ഇവരുടേതെല്ലാം ആളെ വിൽക്കും രഹസ്യ കച്ചവടങ്ങൾ; ഞെട്ടിക്കും കണക്കുകൾ

വെറുമൊരു സെര്‍ച് എൻജിനായി തുടങ്ങി, ലോകം മുഴുവന്‍ പന്തലിച്ച ഗൂഗിളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായി തുടങ്ങി, ഇപ്പോള്‍ ലോകം കീഴടക്കാന്‍ ശ്രമിക്കുന്ന ഫെയ്‌സ്ബുക്കും അടക്കമുള്ള കുത്തക കമ്പനികളുടെ വളര്‍ച്ച നമ്മളെ വിറ്റായിരുന്നു. ഇക്കാര്യം തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് നമ്മളറിയാതെ നമ്മുടെ ഡേറ്റ വില്‍ക്കുന്ന രീതിയാണ്. നാളെ, സർക്കാരുകള്‍ മനസ്സുവച്ചാല്‍, ഡേറ്റ ഉപയോഗിക്കുന്നതിന് നമുക്കു പൈസ ലഭിച്ചേക്കാം. അമേരിക്കയിലെ ഒരു ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ഡേറ്റാ വിറ്റ് ഫെയ്സ്ബുക് ഉൾപ്പടെയുള്ള കമ്പനികള്‍ ഒരു വര്‍ഷം 7000 ഡോളര്‍ (ഏകദേശം 4.79 ലക്ഷം രൂപ) ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ! ഇതില്‍ ഒരു കാശു പോലും 'അധ്വാനിക്കുന്നവനു' ലഭിക്കുന്നുമില്ല! ഇതു മാറുമോ? 

കുപ്രസിദ്ധമായ ഫെയ്‌സ്ബുക്-കേംബ്രിഡ്ജ് അനലിറ്റിക്ക കേസ് ഓര്‍ക്കുന്നുണ്ടാകുമല്ലോ. കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്‌സ്ബുക്കിന് ഒരാളുടെ ഡേറ്റയ്ക്കായി നല്‍കിയത് 75 സെന്റ് മുതല്‍ 5 ഡോളര്‍ വരെയാണത്രെ. ഇവര്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ഡേറ്റ വാങ്ങിയ ഒരു കമ്പനി മാത്രമാണ്. ദിവസവും ആയിരക്കണക്കിനു കമ്പനികള്‍ ഉപയോക്താക്കളുടെ ഡേറ്റ വാങ്ങാന്‍ കാശു നല്‍കുന്നുവെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കിയലെ കാര്യം പറഞ്ഞാല്‍, ഉപയോക്താക്കളുടെ ഡേറ്റ ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ ഭീമന്മാരില്‍ നിന്നു വാങ്ങാത്ത ഒരു ബിസിനസ് കമ്പനിയും ഇല്ലത്രെ. പ്രാദേശിക കടകള്‍ മുതല്‍ ആമസോണ്‍ വരെ ഡേറ്റയ്ക്കായി ക്യൂ നില്‍ക്കുന്നു. അത്തരം വ്യാപകമായ ഒരു രീതി നമ്മുടെ നാട്ടില്‍ നടപ്പായിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരം ഡേറ്റ ഭാവിയിലെ ബിസിനസുകാര്‍ക്ക് അത്യാവശ്യമാണെന്നാണ് പറയുന്നത്. സമീപകാലത്ത് ഇന്ത്യയില്‍ അവതരിപ്പിച്ച പല ബിസിനസ് സംരംഭങ്ങളും നോക്കിയാല്‍ മനസ്സിലാകും അവയിലൂടെ ഡേറ്റ ഖനനം ചെയ്യാന്‍ നടത്തുന്ന ശ്രമം. കൂടാതെ നിങ്ങളുടെ രാഷ്ട്രീയ ചായ്‌വ് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും ഇരു ചെവിയറിയാതെ തിരഞ്ഞെടുപ്പില്‍ നിങ്ങളെ സ്വാധീനിക്കാനുമുള്ള സാധ്യതയും നിങ്ങളുടെ ഡേറ്റ ഖനനം ചെയ്യുന്നതിലൂടെ കമ്പനികള്‍ക്കു കിട്ടുന്നുണ്ട്. ഡേറ്റ വില്‍പ്പനയിലൂടെ ഫെയ്‌സബുക്, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ കമ്പനികള്‍ ഉണ്ടാക്കുന്ന പൈസ കണ്ണു മഞ്ഞളിപ്പിക്കുന്നത്ര വലുതാണത്രെ. എന്നാല്‍, ഡേറ്റയുടെ ഉറവിടമായ ഉപയോക്താവിന് ഒരു ചില്ലി പൈസയും നല്‍കുന്നും ഇല്ല.

ഡേറ്റ ഖനനം, സ്വകാര്യത ഒരു അവകാശമായി സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയുടെ നഗ്നമായ ലംഘനവുമാണ്. എന്നാല്‍, ഭാവിയില്‍ ഒരാളുടെ ഡേറ്റ എടുക്കണമെങ്കില്‍ അയാളുടെ അവകാശം വേണമെന്ന തരത്തില്‍ നിയമം രാജ്യങ്ങള്‍ പാസാക്കിയാല്‍, നിങ്ങള്‍ നിങ്ങളുടെ ഡേറ്റ വില്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു പൈസ തരേണ്ടതായി വന്നേക്കാം. സമൂഹത്തിലുളള നിങ്ങളുടെ നില, ധനസ്ഥിതി എന്നിവയെ ആശ്രയിച്ചായിരിക്കും എത്ര പൈസ എന്നകാര്യം നിര്‍ണ്ണയിക്കപ്പെടുക.

ഡേറ്റ വില്‍പന പ്രായോഗികമോ? 

ഫെയ്‌സ്ബുക് വരുന്നത് 2004ല്‍ ആണ്. (അന്ന് ഡേറ്റ ഖനന സാധ്യത സക്കര്‍ബര്‍ഗിന്റെ മനസ്സില്‍ ഉണ്ടായിരിക്കണമെന്നില്ല.) എന്നാല്‍, തന്റെ സൈറ്റില്‍ ഉപയോക്താക്കള്‍ വന്നു മദിച്ചു തുടങ്ങിയപ്പോള്‍ വിളഞ്ഞ, സ്വകാര്യ ഡേറ്റ പാടങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി അദ്ദേഹത്തിനു മനസ്സിലാകുകയും അവ ശേഖരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നിരിക്കണം. എന്നാല്‍, ഫെയ്‌സ്ബുക് തുടങ്ങുന്നതിന് നാലു വര്‍ഷം മുൻപ് ക്രിസ് ഡൗണ്‍സ് (Chris Downs) എന്ന വ്യക്തി തന്റെ ഡേറ്റ ഇബേയില്‍ വില്‍പ്പനയ്ക്കു വച്ചു. 800 പേജുകളുള്ള ഈ ഡേറ്റ വിറ്റു പോയത് 150 പൗണ്ടിനാണ്. പിന്നീട്, 2014ല്‍ ഹോളണ്ടില്‍ നിന്നുള്ള വിദ്യാര്‍ഥി ഷോണ്‍ ബക്ക്ള്‍സ് (Shown Buckles) തന്റെ ഡേറ്റയും വില്‍ക്കാന്‍ വയ്ക്കുകയും അത് 350 യൂറോയ്ക്കു വിറ്റു പോകുകയും ചെയ്തു. ബക്ക്ള്‍സിന്റെ ഡേറ്റയില്‍ തന്റെ പൂര്‍ണ്ണമായ ബ്രൗസിങ് ചരിത്രവും ഇമെയ്ല്‍ ഇടപെടലുകളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, സ്വയം ഡേറ്റ വില്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് കാര്യമായ വില കിട്ടില്ലെന്നു തന്നെയാണ് പറയുന്നത്. പ്രായം, താമസസ്ഥലം തുടങ്ങിയ പ്രാഥമിക വിവരങ്ങളടങ്ങിയ ഡേറ്റയ്ക്ക് ആരും കാര്യമായി വിലയിടുന്നില്ല. ആയിരക്കണക്കിന് ആളുകളുടെ ഇത്തരം ഡേറ്റയ്ക്ക് അമ്പതു രൂപ ആരെങ്കിലും വിലയിട്ടെങ്കിലായി. ബാങ്ക് അക്കൗണ്ട്, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, വില്‍ക്കല്‍ വാങ്ങലുകള്‍, ചികിത്സാ ചിലവുകള്‍ തുടങ്ങിയവയും തുറന്നു കാട്ടിയാലും വില അധികമായി ഉയരുന്നില്ല. വമ്പന്‍ കമ്പനികള്‍ക്കും വ്യക്തകള്‍ക്കും ഇടനിലക്കരായി അമേരിക്കയില്‍ അവതരിച്ച ഡേറ്റാകൂപ്, ഡിജിഡോട്മി ഡേറ്റാവോലറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. കാരണം വേണ്ട ഡേറ്റ എല്ലാം കൃത്യമായി ശേഖരിക്കുന്ന കമ്പനികളില്‍ നിന്ന് സംഭരിക്കുകയാണ് ബിസിനസുകാര്‍ക്കു സൗകര്യം.

എങ്ങനെ നിങ്ങളുടെ സ്വകാര്യ ഡേറ്റ ശേഖരിക്കാം?

ഇപ്പോഴത്തെ നിലയില്‍ സ്വന്തം ഡേറ്റ ശേഖരിക്കുന്നതു കൊണ്ട് വലിയ ഗുണമില്ല എന്നു കണ്ടല്ലോ. ഓരോ രാജ്യവും തങ്ങളുടെ പൗരന്മാരുടെ ഡേറ്റ അവരുടെ അനുവാദമില്ലാതെ എടുക്കാന്‍ പാടില്ല എന്നനുശാസിക്കുകയും, നിയമം പാലിക്കപ്പെടുന്നു എന്നുറപ്പു വരുത്തുകയും ചെയ്താല്‍ കാര്യങ്ങള്‍ക്കു മാറ്റം വരാം. ഇപ്പോള്‍ സ്വന്തം ഡേറ്റ ശേഖരിക്കാനുള്ള അധ്വാനവും, ചിലവും വലുതാണ്. ടിബി (TB) കണക്കിനു ഡേറ്റയാണ് ശേഖരിക്കേണ്ടതായി വരുന്നത്. കൂടാതെ, ഇത് മറ്റാരുടെയെങ്കിലും കൈയ്യില്‍ ചെന്നെത്താനുള്ള സാധ്യതയും ഉണ്ട്. 

നിലവില്‍, ഇത്തരം ഡേറ്റയ്ക്ക് ഒരു വിപണിയും ഇല്ല. (എങ്ങനെ ഉണ്ടാകും. എല്ലാം, ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും കയ്യില്‍ ഉണ്ടല്ലൊ.) എന്നാല്‍, സുതാര്യവും, ന്യയ വില നിശ്ചയിക്കുന്നതുമായ ഒരു മാര്‍ക്കറ്റ് ചിലപ്പോള്‍ ഉയര്‍ന്നു വന്നേക്കാം. അവിടെ പോയി സ്വന്തം ഡേറ്റ ലേലം വിളിച്ചു വില്‍ക്കാന്‍ സാധിക്കുന്ന ഒരു കാലം ചിലപ്പോള്‍ സംജാതമായേക്കാം. ഇതിന് ധാരാളം ആവശ്യക്കാരുണ്ടാകുകയും വില്‍പ്പനയ്‌ക്കെത്തുന്നവര്‍ തമ്മില്‍ ഒരു ഒരുമ ഉണ്ടാകുകയും ചെയ്യണം. ഇത്തരം ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട്. കാരാണം ഓരോ സെക്കന്‍ഡിലും ഡേറ്റ വ്യാപാരം തകൃതിയായി നടക്കുന്നു. മൂന്നാം കക്ഷികള്‍, നമ്മളറിയാതെ നമ്മളെ വിറ്റ് കാശാക്കുന്നു. 

ഓരോരുത്തരുടെയും മനസ്സറിയാനുള്ള പ്രൊഫൈലുകള്‍ ഫെയ്‌സ്ബുക്കും മറ്റും നല്‍കും. ഇപ്പോള്‍ വന്‍ നഗരങ്ങളിലെങ്കിലും പുതിയ കാറു വാങ്ങാന്‍ പോകുന്ന ആളുകളുടെ പ്രൊഫൈലുകള്‍ വ്യാപാരികളുടെ കയ്യില്‍ എത്തുന്നുണ്ടായിരിക്കാം. ഉപയോക്താവ് കാറു വാങ്ങാനെത്തുന്ന റീട്ടെയിൽ വ്യാപാരി, അയാളുടെ മനസ്സു വായിച്ചിട്ടായിരിക്കാം ഇരിക്കുന്നത്. ഇതിനായി ഉപയോക്താവു നടത്തിയ ഇന്റര്‍നെറ്റ് ഗവേഷണമടക്കമുള്ള കാര്യങ്ങള്‍ അവരുടെ കയ്യിലുണ്ടായിരിക്കാം.

ഡേറ്റ വിളവെടുപ്പുകാര്‍ക്ക് ഇതിനായി വന്‍ സജ്ജീകരണങ്ങളാണ് ഉള്ളത്. ശേഖരിക്കുകയും അവലോകനം ചെയ്യുകയും വില്‍ക്കുകയും ചെയ്യാന്‍ അവര്‍ക്ക് സെക്കന്‍ഡുകള്‍ മതി. യൂറോപ്പിലെ പുതിയ ഡേറ്റ നിയമം നിലവില്‍ വരുന്നതിനു മുൻപ്, 150 കോടി അക്കൗണ്ടുകളിലെ ഡേറ്റയാണ് ഫെയ്‌സ്ബുക്ക് തങ്ങളുടെ സുരക്ഷിത സെര്‍വറുകളിലേക്കു മാറ്റിയത്. ഫെയ്‌സ്ബുക്കിന്റെയും മറ്റും പ്രവര്‍ത്തികളിലെ ധാര്‍മ്മികതയും നിയമപരതയും പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സും ഇപ്പോഴത്തെ മേധാവി ടിം കുക്കും അടക്കമുള്ളവര്‍ ഈ കാര്യങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍, എന്തോ ആളുകള്‍ ഇതൊന്നും കൂസാതെ ഇത്തരം വെബ്‌സൈറ്റുകളില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഒന്നു സമ്മതിക്കണം. വ്യക്തികളെന്ന നിലയില്‍ നമ്മുടെ ഡേറ്റ തന്നെ പ്രൊസസു ചയ്യാന്‍ ശ്രമിച്ചാല്‍ അതിന് ഫെയ്‌സ്ബുക് ശുദ്ധി ചെയ്‌തെടുക്കുന്ന തരം പൂര്‍ണ്ണത കൈവരുത്താനാകില്ല. എന്നാല്‍, നിയമപരമല്ലാത്ത ഈ പ്രവര്‍ത്തികളില്‍ നിന്ന്, കുത്തക കമ്പനികളുടെ പിടി വിടുവിക്കാന്‍ രാജ്യങ്ങള്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ പ്രൊസസിങ് സോഫ്റ്റ്‌വെയറുകള്‍ മാര്‍ക്കറ്റില്‍ എത്തുന്ന കാലവും വിദൂരമായിരിക്കില്ല.

കൂടുതല്‍ നല്ല മാര്‍ഗ്ഗം

ഡേറ്റാ വില്‍ക്കാന്‍ നല്ല മാര്‍ഗ്ഗം, ഒരു പക്ഷേ, നമ്മുടെ ഡേറ്റ എടുക്കാന്‍ വമ്പന്‍ കമ്പനികള്‍ക്ക് അനുവദം കൊടുക്കുക എന്നതാണ്. കമ്പനികള്‍ അതിന് നമുക്കു പൈസ തരികയും ചെയ്യുന്നു. നിങ്ങളുടെ അനുവാദത്തോടെ ശേഖരിക്കുന്ന ഡേറ്റയ്ക്ക് അവര്‍ മറിച്ചു വില്‍ക്കുമ്പോള്‍ വിലയും കൂടാം. ഇപ്പോള്‍ത്തന്നെ, ഡേറ്റ ശേഖരണവും വില്‍പനയും ലോകത്തെ ഏറ്റവും വലിയ ബിസിനസുകളില്‍ ഒന്നാണ്. കാര്യമായി 'മെയ്യനങ്ങാതെ' നിര്‍വ്വഹിക്കാം എന്നതും, ഇതുവരെ ആര്‍ക്കും തന്നെ ഇതിന്റെ ഉള്ളുകള്ളികള്‍ മനസ്സിലായി തുടങ്ങിയിട്ടില്ല എന്നതും നിലിവിലുള്ള വമ്പന്‍ കമ്പനികള്‍ക്ക് ഗുണകരമാണ്. 

തന്റെ ഡേറ്റ എടുക്കാന്‍ അനുവദിക്കുന്ന ഉപയോക്താവിന്റെ സമ്മതപത്രം നിയമപരമാക്കുയും വേണം. വിവിധ തരം ഗവേഷണങ്ങള്‍ക്ക് ഓരോരുത്തരില്‍ നിന്നും അവരറിയാതെ ചോര്‍ത്തുന്ന ഡേറ്റ ഉപയോഗിക്കപ്പെടുന്നുണ്ട്. സിം ഇല്ലാതെ കൊണ്ടുനടക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ പോലും നിങ്ങളുടെ യാത്രകള്‍ രേഖപ്പെടുത്തുകയും അത് എപ്പോള്‍ ഇന്റര്‍നെറ്റുമായി കണക്ടു ചെയ്യുന്നുവോ അപ്പോള്‍ ഡേറ്റ ഗൂഗിളിന്റെ സെര്‍വറുകളിലേക്ക് അയക്കുന്നുവെന്നും മുൻപു കണ്ടിരുന്നല്ലൊ. എന്നാല്‍, ആളുകളുടെ അറിവോടെ, ബിസിനസ് ആവശ്യങ്ങള്‍ക്കും, മനുഷ്യരാശിയുടെ മൊത്തം ഗുണത്തിനായും ഡേറ്റ ഉപയോഗിക്കപ്പെടുന്നുവെന്നും അതില്‍നിന്ന് വ്യക്തികള്‍ക്ക് പൈസ ലഭിക്കുന്നും ഉണ്ടെങ്കില്‍ ഒരു പക്ഷേ ഓരോരുത്തരും ഇത്തരം കാര്യങ്ങള്‍ പരിഗണിക്കണം. ഇത് ആരോഗ്യകരമായ ഒരു ഡേറ്റാ മാര്‍ക്കറ്റ് സൃഷ്ടിച്ചേക്കാം. 

ഡേറ്റ വിളവെടുപ്പിലൂടെ കാശുകാരായ കമ്പനികള്‍ ഒരിക്കലും അതു നിർത്താന്‍ സാധ്യതയില്ല. എന്നാല്‍, നമ്മളുടെ സമ്മതത്തൊടെ നമ്മളുടെ ചെയ്തികള്‍ ഒളിഞ്ഞു നോക്കുന്ന ഒരു കാലം സ്വപ്‌നം കാണേണ്ടതാണ്. മണ്‍മറഞ്ഞ കാലത്ത് കുടില്‍കെട്ടി കഴിയുന്ന രാഷ്ട്രീയക്കാരാണ് പല രാജ്യങ്ങളുടെയും പ്രശ്‌നം. 'വ്യക്തി ഡേറ്റയാണ് പുതിയ ക്രൂഡ് ഓയില്‍'' എന്ന് വളരെ മുൻപെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉളളടത്തോളം കാലം ഡേറ്റ ചോർച്ച നടക്കും. സാങ്കേതികവിദ്യാവബോധമുള്ള രാഷ്ട്രീയക്കാരും മറ്റും രംഗപ്രവേശനം ചെയ്യുകയാണെങ്കല്‍ നാളെ നിങ്ങളുടെ ഡേറ്റയില്‍ നിന്ന് നിങ്ങള്‍ക്കു വരുമാനം ലഭിക്കുന്ന കാലം വരാം!