സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളികൾക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ സർവീസിലെ പ്രശ്നം കണ്ടെത്തിയ കണ്ണൂർ ആലക്കോട് സ്വദേശി ജാക്ക്സൺ കെ.വിയ്ക്കും തലശ്ശേരി മാഹി സ്വദേശി വൈഷ്ണവ് എൻ.കെയ്ക്കുമാണ് അംഗീകാരം ലഭിച്ചത്. ഗൂഗിൾ സർവീസിലെ ക്രോസ് സൈറ്റ് സ്ക്രിപ്റ്റിങ്ങിലെ ബഗാണ് ഇരുപത്തിയൊന്നുകാരനായ ജാക്ക്സൺ കണ്ടെത്തിയത്. മറ്റു ഐഡികൾ ഉപയോഗിച്ച്, പിന്‍വാതില്‍ വഴി കണ്ടന്റുകൾ പോസ്റ്റ് ചെയ്യാമെന്ന കണ്ടെത്തലാണ് (Bypassing Authorization to post contents behalf of other user ID) ഇരുപത്തിമൂന്നുകാരനായ വൈഷ്ണവ് നടത്തിയത്
പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് ജാക്ക്സനും വൈഷ്ണവും ഇടം നേടിയിരിക്കുന്നത്.
ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്.
തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്. ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ജാക്ക്സന്റെയും വൈഷ്ണവിന്റെയും സ്ഥാനം 5–ാം പേജിലാണ്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകും മുൻപെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഗൂഗിൾ രീതി.
മൂവാറ്റുപുഴ വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ മൂന്നാം വർഷ വിദ്യാർഥിയാണ് ജാക്ക്സൺ. എച്ച്ടിഎൽ, സിഎസ്എസ്, ജാവസ്ക്രിപ്റ്റ് എന്നിവ പഠിച്ചിട്ടുണ്ട്. സോണി, ആമസോൺ വെബ് സര്‍വീസ്, ലൈഫോമിക് എന്നിവയിൽ നിന്നും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സൈബർ സെക്യൂരിറ്റി അനലിസ്റ്റായ വൈഷ്ണവിനും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അഡോബി, എടി ആൻഡ് ടി, സോണി, മൈക്രോസോഫ്റ്റ്, ഡെൽ തുടങ്ങി മുപ്പതോളെ കമ്പനികളുടെ ഹാള്‍ ഓഫ് ഫെയിം അംഗീകാരങ്ങൾ വൈഷ്ണവിന് ലഭിച്ചിട്ടുണ്ട്.