വിഖ്യാത പോപ് ഗായിക ലേഡി ഗാഗയുടെ പാട്ടിനിടെ ആകാശത്ത് അമേരിക്കന്‍ പതാക തീര്‍ത്ത് ഡ്രോണുകള്‍ വിസ്മയമായി. ഇന്റെലിന്റെ 300 ഓളം ഡ്രോണുകളാണ് രാത്രിയില്‍ ലേഡി ഗാഗയുടെ പാട്ടിനൊപ്പിച്ച് ഹൗസ്റ്റണിന്റെ ആകാശത്ത് അമേരിക്കന്‍ ദേശീയ പതാക തീര്‍ത്തത്. ഞായറാഴ്ച്ച രാത്രിയിലാണ് ലേഡി ഗാഗയും ഇന്റലും ഡ്രോണുകളും ചേര്‍ന്ന് വിസ്മയം തീര്‍ത്തത്.
ഇന്റലിന്റെ ഡ്രോണുകളെ ഉപയോഗിച്ച് ആകാശ വിസ്മയം തീര്‍ക്കുന്ന പദ്ധതിക്ക് ഷൂട്ടിംങ് സ്റ്റാര്‍ എന്നാണ് പേര്. ഡിസ്‌നി ലാന്റിനു വേണ്ടിയാണ് ഇന്റല്‍ ആദ്യം ആകാശക്കാഴ്ച്ച ഒരുക്കിയത്. ഒരൊറ്റ ഓപ്പറേറ്റിംങ് സിസ്റ്റത്തിന്റെ സഹായത്തിലാണ് ഇന്റല്‍ നൂറുകണക്കിന് ഡ്രോണുകളെ നിയന്ത്രിക്കുന്നതെന്ന് ടെക് സൈറ്റായ ടെക് ക്രഞ്ച് പറയുന്നു. വെട്ടുകിളികളെപ്പോലെ കൂട്ടമായി ഒത്തൊരുമിച്ചാണ് ഇന്റലിന്റെ ഡ്രോണുകളും പറക്കുന്നത്.
ലേഡി ഗാഗയുടെ ഷോയ്ക്കായി 300 ഡ്രോണുകളെയാണ് ഉപയോഗിച്ചതെങ്കിലും ഇത് ഇന്റലിന്റെ സംവിധാനത്തിന്റെ പൂര്‍ണ്ണക്ഷമതയല്ല. പതിനായിരം ഡ്രോണുകളെ വരെ ഒരേ സമയം നിയന്ത്രിക്കാനുള്ള ശേഷി ഇന്റലിനുണ്ട്. ലേഡി ഗാഗയെ അഭിനന്ദിച്ചുകൊണ്ട് ഇന്റല്‍ തങ്ങളുടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലേഡി ഗാഗയുടെ ഷോയില്‍ നേരത്തെ റെക്കോഡ് ചെയ്ത ദൃശ്യങ്ങളാണ് ഉപയോഗിച്ചത്. കാലാവസ്ഥ ചതിക്കുമോ എന്ന ആശങ്കയും അന്തരീക്ഷം എത്രത്തോളം തെളിച്ചമുള്ളതാകും എന്നതുമാണ് ഡ്രോണുകളെ ഉപയോഗിച്ചുള്ള പരിപാടി നേരത്തെ റെക്കോഡ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇതിനര്‍ഥം തല്‍സമയം പരിപാടിയില്‍ ഡ്രോണുകള്‍ ഉപയോഗിക്കാനാകില്ല എന്നല്ലെന്നും ഇന്റല്‍ പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പദ്ധതിയില്‍ ഇന്റല്‍ വ്യത്യസ്ഥ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഡ്രോണുകളെ ഉപയോഗിച്ച് ആകാശത്തില്‍ 'പരസ്യം' തീര്‍ക്കുകയാണ് ഇന്റലിന്റെ പദ്ധതി. ഇതിനായി കനംവളരെയധികം കുറഞ്ഞ സാധാരണ ഡ്രോണുകളില്‍ നിന്നും വ്യത്യസ്ഥമായ രൂപമുള്ള ഡ്രോണുകളെയാണ് ഇന്റല്‍ ഉപയോഗിക്കുന്നത്. വെറും പതിനഞ്ച് മിനുറ്റുകള്‍കൊണ്ട് നൂറുകണക്കിന് ഡ്രോണുകളെ പറക്കാന്‍ സന്നദ്ധമാക്കാമെന്നാണ് ഇന്റല്‍ പറയുന്നത്. ഭാവിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പരിശോധനകള്‍ക്കുമെല്ലാം തങ്ങളുടെ 'വെട്ടുകിളി' ഡ്രോണുകളെ ഉപയോഗിക്കാനാകുമെന്നും ഇന്റല്‍ പ്രതീക്ഷിക്കുന്നു.