‘വാർത്തകളിൽ കേട്ടറിഞ്ഞതിനേക്കാൾ പേടിപ്പെടുത്തുന്നതാണ് കിം ജോങ് ഉന്നിന്റെ രഹസ്യലോകം’

ദക്ഷിണകൊറിയയിലെ ഏതെങ്കിലും തെരുവില്‍ വെച്ച് നിങ്ങള്‍ ജോങ് ഹയോക്കിനെ (ശരിയായ പേരല്ല) കണ്ടുമുട്ടിയാല്‍ ഒരു സാധാരണക്കാരനായേ തോന്നൂ. എന്നാല്‍ അഞ്ച് വര്‍ഷത്തോളം ഉത്തരകൊറിയയുടെ ഹാക്കിങ് സൈന്യത്തിലെ അംഗമായിരുന്നു ഇയാള്‍. എന്ത് വിലകൊടുത്തും പണമുണ്ടാക്കുകയെന്നത് മാത്രമായിരുന്നു ഉത്തരകൊറിയന്‍ ഹാക്കിങ് സംഘത്തിന്റെ ലക്ഷ്യം. ഉത്തരകൊറിയയിലെ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ജോങ് ഹയോക്ക്. 

ഉത്തരകൊറിയന്‍ ഭരണകൂടത്തിന് അനഭിമതനാകും മുൻപ് ഉത്തരകൊറിയന്‍ ഹാക്കിങ് സേനയുടെ മുതല്‍ക്കൂട്ടായിരുന്നു ഇയാള്‍. ഹയോക്ക് മാത്രം പ്രതിവര്‍ഷം 1.27 ലക്ഷം ഡോളറാണ് ഹാക്കിങ്ങിലൂടെ ഉത്തരകൊറിയക്ക് നേടിക്കൊടുത്തിരുന്നത്. ഇതിന്റെ ചെറിയൊരു വിഹിതം മാത്രമേ ഇയാള്‍ക്ക് ശമ്പള ഇനത്തില്‍ ലഭിച്ചിരുന്നുള്ളൂ. പലപ്പോഴും ഭരണകൂടം നിശ്ചയിച്ച ലക്ഷ്യം എത്തിക്കുന്നത് തന്നെ പെടാപ്പാട് പെട്ടായിരുന്നെന്ന ഹയോക്ക് ഓര്‍മിക്കുന്നു. ലോകത്തെ വൻകിട പണമിടപാട് സ്ഥാപനങ്ങളെല്ലാം ഉത്തരകൊറിയന്‍ ഹാക്കർമാർ കൊള്ളയടിക്കാൻ ശ്രമിക്കുന്നുണ്ട്. ലോകോത്തര ബാങ്കുകൾ കൊള്ളയടിച്ച് കോടിക്കണക്കിന് പണമാണ് കിം ജോങ് ഭരണകൂടം വർഷാവർഷം സ്വന്തമാക്കുന്നത്.

ഇപ്പോഴത്തെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലാണ് 1990ല്‍ ഹാക്കര്‍മാരുടെ സംഘത്തെ നിയമിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗിച്ച് സാമ്പത്തികവും പ്രതിരോധപരവുമായ ലക്ഷ്യങ്ങള്‍ നേടുന്നതിനായിരുന്നു ഹാക്കിങ് ടീമിനെ ഉണ്ടാക്കിയത്. പിന്നീട് സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ നിന്നും മറ്റു പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തുകയും ബാങ്കിംങ് നെറ്റ്‌വര്‍ക്കുകളില്‍ കടന്നുകൂടി പണം മോഷ്ടിക്കലുമൊക്കെയായി ഈ സംഘത്തിന്റെ ജോലികള്‍. 

കിങ് ജോങ് ഉന്‍ 2011ല്‍ ഉത്തരകൊറിയന്‍ മേധാവിയാകുന്നതോടെയാണ് ഹാക്കര്‍മാര്‍ക്ക് പണിയേറുന്നത്. ഒരു കൈകൊണ്ട് മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ കിം ജോങ് ഉന്‍ കൊടുക്കുകയും മറ്റേ കൈകൊണ്ട് ഹാക്കര്‍മാരെ അടിമപ്പണിയെടുപ്പിക്കുകയും ചെയ്തു. ഓരോ ഹാക്കര്‍മാരും അവര്‍ക്ക് അനുവദിച്ചിരുന്ന ടാര്‍ഗറ്റ് തുക കണ്ടെത്താന്‍ പെടാപ്പാട് പെട്ടു. 

സ്‌കൂളില്‍ മിടുക്കനായ വിദ്യാര്‍ഥിയായിരുന്ന ഹയോകിന് ഡോക്ടറാകാനായിരുന്നു ആഗ്രഹം. ഒരു ഡോക്ടറേക്കാള്‍ ബുദ്ധിമാനായ ഹാക്കറെയാണ് ഹയാക്കില്‍ ഉത്തരകൊറിയന്‍ ഭരണകൂടം കണ്ടത്. ഹയാക്കിനെ ഹാക്കറാക്കാന്‍ അയാളുടെ കുടുംബത്തോട് ഭരണകൂടം പറഞ്ഞപ്പോള്‍ അവര്‍ മറുവാക്കുണ്ടായിരുന്നില്ല. 1990കളില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുന്നതിന് ഹയാക്ക് ചൈനയിലെത്തി. ഉത്തരകൊറിയന്‍ അനുകൂലികളുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു പഠനം.

എങ്കിലും ഉത്തരകൊറിയയെ അപേക്ഷിച്ച് നിരവധി സാധ്യതകളായിരുന്നു ഹയാക്കിന് മുന്നില്‍ ചൈനയില്‍ വെച്ച് തുറന്നുകിട്ടിയത്. ഇന്റര്‍നെറ്റ് തന്നെയായിരുന്നു അതില്‍ പ്രധാനം. ഉത്തരകൊറിയയില്‍ കര്‍ശന വിലക്കുള്ള ഇന്റര്‍നെറ്റ് ഹയാക്ക് ചൈനയില്‍ പരമാവധി ഉപയോഗിച്ചു. ഉത്തരകൊറിയക്ക് പുറത്തുള്ള ലോകം എന്തെന്ന് തിരിച്ചറിയുന്നതിനും ഇത് അയാളെ സഹായിച്ചു. 

ബിരുദ പഠനത്തിന് ശേഷം ഹയാക്ക് ഉത്തരകൊറിയയിലേക്ക് തന്നെ മടങ്ങി. എന്നാല്‍ ഏറെ വൈകാതെ കംപ്യൂട്ടര്‍ സയന്‍സില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി ഹയാക്കിനെ ഉത്തരകൊറിയന്‍ ഭരണകൂടം ചൈനയിലേക്ക് തന്നെ അയച്ചു. ചൈനയില്‍ താമസിച്ചു തന്നെയായിരുന്നു ഉത്തരകൊറിയക്കുവേണ്ടി ഇയാള്‍ ഹാക്കിങ് നടത്തിയത്. ഉത്തരകൊറിയയിലെ പ്രധാന സര്‍വകലാശാലയിലെ മിടുക്കരായ പലരും ഇവിടെ ഹാക്കര്‍മാരായി ഹയാക്കിനൊപ്പം ജോലി ചെയ്തിരുന്നു. ഇവരെല്ലാം ധാരാളം പണം ഉത്തരകൊറിയക്ക് ഹാക്കിങ്ങിലൂടെ സ്വരൂപിച്ചു നല്‍കിയിരുന്നെങ്കിലും കൈവശം കുറച്ച് പണം മാത്രമാണ് ലഭിച്ചിരുന്നത്. തങ്ങളെ എലീറ്റ് പ്രോഗ്രാമേഴ്‌സ് എന്നതിനേക്കാള്‍ ദരിദ്രരായ കൂലിപ്പണിക്കാരെന്ന് വിശേഷിപ്പിക്കുന്നതായിരിക്കും സത്യമെന്ന് ഹയാക്ക് പറയുന്നു. 

തന്റെ അനുഭവത്തില്‍ പണം ലഭിക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് ഉത്തരകൊറിയൻ ഭരണകൂടമെന്നാണ് ഹയാക്കിന്റെ ഭാഷ്യം. ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ വീട്ടിലേക്കയക്കുമെന്ന ഭീഷണി സ്ഥിരമായിരുന്നു. ഇനി ഹാക്കിങ്ങിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ പങ്ക് പറ്റാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷകളാണ് ഇവരെ കാത്തിരിക്കുന്നത്. ഉത്തരകൊറിയയിലെ സര്‍ക്കാര്‍ ഫാക്ടറികളിലേയും കൃഷിസ്ഥലങ്ങളിലേയും കഠിന ജോലികകള്‍ തുടങ്ങി വധശിക്ഷ വരെ ലഭിച്ചേക്കാം. 

ഉത്തരകൊറിയന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായുണ്ടായ ഒരു വഴക്കാണ് ഹയാക്കിന്റെ ജീവിതം മാറ്റി മറിച്ചത്. ഒന്നുകില്‍ ഭരണകൂടത്തിന് മുൻപാകെ കീഴടങ്ങി ശിക്ഷ ഏറ്റുവാങ്ങുക, അല്ലെങ്കില്‍ ഒളിച്ചോടുക എന്നിങ്ങനെ രണ്ട് വഴികളാണ് ഹയാക്കിന്റെ മുന്നിലുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തോളം തെക്കന്‍ ചൈനയിലെ പല പ്രദേശങ്ങളിലായി ഇയാള്‍ ഒളിച്ചു താമസിച്ചു. ഒടുവില്‍ രണ്ടായിരം ഡോളര്‍ കൊടുത്ത് കള്ള ചൈനീസ് പാസ്‌പോര്‍ട്ടുണ്ടാക്കി ബാങ്കോക്കിലേക്ക് മുങ്ങി. അവിടെവെച്ചാണ് ദക്ഷിണ കൊറിയന്‍ എംബസിയെ സമീപിക്കുന്നത്. 

ഒരു മാസത്തോളം നീണ്ട സുരക്ഷാ പരിശോധനക്ക് ശേഷമാണ് ഹയാക്കിനെ ദക്ഷിണകൊറിയ സ്വീകരിച്ചത്. ഇപ്പോള്‍ സിയോളിലെ ഒരു സോഫ്റ്റ്‌വെയര്‍ സുരക്ഷാ കമ്പനിയിലെ ജീവനക്കാരനാണിയാള്‍. കഴിഞ്ഞകാലം മറക്കാനാണ് ആഗ്രഹമെങ്കിലും പൂര്‍ണ്ണമായി തനിക്കതിന് കഴിയില്ലെന്നാണ് ഹയാക്ക് കരുതുന്നത്.