നവരാത്രി ഉത്സവകാലത്തെ സ്വീകരിക്കാന്‍ വിവിധ കമ്പനികള്‍ പുതിയ സ്മാര്‍ട്ട് ഫോണുകളുമായെത്തുമ്പോള്‍ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, സോണി, ലെനോവോ, ഗൂഗിള്‍ തുടങ്ങിയവര്‍ ഏതൊക്കെ മികച്ച ഫോണുകളാണ് ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതെന്ന് നോക്കാം.
ഒക്ടോബര്‍ 16-ന് ഇന്ത്യയിലെത്തുന്ന ആപ്പിള്‍ ഐഫോണ്‍ 6 എസ്, 6 എസ് പ്ലസ് എന്നിവയാണ് ഈ പുതു സ്മാര്‍ട്ട്ഫോണ്‍ നിരയിലെ താരങ്ങള്‍. 4.7 ഇഞ്ച് എച്ച് ഡി സ്ക്രീനുമായി 6 എസും 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്ക്രീനുമായി 6 എസ് പ്ലസും എത്തുമ്പോള്‍ ത്രീഡി ടച്ച് സാങ്കേതിക വിദ്യയുടെ പ്രത്യേകതകള്‍ ആസ്വദിക്കാന്‍ കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍.
ഗൂഗിള്‍ പുറത്തിറക്കുന്ന മുന്‍നിര ഫോണുകളായ ഗൂഗിള്‍ നെക്‌സസ് 5 എക്സ്, നെക്സസ് 5 പി എന്നിവയാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ അതിശയിപ്പിക്കാനെത്തുന്ന മറ്റ് രണ്ട് ഫോണുകള്‍. ഒക്ടോബര്‍ 13-ന് ഇന്ത്യയിലെത്തുന്ന ഈ ഫോണുകള്‍ക്ക് c-ടൈപ്പ് യു.എസ്.ബി സൗകര്യവും, ഫിംഗര്‍ പ്രിന്റ് സ്കാനറുമുണ്ട്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വെര്‍ഷനായ മഷ്‌മെല്ലോയുടെ മൊഞ്ച് കാണാനും കാത്തിരിക്കുന്ന നെക്‌സസ് പ്രേമികള്‍ക്ക് ഈ രണ്ട് ഫോണുകളും അതിനുള്ള അവസരമുണ്ടാകും. എല്‍.ജി.യാണ് നെക്‌സസ് 5 എക്സ് നിര്‍മ്മിക്കുന്നതെങ്കില്‍ നെക്‌സസ് 6 പി ഹുവായയുടെ സൃഷ്ടിയാണ്.
സോണിയുടെ എക്സ്പിരിയ Z5 പ്രീമിയവും ഈ ഉല്‍സവ സീസണില്‍ ഇന്ത്യയിലെത്തും. 4കെ ഡിസ്‌പ്ലേയുമായെത്തുന്ന ഫോണ്‍ എന്ന സവിശേഷതയുമായെത്തുന്ന ഈ ഫോണിന്റെ 5.5 ഇഞ്ച് വലുപ്പമുള്ള 4കെ ട്രൈലൂമിനസ് ഡിസ്‌പ്ലേയാണുള്ളത്. ഒക്ടാകോര്‍ സ്റ്റാപ് ഡ്രാഗണ്‍ 810പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ റാം 3 ജി ബിയും ആന്തരിക സ്റ്റോറേജ് 32 ജി ബി യുമാണ്. 23 മെഗാപിക്സലിന്റെ കിടിലന്‍ ക്യാമറയുമായാണ് എക്സ്പീരിയ z5 പ്രീമിയം വരുന്നത്.
എക്സ്പീരിയ z5 പ്രീമിയം എന്ന ഫോണിനൊപ്പം എക്സ്പീരിയ z5, എക്സ്പീരിയ 25 കോംപാക്ട് എന്നീ രണ്ട് ഫോണുകളും കൂടി സോണി ഇന്ത്യന്‍ വിപണിയിലെത്തിക്കും. എക്സ്പീരിയ z5 പ്രീമിയത്തിന്റെ മിക്കവാറും എല്ലാ പ്രത്യേകതകളുമുള്ള ഈ ഫോണുകളുടെ പോരായ്മ 4കെ സൗകര്യത്തിന്റെ അഭാവമാണ്. കൂടാതെ എക്സ്പീരിയ z5 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്ക്രീനുമായെത്തുമ്പോള്‍ എക്സ്പീരിയ z5 കോംപാക്ടിന് പേര് സൂചിപ്പിക്കുന്നത് പോലെ 4.6 ഇഞ്ച് വലുപ്പമുള്ള എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്.
ആദ്യമായി രണ്ട് ക്യാമറകള്‍ ഫോണിന് മുന്നില്‍ ഘടിപ്പിച്ചെത്തുന്ന സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയോടെയെത്തുന്ന ലെനോവോ വെബ് എസ് 1 ആണ് ഇന്ത്യയില്‍ ഈ മാസമെത്തുന്ന മറ്റൊരു ഫോണ്‍. മുന്നിലെ രണ്ട് ക്യാമറകള്‍ ചേര്‍ന്ന് മികച്ച സെല്‍ഫികള്‍ എടുക്കാന്‍ സഹായിക്കും. 5 ഇഞ്ച് ഡിസ്‌പ്ലേയുമായെത്തുന്ന ഈ ഫോണിന് 3 ജി ബി റാമാണുള്ളത്.
അസൂസിന്റ സെല്‍ഫോണ്‍ മാക്സ്, ജിയോണിയുടെ എസ്. 5.1 പ്രോ എന്നിവയാണ് ഈ ഉല്‍സവക്കാലത്ത് ഇന്ത്യന്‍ വിപണിയെത്തേടിയെത്തുന്ന മറ്റ് രണ്ട് മികച്ച ഫോണുകള്‍. 5000 എം.എം.എച്ച് ശേഷിയുള്ള കരുത്തന്‍ ബാറ്ററിയോടെയെത്തുന്ന 5 ഇഞ്ച് ഫോണാണ് അസുസ് സെന്‍ഫോണ്‍ മാക്സ്. 5 ഇഞ്ച് ഡിസ്‌പ്ലേയും 2 ജി ബി റാമുമായാണ് ജിയോണി എസ് 5.1 എത്തുന്നത് . ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ നവസാങ്കേതിക വിദ്യയുടെ വെള്ളി വെളിച്ചത്തില്‍ ആറാടിക്കാന്‍ എത്തുന്ന ഈ 10 മികച്ച ഫോണുകള്‍ക്കായി നവരാത്രി ഉല്‍സവക്കാലം വരെ നമുക്ക് കാത്തിരിക്കാം.