പ്രമുഖ സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ സോണിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്സ്പീരിയ XZs സ്മാർട്ട്ഫോൺ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് അവതരിപ്പിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് എക്സ്പീരിയ XZs ആദ്യമായി അവതരിപ്പിക്കുന്നത്.
എക്സ്പീരിയ XZs ന്റെ ഏറ്റവും മികച്ച ഫീച്ചർ ക്യാമറ തന്നെയാണ്. അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറയും ലെന്‍സുമാണ് ഹാൻഡ്സെറ്റിലുള്ളത്. 19 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 13 മെഗാപിക്‌സല്‍ സെൽഫി ക്യാമറയും മികച്ചതു തന്നെ. മോഷൻ ഐ ക്യാമറ ഉപയോഗിച്ച് സ്ലോ മോഷനിൽ (960 എഫ്പിഎസ്) വിഡിയോ പകർത്താം.
സോണിയുടെ പ്രീമിയം മോഡലായ എക്‌സ്പീരിയ XZന്റെ ചെറിയ പതിപ്പാണ് XZs. 5.2 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് എൽസിഡി ഡിസ്പ്ലെ ശ്രദ്ധേയമാണ്. ക്വാൽകം സ്നാപ്ഡ്രാഗൻ 820 ചിപ്സെറ്റ്, 4 ജിബി റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡിട്ട് 256 ജിബി വരെ സ്റ്റോറേജ് ഉയർത്താം, ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒഎസ് എന്നിവ പ്രധാന ഫീച്ചറുകളാണ്. രാജ്യാന്തര വിപണിയിൽ സിംഗിള്‍ സിം വേരിയന്റാണ് ഇറങ്ങിയിട്ടുള്ളതെങ്കിലും ഇന്ത്യയില്‍ ഇരട്ട സിം പതിപ്പും കമ്പനി അവതരിക്കും.
ബ്ലാക്ക്, ഐസ് ബ്ലൂ, വാം സില്‍വര്‍ എന്നീ മൂന്നു നിറങ്ങളിലാണ് എക്സ്പീരിയ XZs എത്തിയിരിക്കുന്നത്. വാട്ടർ, ഡെസ്റ്റ് റെസിസ്റ്റന്റ്, മോഷൻ ഐ വിഡിയോ ഫീച്ചറുകൾ മികച്ചതാണ്. 2,900 എംഎഎച്ചാണ് എക്സ്പീരിയ XZs ന്റെ ബാറ്ററി ലൈഫ്.