‘ഭീകരർ പ്രയോജനപ്പെടുത്തുന്നത് സുരക്ഷാ പഴുതുകളടച്ച പുതുപുത്തൻ ആശയവിനിമയ സങ്കേതങ്ങളാണ്. അവ ഭേദിക്കുകയെന്നത് രഹസ്യാന്വേഷണ ഏജൻസികൾക്കു മുന്നിലെ കനത്ത വെല്ലുവിളിയും...’ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം തലവൻ ജോൺ ബ്രെനന്റേതാണു വാക്കുകൾ. പക്ഷേ അത്യാധുനിക സൈബർ മേഖലയിൽ ഭീകരർക്കുള്ളത്ര കരുതൽ പോലും സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി) തലവൻ നടത്തുന്നില്ല എന്ന മട്ടിലാണു കാര്യങ്ങൾ. അല്ലെങ്കിൽപ്പിന്നെ വെറുമൊരു പതിനാറുകാരന് ഈ ചാരമേധാവിയുടെ ഇ–മെയിൽ ഹാക്ക് ചെയ്യാനാകുമോ? പ്രതി പിടിയിലായെങ്കിലും പുത്തൻ സൈബർ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിൽ രഹസ്യാന്വേഷണ ഏജൻസികൾ കൂടുതൽ കാര്യക്ഷമമാകണമെന്ന വിധത്തിലാണു ചർച്ചകളിപ്പോൾ പുരോഗമിക്കുന്നത്.
ജോൺ ബ്രെനന്റെയും മറ്റ് അമേരിക്കൻ ഉന്നതോദ്യോഗസ്ഥരുടെയും ഇ മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതിന് കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‌ലാൻഡിൽ പതിനാറുകാരൻ പിടിയിലായത്. പയ്യനെതിരെ ക്രിമിനൽ കുറ്റമാണ് ചാർത്തിയിരിക്കുന്നതെങ്കിലും ജാമ്യത്തിൽ വിട്ടു. കക്ഷിയുടെ കൂടുതൽ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. മാത്രവുമല്ല ഏത് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന വിവരവും നൽകിയിട്ടില്ല.
ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഹാക്കിങ്ങുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണു സൂചന. അന്ന് അമേരിക്കയിൽ 30,000 ഉദ്യോഗസ്ഥരുടെ ഇ–അക്കൗണ്ടുകളാണ് ഹാക്കിങ്ങിനിരയായി. Cracka എന്ന പേരിലറിയപ്പെടുന്ന ഹാക്കറാണ് അതു ചെയ്തതെന്ന് അന്ന് കണ്ടെത്തിയിരുന്നു. ‘Crackas With Attitude’ എന്ന പേരിൽ ഒരു ഗ്രൂപ്പുതന്നെ ഉണ്ടെന്നും ഇവരുടെ ‘തലവൻ’ വ്യക്തമാക്കുകയും ചെയ്തു. പക്ഷേ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ പിടിയിലായ പതിനാറുകാരൻ താനല്ല Cracka എന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബ്രെനന്റെയും വൈറ്റ് ഹൗസ് ജീവനക്കാരുടെയും നീതിന്യായവകുപ്പിന്റെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്തതിനാണ് തനിക്കെതിരെ കേസെടുത്തതെന്നും വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
2015 ഒക്ടോബറിൽ നടന്ന ഹാക്കിങ്ങിനു പിന്നിൽ നാല് ഹൈസ്കൂൾ വിദ്യാർഥികളാണെന്നായിരുന്നു പ്രാഥമിക വിവരം. ഇവരാകട്ടെ വിവരങ്ങൾ തട്ടുക മാത്രമല്ല ഇക്കാര്യം ജോൺ ബ്രെനനെ വിളിച്ചുപറയുകയും ചെയ്തു. ‘എത്ര രൂപ തന്നാൽ ഇത് പുറത്താരുമറിയാതെ തീർക്കാനാകും?’ എന്ന് സിഐഎ തലവൻ തങ്ങളോട് ചോദിച്ചതായും കുട്ടികൾ അന്നു വെളിപ്പെടുത്തി. എന്നാൽ അമേരിക്കയുടെ വിദേശനയങ്ങളോടുള്ള പ്രതിഷേധമെന്ന നിലയിലാണ് ഇത് ചെയ്തതെന്നാണ് ഹാക്കർമാർ വ്യക്തമാക്കിയത്. പലസ്തീന് അമേരിക്ക പിന്തുണ പ്രഖ്യാപിക്കണമെന്നും ഇന്റർനെറ്റ് വഴിയുള്ള ഫോൺകോളിലൂടെ ഇവർ ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനിയായ എഒഎല്ലിന്റെ ഇ–മെയിലായിരുന്നു ബ്രെനൻ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്. ഇതാണ് ഹാക്ക് ചെയ്യപ്പെട്ടത്. പഴ്സനൽ ആണെങ്കിലും ഹാക്കർമാർ ഇതിൽ നിന്ന് പൊക്കിയെടുത്തത് അതീവ രഹസ്യാത്മകമായ ഔദ്യോഗിക വിവരങ്ങളായിരുന്നു. ഇമെയിൽ ആക്സസ് ചെയ്ത് ഒക്ടോബർ 12 മുതൽ മൂന്നു ദിവസം ആരുമറിയാതെ മുഴുവൻ വിവരങ്ങളും പിള്ളേർ അടിച്ചുമാറ്റി. അതിനിടെ മൂന്നുതവണ പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ ബ്രെനൻ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം ഹാക്കർമാർ തകർത്തു. ഒടുവിൽ ഒക്ടോബർ 16ന് എഒഎൽ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യേണ്ടി വന്നു അദ്ദേഹത്തിന്. അതും ഹാക്കിങ് വിവരം പിള്ളേർ ഫോൺ വിളിച്ചറിയിച്ച ശേഷം മാത്രം. തൊട്ടുപിറകെയാണ് Cracka @phphax എന്ന ട്വിറ്റർ അക്കൗണ്ട് വഴി ഹാക്കർമാർ തങ്ങളുടെ കയ്യിലെ രഹസ്യവിവരങ്ങളുടെ സ്ക്രീൻഷോട്ടുകളും മറ്റും പോസ്റ്റ് ചെയ്തത്. ഈ വിവരങ്ങൾ പിന്നീട് വിക്കിലീക്ക്സും പുറത്തുവിട്ടിരുന്നു.