ലോകത്ത് ഏറ്റവും ഉപയോക്താക്കളുള്ള സോഷ്യൽ നെറ്റ്‌വർക്ക് ഫെയ്സ്ബുക് അടിയന്തരമായി വൻ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്നു. ഫെയ്സ്ബുക്കിലെ വ്യാജ പോസ്റ്റുകളും വൈകാരിക വൈറൽ പോസ്റ്റുകളും നീക്കം ചെയ്യുമെന്നാണ് മേധാവി മാർക് സക്കർബർഗ് അറിയിച്ചിരിക്കുന്നത്.
മിക്ക രാജ്യങ്ങളിലെയും നിരവധി പ്രശ്നങ്ങൾക്ക് പിന്നിൽ ഫെയ്സ്ബുക്കിലെ വ്യാജ, വൈകാരിക പോസ്റ്റുകളാണെന്നാണ് ആരോപണം. ആരോപണങ്ങൾ വ്യാപകമായതോടെ രണ്ടും കൽപ്പിച്ച് വെട്ടിനിരത്തലിനൊരുങ്ങുകയാണ് ഫെയ്സ്ബുക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പോസ്റ്റുകൾ നിരീക്ഷിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നാണ് അറിയുന്നത്.
പ്രശ്നം സൃഷ്ടിക്കുന്നുവെന്ന് തോന്നുന്ന വൈറല്‍ പോസ്റ്റുകള്‍ നിയന്ത്രിക്കും. ഫെയ്സ്ബുക് ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ വൻ മാറ്റങ്ങൾ വരുത്തുമെന്നാണ് സക്കര്‍ബര്‍ഗ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള ചില രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. ഇതെല്ലാം മുൻകൂട്ടികണ്ട് വ്യാജൻമാരെ പുറത്താക്കാൻ തന്നെയാണ് ഫെയ്സ്ബുക് തീരുമാനം.
ഫെയ്സ്ബുക്കിലെ വൈകാരികമായ, വ്യാജ പോസ്റ്റുകളാണ് കൂടുതല്‍ പേരിലും എത്തുന്നത്. ഇതില്‍ മിക്കതും ഫെയ്സ്ബുക്കിന്റെ പോസ്റ്റ് നിയമാവലികൾക്കെതിരാണ്. ഇത്തരം വൈറൽ പോസ്റ്റുകളുടെ പ്രചാരം കുറക്കാനാണ് തീരുമാനമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.