സോണി എക്സ്പിരിയ Z5 പ്രീമിയം വിപണിയിലെത്തി

സോണിയിൽ നിന്നും ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ച മുൻനിര ഫോണുകളിലെ ശ്രദ്ധാകേന്ദ്രം 'സോണി എക്സ്പിരിയ Z5 പ്രീമിയം' വിപണിയിലെത്തി. സോണി എക്സ്പിരിയയുടെ മറ്റൊരു മോഡലായ Z5 വിപണിയിലെത്തിക്കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് എക്സ്പിരിയ Z5 ന്റെ പ്രീമിയം മോഡൽ സ്മാർട്ട് ഫോൺ സോണി വിൽപ്പനയ്ക്കായെത്തിയത്.

3840 X 2160 പിക്സൽ 4കെ റസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ട്രിലൂമിനസ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. 806 പി.പി.ഐ പിക്സൽ ഡെൻസിറ്റി നൽകുന്ന ഡിസ്പ്ലേ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും മിഴിവേറിയ ദൃശ്യാനുഭവമാകും ഉപഭോക്താവിന് സമ്മാനിക്കുക. താഴ്ന്ന റസലൂഷനിലുള്ള ഫോട്ടോകളും വിഡിയോകളും 4 കെയിലേക്ക് മാറ്റാനും സോണി എക്സ്പിരിയ Z5 പ്രീമിയം സൗകര്യമൊരുക്കുന്നുണ്ട്.

സോണി എക്സ്പീരിയ Z5 പ്രീമിയം സ്മാർട്ട്‌ഫോണ്‍ 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയുമായാണ് എത്തുന്നത്. 2.5 ജിഗാഹെർട്സ് ഒക്ടാകോർ സ്നാപ്ഡ്രാഗൺ 810 പ്രൊസസറാണ് ഫോണിനു കരുത്തു പകരുന്നത്. ഹാൻഡ്സെറ്റിന്റെ പവർ ബട്ടണിൽ സംയോജിപ്പിച്ചിരിക്കുന്ന വിരലടയാള സ്കാനർ ഉൾപ്പടെയാണ് Z5 പ്രീമിയം വരുന്നത്. ഡസ്റ്റ് പ്രൂഫ്‌, വാട്ടർ പ്രൂഫ്‌ സവിശേഷതകൾ സാക്ഷ്യപ്പെടുത്തുന്ന IPX5 / IPX8 സർട്ടിഫിക്കേഷനും ഫോണ്‍ കരസ്ഥമാക്കിയിട്ടുണ്ട്.

23 എംപി റിയർ ക്യാമറയാണ് സോണി എക്സ്പീരിയ Z5 പ്രീമിയത്തിന്റേത്. 1 / 2.3 ഇഞ്ച്‌ സോണി എക്സ്മോർ ആർഎസ് സെൻസർ, f / 2.0 അപെർച്ചർ, സോണി ജി ലെൻസ്, എൽഇഡി ഫ്ളാഷ്, ഓട്ടോ ഫോക്കസ് എന്നീ സവിശേഷതകളും ഈ ക്യാമറയ്ക്കുണ്ട്. 5 എംപി സെൽഫി ഷൂട്ടറുമായെത്തുന്ന ഈ ഫോണ്‍ 3430 mAh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് പതിപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റിനു 62,990 രൂപയാണ് വില. ക്രോം, കറുപ്പ്,ഗോൾഡ്‌ നിറങ്ങളിൽ ലഭിക്കുന്ന ഫോണ്‍ നവംബർ 7 മുതൽ ഫ്ളിപ്കാർട്ടിൽ ലഭിക്കും.