയായിരുന്നു.
ദി ഡിപ്ലോമാറ്റ് വെബ്സൈറ്റാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ടോക്കോൺ നഗരത്തിലാണ് മിസൈൽ തകർന്നു വീണത്. ഇവിടത്തെ കെട്ടിടങ്ങൾ തകർന്നിരുന്നു. എന്നാൽ എത്രത്തോളം പേർക്ക് ജീവൻ നഷ്ടമായെന്ന് വ്യക്തമല്ല.
എൻജിനിലെ സാങ്കേതിക തകരാറിനെ തുടർന്ന് ആദ്യ സ്റ്റേജിൽ തന്നെ മിസൈൽ തകർന്നു. അതൊരു വൻ ദുരന്തമായിരുന്നു എന്നും അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ 70 കിലോമീറ്റർ ഉയരത്തിൽ പോലും സഞ്ചരിച്ചില്ല. ഒരു മിനിറ്റിനുള്ളിൽ കെട്ടിടത്തിനു മുകളിലേക്ക് വീഴുകയായിരുന്നു.
തുടർന്ന് മെയ് 14 ന് വീണ്ടും പരീക്ഷണം നടത്തി വിജയിച്ചു. കഴിഞ്ഞ നവംബറിലാണ് വൻ പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും കിം ജോങ് പരീക്ഷിച്ചത്.