മലയാളി വിദ്യാർഥിയ്ക്ക് ഫെയ്സ്ബുക് ഹാൾ ഓഫ് ഫെയിം അംഗീകാരം

സോഷ്യൽമീഡിയ നെറ്റ്‌വർക്ക് കമ്പനി, ഫെയ്സ്ബുക്കിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഫെയ്സ്ബുക്കിന്റെ ഇന്റേണൽ സെർവറിലെ തകരാർ കണ്ടെത്തിയ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അഭിഷേക് സിദ്ധാർഥിനാണ് അംഗീകാരം ലഭിച്ചത്. അഭിഷേക് ഗൂഗിൾ, സോണി, മൈക്രോസോഫ്റ്റ്, റെഡ്ഹാറ്റ് തുടങ്ങിയ കമ്പനികളുടെയും അംഗീകാരം നേടിയിട്ടുണ്ട്.

ഫെയ്സ്ബുക്കിന്റെ ഈ അംഗീകാരം നേടുന്ന പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് പതിനെട്ടുകാരൻ അഭിഷേക്. നിരവധി ബഗ്ഗുകൾ കണ്ടെത്തി കമ്പനികളെ അറിയിച്ച് പ്രശ്നം പരിഹരിക്കുന്നത് അഭിഷേകിന്റെ ഹോബിയാണ്. പ്രധാന ഡൊമെയിനുകളിലെ പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഫെയ്സ്ബുക് ഹാൾ ഫെയിം അംഗീകാരം നൽകുന്നത്.

ഫെയ്സ്ബുക്കിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് അഭിഷേകും ഇടം നേടിയിരിക്കുന്നത്. സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഫെയ്സ്ബുക് വൈറ്റ്‌ഹാറ്റ് പ്രോഗ്രാം (Facebook Whitehat Program) എന്നാണ് ഇതിനെ വിളിക്കുന്നത്.

ഫെയ്സ്ബുക്കിന്റെ ഇന്റേണൽ സെർവറിൽ റേറ്റ് ലിമിറ്റിങ് ഉപയോഗിച്ചിരുന്നില്ല (Ratelimiting was missing) എന്ന പിഴവാണ് അഭിഷേക് കണ്ടെത്തിയത്. ഒരു ഹാക്കർക്ക് ഈ ബഗ്ഗ് വഴി ബ്രൂട്ട് ഫോഴ്സ് അറ്റാക്കുകൾ ( ഒരു പ്രൊഫൈൽ ലോഗിൻ ചെയ്യാൻ എത്ര തവണ വേണമെങ്കിലും പാസ്‌വേഡുകൾ പരീക്ഷിച്ചു നോക്കാം, സോഫ്റ്റ്‌വയറുകളുടെ സഹായത്തോടെയും പാസ്‌വേഡുകൾ ഉപയോഗിച്ച് ഹാക്കിങ് ശ്രമം നടത്താം. ശരിയായ പാസ്‌വേഡ് കിട്ടുന്നത് വരെ ഈ ശ്രമം തുടരാമായിരുന്നു) നടത്താൻ സാധിക്കുമായിരുന്നു.

തെറ്റു കണ്ടെത്തുന്നവർക്ക് ഫെയ്സ്ബുക് പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകിയതിനും ശേഷം ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഫെയ്സ്ബുക്കിന്റെ രീതി.

നേരത്തെ ഗൂഗിളിന്റെ തെറ്റു തിരുത്തി ഗൂഗിൾ ഹാൾ ഓഫ് ഫെയിമിന്റെ ആദ്യ പേജിൽ തന്നെ അഭിഷേക് ഇടം നേടിയിരുന്നു. മൈക്രോസോഫ്റ്റ്, റെഡ്ഹാറ്റ്, സോണി, സ്കോട്‌ലാൻഡ് റോയൽ ബാങ്ക്, ഏലിയന്‍വോൾട്ട്, ഡി നെതർലൻഡ് ബാങ്ക്, SID, സ്മോക്‌സ്ക്രീൻ എന്നിവയുടെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് കരുനാഗപ്പള്ളിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിയാണ് അഭിഷേക്. അഭിഷേകിന് ചെറുപ്പത്തിലെ വെബ് ഡിസൈൻ, വെബ് ഡവലപ്പിങ് മേഖലയിൽ താൽപര്യമുണ്ടായിരുന്നു. പ്ലസ്‌വണ്ണിന് പഠിക്കുമ്പോഴാണ് എത്തിക്കൽ ഹാക്കിങ്, സൈബർ സെക്യൂരിറ്റി വിഷയങ്ങൾ പഠിക്കാൻ തുടങ്ങിയത്. എത്തിക്കൽ ഹാക്കിങ്ങിന്റെ ബാലപാഠങ്ങളെല്ലാം ഓൺലൈൻ വഴിയാണ് പഠിച്ചത്. കൂടാതെ എത്തിക്കൽ ഹാക്കർമാരുടെ ഗ്രൂപ്പുകളിൽ അംഗമായതോടെ നിരവധി സുഹൃത്തുക്കൾ സഹായിക്കാനെത്തി. സംശയങ്ങൾക്കെല്ലാം അവർ മറുപടി നൽകി സഹായിച്ചെന്നും അഭിഷേക് പറയുന്നു. ഏറെ ഇഷ്ടപ്പെട്ട വിഷയമായതിനാൽ എത്തിക്കൽ ഹാക്കിങ്ങിൽ ലഭിക്കാവുന്ന വിവരങ്ങളെല്ലാം പഠിച്ചെടുത്തു. ഓൺലൈൻ ഗ്രൂപ്പുകളിൽ നിന്നാണ് എത്തിക്കല്‍ ഹാക്കിങ്ങിൽ അഭിഷേകിന് വേണ്ട മാർഗനിർദേശങ്ങൾ ലഭിച്ചത്.

വിദേശത്തു ജോലി ചെയ്യുന്ന അച്ഛൻ സിദ്ധാർഥും അമ്മ ഗിരിജ ദേവിയും അഭിഷേകിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. സെക്യൂരിറ്റി എൻജിനീയറാകണമെന്നതാണ് അഭിഷേകിന്റെ ആഗ്രഹം.