Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം കീഴടക്കിയ ഇന്ത്യയ്ക്കാരെ ചൈനയ്ക്ക് ഭയം? നാളെ എന്തും സംഭവിക്കാം

china-india

ഗൂഗിളിന്റെ വാലില്‍ തൂങ്ങുന്ന മറ്റു രാജ്യങ്ങളെ പോലയല്ലാതെ, ചൈനയ്ക്കു സ്വന്തമായി ഒരു സേര്‍ച് എൻജിന്‍ ഉണ്ട്- ബായിഡു. വെബ്‌സൈറ്റുകളുടെ ട്രാഫിക്കിന്റെ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനമാണ് ബായിഡുവിന്. ഗൂഗിളിനു കിട്ടേണ്ട ട്രാഫിക്കാണ് അവര്‍ പിടിച്ചെടുത്തിരിക്കുന്നത്. ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാവായ ഷവോമി, ആപ്പിളിനെയും ഗൂഗിളിനെയും മറികടക്കാനുള്ള ശക്തിയായി വളരുകയാണെന്നാണ് വിദഗ്ധരുടെ പ്രവചനം. ചൈനയുടെ സ്വന്തം ഓണ്‍ലൈന്‍ വ്യാപരാ ശൃംഘലയായ ആലിബാബയുടെ വിജയം തൃസിപ്പിക്കുന്നതാണ്. 

വാവെയ്‌യുടെ സ്മാര്‍ട് ഫോണ്‍ നിര്‍മാണ മികവിനു മുൻപിലും ലോകം തല കുനിക്കുന്നു. എണ്ണിയെണ്ണിപ്പറയാന്‍ വിജയങ്ങളേറെയുണ്ട് ചൈനയ്ക്ക്. ഇതൊന്നും പോരെങ്കില്‍, ലോകത്തെ എല്ലാ കണ്‍സ്യൂമര്‍ യന്ത്ര നിര്‍മാതാക്കളും ചൈനയുടെ മണ്ണില്‍ നിന്നാണ് ഉൽപാദനം. ഇങ്ങനെ എന്തുമാത്രം വേണമെങ്കിലും ചൈനീസ് പ്രാധാന്യത്തെപ്പറ്റി പറഞ്ഞു പോകാം. ഈ ചൈനീസ് വിജയഗാഥയ്ക്കുമുന്നില്‍ എടുത്തു വയ്ക്കാന്‍ ഇന്ത്യയുടെ കൈയ്യില്‍ ഒന്നുമില്ല എന്നു പറയേണ്ടിവരികയും ചെയ്യും. അങ്ങനെയുള്ള ചൈനയ്ക്ക് ഒരു കാര്യത്തില്‍ ഇന്ത്യയോട് അസൂയയുണ്ട്. കാരണമിതാണ്- ലോകത്തെ പല മികച്ച കമ്പനികളുടെയും തലപ്പത്ത് ഇന്ത്യയ്ക്കാരാണ് എന്നതാണ് ചൈനയ്ക്ക് വിഷമമുണ്ടാക്കുന്ന സംഗതി. എന്തുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് അവര്‍ പഠിച്ചു വരികയാണെന്നാണ് പറയുന്നത്. വമ്പന്‍ കമ്പനികളുടെ മേധാവികള്‍ ഇന്ത്യന്‍ വംശജരാണെങ്കില്‍ത്തന്നെ ചൈന എന്തിനു വിഷമിക്കണം? എന്താണ് ചൈനയുടെ പഠന റിപ്പോര്‍ട്ട്?

അമേരിക്കന്‍ കമ്പനികളുടെ തലപ്പത്തുള്ള ചില ഇന്ത്യയ്ക്കാര്‍

തമിഴ്‌നാട്ടില്‍ പിറന്ന സുന്ദര്‍ പിച്ചൈ 2015ല്‍ ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റു. തെലങ്കാനയില്‍ (പഴയ ആന്ധ്രാപ്രദേശ്) ജനിച്ച സുന്ദര്‍ സത്യ നഡേലയാണ് മൈക്രോസോഫ്റ്റിന്റെ മേധാവി. തെലങ്കാനയില്‍ നിന്നു തന്നെയുള്ള എസ്. നാരായെന്‍ ആണ് അഡോബിയുടെ തലവന്‍. സാന്‍ഡിസ്‌ക് പ്രസിഡന്റ് സഞ്ജയ് മെഹ്രോത്ര, ഗ്ലോബല്‍ ഫൗണ്ട്രീസ് (Global Foundries) മേധാവി സഞ്ജയ് ഝാ, ഗോഗ്നിസന്റിന്റെ തലവന്‍ ഫ്രാന്‍സിസ്‌കോ ഡിസൂസ, സെറോക്‌സ് മേധാവി അശോക് വെമുറി അങ്ങനെ ആ പട്ടിക നീളും. ഇതു വച്ചു നോക്കുമ്പോള്‍ അമേരിക്കന്‍ കമ്പനികളില്‍ ചൈനീസ് മേധാവിത്തം കുറവാണ്. ചൈനക്കാരോട് എന്തിനാണ് ഈ വേര്‍തിരിവു കാണിക്കുന്നത്? ഇതാണ് ചൈനയെ അസൂയാലുവാക്കുന്ന കാര്യം. ഇന്ത്യന്‍ വംശജരായ മേധാവികള്‍ ആയാല്‍ത്തന്നെ അതില്‍ വിഷമിക്കാന്‍ എന്തിരിക്കുന്നുവെന്നു വേണമെങ്കില്‍ ചോദിക്കാം. എന്നാല്‍, വേര്‍തിരിവിനെക്കുറിച്ചു ചൈന നടത്തുന്ന പഠനത്തിലെ ചില കണ്ടെത്തലുകള്‍ ആദ്യം നോക്കാം:

ചൈനക്കാരെ അപേക്ഷിച്ച് ഭാഷാപരമായ മികവാണ് ഇന്ത്യക്കാരെ ഉയര്‍ത്തുന്ന ഒരു കാര്യം. തുടര്‍ന്ന് വ്യത്യസ്ഥ സംസ്‌കാരങ്ങളുമായി ഒത്തു പോകാനുള്ള അവരുടെ കഴിവും എടുത്തു കാണിക്കുന്നു. അമേരിക്കയില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ഥികള്‍ കോഴ്‌സ് കഴിയുമ്പോള്‍ ചൈനയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നതും ചൈനയുടെ മോഹങ്ങള്‍ക്കു തടയിടുന്നു.

മികവു തെളിയിച്ച ഇന്ത്യക്കാര്‍ പലരും എൻജിനീയര്‍മാരായി തുടങ്ങിയവരാണെങ്കിലും തുടര്‍ന്ന് കമ്പനികളില്‍ ഭരണനിര്‍വ്വഹണ റോളുകള്‍ ഏറ്റെടുത്തിരിക്കുന്നതു കാണാം. ഇത്തരം പല കമ്പനികളില്‍ മാറിമാറി ജോലി ചെയ്യാനായാല്‍ ബിസിനസിന്റെ വിവിധ വശങ്ങള്‍ സ്വായത്തമാക്കാം. ഇതാണ് മിക്ക ഇന്ത്യക്കാരുടെയും വിജയപാത എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പിച്ചൈയുടെ കാര്യം തന്നെയെടുക്കാം. അദ്ദേഹം 2004ല്‍ ഗൂഗിളിന്‍ പ്രൊഡക്ട് മാനേജ്‌മെന്റിന്റെ വൈസ് പ്രസിഡന്റ് ആയിട്ടാണ് ചേരുന്നത്. പിച്ചൈ എൻജിനീയറിങ് പ്രൊഡക്ട് മാനേജ്‌മെന്റ് എന്നീ രണ്ടു വിഭാഗത്തിലും തന്റെ മുന്‍ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ചൈനീസ് ജോലിക്കാര്‍ എൻജിനീയറിങ് പാതയിലൂടെ മാത്രം സഞ്ചരിക്കുകയും ഭരണനിര്‍വ്വഹണ തസ്തികകളില്‍ എത്താതിരിക്കുകയും ചെയ്യുന്നുവെന്നാണ് ചൈന കണ്ടെത്തിയിരിക്കുന്ന ഒരു കാര്യം.

ഇന്ത്യക്കാരുടെ വിദ്യാഭ്യാസ മികവു കൂടാതെ അവര്‍ പല സാഹചര്യങ്ങള്‍ക്കും ഒത്തു തങ്ങളുടെ ജീവിതം ക്രമീകരിക്കാനൊരുങ്ങുകയും, നായക സ്ഥാനത്തെക്ക് എത്തുകയും ചെയ്യുന്നു എന്നതാണ്. ഇതു കൂടാതെയാണ് ഇന്ത്യയിലെ മിടുക്കരെ കണ്ടെത്താന്‍ അമേരിക്കന്‍ കമ്പനികള്‍ നടത്തുന്ന ശ്രമം. വിദേശ കമ്പനികള്‍, ഇന്ത്യയില്‍ ഔട്ട്‌സോഴ്‌സിങ് സെന്ററുകളും ഗവേഷണ ശാലകളും സ്ഥാപിക്കാന്‍ മുന്നോട്ടു വരുന്നു. ഇതും ഇന്ത്യയിലെ മിടുക്കരെ പാകപ്പെടുത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ റീസേര്‍ച് ആന്‍ഡ് ഡിവലപ്പ്‌മെന്റിനായി അമേരിക്കന്‍ കമ്പനികള്‍ ചൈനയെ അപേക്ഷിച്ച് മൂന്നിരട്ടിയോളം പണം ചിലവഴിക്കുന്നു എന്നുമാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍, ചൈനയുടെ കണ്ടെത്തലില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമായിരിക്കുമോ ഇന്ത്യക്കാരോട് പക്ഷപാതം കാണിക്കാന്‍ കാരണം? ചൈന, അമേരിക്കയോടു നേരിട്ടു മത്സരിക്കുന്ന രാജ്യമാണ് എന്നു കാണാം. വാവെയ് ഫോണുകളടക്കം പല ചൈനീസ് കമ്പനികളോടും 'കടക്കു പുറത്ത്' എന്ന് അമേരിക്ക പറഞ്ഞത് ഓര്‍ക്കുമല്ലൊ. ചൈനക്കാരോട് സഹജമായ ഒരു അവിശ്വാസം അമേരിക്കയില്‍ നിലനില്‍ക്കുന്നുവെന്നു വേണം കരുതാന്‍. 

india-china

കുറച്ചു കാലം മുൻപു കേട്ട ഒരു വിലയിരുത്തല്‍ പ്രകാരം, ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ മനസുവച്ചിരുന്നെങ്കില്‍ ചൈനയില്‍ അമേരിക്കന്‍ കമ്പനികള്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇന്ത്യയിലേക്കു കൊണ്ടുവരാമായിരുന്നു എന്നാണ്. പക്ഷേ, ഒരു കണക്കിന് അതു വരാതിരുന്നതും നന്നായി. ചൈനയുടെ ഭൂപ്രകൃതിയെ ഇവെയ്സ്റ്റ് കാര്യമായി ബാധിച്ചു കഴിഞ്ഞുവെന്നും വാര്‍ത്തകളുണ്ട്. 

ഇന്ത്യയ്ക്കാര്‍ കമ്പനികളുടെ തലപ്പത്തു വന്നാല്‍ എന്താണു ചൈനയ്ക്കു പ്രശ്‌നമെന്നും നോക്കാം. ചൈനയുടെ വിലയിരുത്തല്‍ പ്രകാരം, ഭാവിയില്‍ ഒരു പ്രതിസന്ധി ഘട്ടം രൂപപ്പെട്ടാല്‍ ഈ ഇന്ത്യന്‍ മാനേജര്‍മാരെല്ലാം ഇന്ത്യയോട് ഒരു മൃദു സമീപനം കാണിച്ചേക്കാമെന്നതാണ് അവര്‍ക്ക് വിഷമമുണ്ടാക്കുന്നത്. അതായത് നാളെ എന്തെങ്കിലും ആവശ്യം വന്നാൽ ഈ ടെക്കികളെല്ലാം ഇന്ത്യയെ രഹസ്യമായി സഹായിക്കുമെന്ന് ചൈനയ്ക്ക് ഉറപ്പാണ്. നിർമിത ബുദ്ധിയിൽ പോലും ഗൂഗിളിലും മൈക്രോസോഫ്റ്റും ഇന്ത്യയെ സഹായിച്ചേക്കും. അങ്ങനെ വന്നാൽ പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റം നടത്താനാകും. ചൈനയോളം വലിയ മിലിറ്ററി സൂപ്പര്‍ പവര്‍ അല്ലെങ്കിലും, ഇന്ത്യയുടെ കൈയ്യില്‍ ചിലു തുരുപ്പു ചീട്ടുകള്‍ കണ്ടേക്കാമെന്നാണ് അവര്‍ കരുതുന്നത്.

related stories